കോഴിക്കോട്: സങ്കീർണ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുട്ടികൾക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് വിഭാഗം സംഘടിപ്പിക്കുന്ന വാവാസ് ഡേ ഔട്ടിൻ്റെ14-ാം പതിപ്പ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രോഗമുക്തി നേടിയ കുട്ടികൾ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ആർട്ട് ബുക്കിന്റെയും, ‘ഡിഎം ഹെൽത്ത്കെയർ മാഗസിൻ്റെയും’ പ്രകാശനം ഗോപിനാഥ് മുതുകാട് നിർവഹിച്ചു.
രോഗാവസ്ഥകളെ അതിജീവിച്ച് ഈ കുരുന്നുകൾ പ്രകടിപ്പിക്കുന്ന ഊർജ്ജവും അവരുടെ മുഖത്തെ പുഞ്ചിരിയുമാണ് യഥാർത്ഥ മാജിക്കെന്നും, കുട്ടികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവർക്ക് പരസ്പരം ഇടപഴകാൻ ഇത്തരം വേദികൾ ഒരുക്കുന്നത് ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ടി.ജെ വിൽസൺ മുഖ്യാതിഥിയായി. കഴിഞ്ഞ 25 വർഷമായി സമൂഹത്തിലെ കുട്ടികൾക്ക് മികച്ച പീഡിയാട്രിക് പരിചരണം നൽകാൻ ഈ വകുപ്പിന് സാധിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ് ആശുപത്രി എന്നും കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കപ്പുറം രോഗികളുമായി ഊഷ്മളമായൊരു ബന്ധം സ്ഥാപിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം വ്യക്തമാക്കി.
പീഡിയാട്രിക് വിഭാഗത്തിന്റെ 25-ാം വാർഷിക വേളയിൽ, ഈ വിഭാഗത്തിലെ മികച്ച സേവനങ്ങളെ മുൻനിർത്തി മുതിർന്ന ഡോക്ടർമാരായ പീഡിയാട്രിക് വിഭാഗം മേധാവി ഡോ.സുരേഷ് കുമാർ ഇ.കെ, ഡോ.കെ.കെ.വർമ്മ, ഡോ.ജൂഡ് ജോസഫ്, ഡോ.സതീഷ് കെ.വി, ഡോ.നാരായണൻ, ഡോ. അക്ബർ ശരീഫ് തുടങ്ങിയ ഡോക്ടർമാരെ ആശുപത്രി മാനേജ്‌മെന്റ് ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
കഴിഞ്ഞ കാൽനൂറ്റാണ്ടായി മലബാർ മേഖലയിലെ കുട്ടികളുടെ ആരോഗ്യപരിരക്ഷയിൽ നിർണായക പങ്കാണ് കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് വിഭാഗം വഹിച്ചുവരുന്നത്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കിക്കൊണ്ട് സമൂഹത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പീഡിയാട്രിക് പരിചരണവും ശസ്ത്രക്രിയാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ഈ വിഭാഗം തങ്ങളുടെ കാൽനൂറ്റാണ്ടിന്റെ പാരമ്പര്യം തുടരുകയാണ്. ചടങ്ങിൽ പീഡിയാട്രിക് വിഭാഗം ഡോക്ടർമാർ, ശസ്ത്രക്രിയകൾക്ക് വിധേയരായ കുട്ടികൾ, അവരുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അതിജീവനത്തിന്റെ മാന്ത്രികച്ചിരി; കുരുന്നുകളുടെ ഒത്തുചേരലായി ‘വാവാസ് ഡേ ഔട്ട്’

