പകര്‍ച്ചവ്യാധി പ്രതിരോധം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം

കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല, പക്ഷിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. വി ആര്‍ ലതിക പകര്‍ച്ചവ്യാധി സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിച്ചു.

ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത പെരുവയല്‍ പഞ്ചായത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഷിഗെല്ലയുമായി ബന്ധപ്പെട്ട് 13 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യപ്രവര്‍ത്തകര്‍ 274 വീടുകള്‍ സന്ദര്‍ശിക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. ഷിഗെല്ല രോഗം ബാധിച്ച് മരിച്ച കുട്ടി പഠിച്ചിരുന്ന അങ്കണവാടി അടച്ചിരിക്കുകയാണെന്നും ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. അങ്കണവാടി ടീച്ചര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും ഷിഗെല്ല സംബന്ധിച്ച് പരിശീലനം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. 

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പക്ഷികളെ കൊല്ലുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. കോഴികള്‍, അലങ്കാര പക്ഷികള്‍ ഉള്‍പ്പെടെ 2,670 പക്ഷികളെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, കുടുംബശ്രീ എന്നിവയുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *