ഇടതുപക്ഷത്തിനെതിരെ ഇഡി കള്ളക്കഥയെഴുതുന്നു: എം എ ബേബി

കോഴിക്കോട്‌: ഇടതുപക്ഷത്തിനെതിരായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കള്ളക്കഥകൾ
എഴുതുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ചരിത്രത്തിൽ
രക്തപങ്കിലമായ കൈയേറ്റങ്ങൾക്ക്‌ കമ്യൂണിസ്റ്റ്‌ പാർടി
വിധേയമായിട്ടുണ്ട്‌. ഇപ്പോൾ പുതിയ കള്ളക്കഥകളുമായാണ്‌ ഇഡി വരുന്നത്‌.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കള്ളക്കഥയെഴുതി ക്ഷീണിപ്പിക്കാമെന്ന്‌ കേന്ദ്ര
ഏജൻസികൾ കരുതരുത്‌. ഇത്‌ എ കെ ജിയുടെയും ഇ എം എസിന്റെയും
മൊയാരത്തിന്റെയും പ്രസ്ഥാനമാണെന്ന്‌ ചൂഷക ഭരണവർഗവും അവർക്ക്‌
ചൂട്ടുപിടിക്കുന്ന വി ഡി സതീശൻ സർക്കാരും മനസ്സിലാക്കണം. സിപിഐ എം
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്‌ സമാപനംകുറിച്ച്‌ കോഴിക്കോട്‌
കടപ്പുറത്ത്‌ നടന്ന മഹാറാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


കമ്യൂണിസ്റ്റ്‌ പാർടി രാജ്യത്തെവിടെയെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിനുള്ള
മറുപടിയാണ്‌ രാജസ്ഥാനിലെ നോഖയിൽ ഉയർന്ന ചെങ്കൊടി. ബിജെപിയുടെ പോക്കറ്റിൽ
കിടന്ന മണ്ഡലത്തിലും അവർ തോറ്റു. ഫാസിസ്റ്റ്‌ സ്വഭാവമുള്ള ആർഎസ്‌എസിനാൽ
നയിക്കുന്ന ബിജെപി സർക്കാരിന്റെ അന്ത്യത്തിന്റെ ആരംഭംകുറിച്ചിരിക്കയാണ്‌.
തൊഴിലാളിവർഗ പ്രസ്ഥാനം തെരഞ്ഞെടുപ്പ്‌ വിജയത്തിൽ മാത്രം അഭിരമിക്കുന്നവരല്ല. നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ പോരാട്ട യാത്ര
നടത്തിയതും ജന്തർ മന്തറിൽ മോദി സർക്കാരിനെ മുട്ടുകുത്തിച്ചതിൽ വലിയ
പങ്കുവഹിച്ചതും ഇടതുപക്ഷമാണ്‌.
പ‍ൗരാവകാശത്തിനുനേരെ മോദി സർക്കാർ കടന്നാക്രമണം നടത്തുകയാണ്‌. വോട്ടർ
പട്ടികയിൽനിന്ന്‌ കോടിക്കണക്കിന്‌ പേരെ വെട്ടിമാറ്റുന്നു. കഴിഞ്ഞ
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ വലിയതോതിൽ പ്രതീതി നിർമാണവും
കള്ളപ്രചാരണവുമുണ്ടായി. ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന കള്ളക്കഥ
പ്രചരിപ്പിച്ചപ്പോൾ വേണ്ടത്ര പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനായില്ല.
പ‍ൗരാവകാശവും വോട്ട്‌ ചെയ്യാനുള്ള അവകാശവും സംരക്ഷിക്കാനുള്ള പോരാട്ടം
ഏറ്റെടുക്കണമെന്നും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടത്തുന്ന
വേട്ടയാടലുകൾക്കെതിരെ പ്രതിരോധം തീർക്കണമെന്നും എം എ ബേബി അഭ്യർഥിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000