ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ: വിദർശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അഭിനന്ദനം. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് രാജ്യത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ വിദർശയ്ക്ക് ഭാവിയിലും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. തൻ്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ഈ വൻ നേട്ടം രാജ്യത്തിന് സമ്മാനിക്കാൻ ഈ യുവപ്രതിഭയ്ക്ക് സാധിച്ചു. വിദർശ കേരളത്തിൻ്റെ സ്വത്താണ്. സംസ്ഥാനത്തിൻ്റെ എല്ലാം പിന്തുണയും സഹായവും വിദർശയ്ക്ക് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ വിദർശയെ കൃഷിമന്ത്രി ടി സിദ്ദിഖും അഭിനന്ദിച്ചു. വിദർശ അടങ്ങുന്ന ടീം വെള്ളി മെഡൽ കരസ്ഥമാക്കിയത് ചരിത്രത്തിലെ ആദ്യത്തെ മനോഹരമായ സന്ദർഭമാണെന്നും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്നും മന്ത്രി വ്യക്തമാക്കി.
മത്സരങ്ങൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തുന്ന സമയത്ത് അർഹമായ സ്വീകരണം നൽകുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും.
വിദർശയ്ക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളും നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായും കായിക-യുവജനക്ഷേമ മന്ത്രിയുമായും ആലോചിച്ച് തീരുമാനമെടുക്കും. കായിക രംഗത്തേക്ക് കടന്നുവരുന്ന മറ്റ് കുട്ടികൾക്ക് ഈ ചരിത്രനേട്ടം വലിയ പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.