വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി; വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍

കോഴിക്കോട്: .വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികൾ പുറത്തു കൊണ്ടുവരാൻ ഏറെ സഹായകമായെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.

സാധാരണ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഉപയോഗിക്കാൻ കഴിയുന്ന നിയമമാണ് വിവരാവകാശ നിയമം. സുതാര്യമാവുക എന്നതാണ് ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജനാധിപത്യത്തിലെ എല്ലാ തരത്തിലുള്ള സംവിധാനങ്ങളെയും ഏർപ്പെടുത്തിയിരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. വിവരങ്ങൾ ജനകീയമാവണം. അതൊരു ഔദാര്യമായി ആരും കണക്കാക്കാൻ പാടില്ല. ഓഫിസുകളിലെ വിവരാവകാശ ബോര്‍ഡുകള്‍, സോഷ്യല്‍ മീഡിയ, ഔദ്യോഗിക വെബ്‌സൈറ്റുകള്‍ എല്ലാം കാലാനുസൃതമായി പരിഷ്‌കരിക്കണം. ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവരസ്രോതസ്സുകളായി മാറണം. ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ള ആനുകൂല്യങ്ങളും മറ്റ് വിവരങ്ങളും ജനങ്ങളിൽ സ്വമേധയാ എത്തിക്കാനുള്ള സംവീധാനങ്ങള്‍ ഓഫീസുകളില്‍ ഉണ്ടാകണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

ഫയലുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ആ ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഫയല്‍ പരിപാലനത്തിന്റെയും രജിസ്റ്ററുകള്‍ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണ്. ഫയല്‍ കാണുന്നില്ല, ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ചില ഉദ്യോഗസ്ഥര്‍ വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കുന്നത്. ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കമ്മീഷണര്‍ പറഞ്ഞു.

വിവരം ലഭിക്കുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അവകാശങ്ങളൊന്നും പിടിച്ചു വാങ്ങേണ്ടതല്ല. ജനങ്ങള്‍ക്ക് എളുപ്പത്തിലും ചെലവുകുറഞ്ഞ രീതിയിലും അവകാശങ്ങള്‍ ഉറപ്പാക്കാനാണ് കമ്മീഷന്‍ പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.  വിവരം കൈമാറുക എന്നത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ മാത്രം ചുമതലയല്ല. ഫയൽ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരിൽനിന്ന് വിവരം ലഭ്യമാക്കി നൽകേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസർക്കാണ്. വിവരം ഉൾക്കൊള്ളുന്ന ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

ജില്ലകളില്‍ വിവരാവകാശ നിയമം സംബന്ധിച്ച് പരിശീലനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണെന്നും പരമാവധി അപ്പീലുകൾ തീർപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്മീഷനെന്നും അഡ്വ. ടി കെ രാമകൃഷ്ണന്‍ അറിയിച്ചു. വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ച 12 പരാതികളും പരിഹരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000