‘കേരളത്തിൽ പകർച്ചവ്യാധിക്ക് അനുകൂല സാഹചര്യം’

കോഴിക്കോട്: കേരളം സൂക്ഷ്മാണുക്കളുടെ വിളനിലമാണെന്നും അനുകൂല ഘടകങ്ങൾ ഒത്തുവന്നാൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാൻ വളരെ എളുപ്പമാണെന്നും ഫിസിഷ്യൻമാരുടെ വാർഷിക മെഡിക്കൽ തുടർവിദ്യാഭ്യാസ പരിപാടിയിൽ ജന്തു ജന്യ രോഗങ്ങളെ കുറിച്ച് നടന്ന ചർച്ചയിൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഇവിടുത്തെ താപം, ഈർപ്പം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങൾ പല തരത്തിലുള്ള വൈറസുകൾക്കും മറ്റു സൂക്ഷ്മാണുക്കൾക്കും വളരാൻ ഉചിതമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി പോലെയുള്ള രോഗം ഉണ്ടാക്കുന്ന ഫ്ലാവി വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിൽ എപ്പോഴുമുണ്ട്. പണ്ട് കാട്ടിൽ പോയി ജോലി ചെയ്യുന്നവരിൽ മാത്രം കണ്ടിരുന്ന ചെള്ളുപനി ഇന്ന് നഗരത്തിൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവരിൽ പോലും കാണുന്നു. നമുക്ക് ചുറ്റും കാണുന്ന കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കാൻ തുടങ്ങിയതും ചെള്ളു പനിയുടെ എണ്ണം കൂടിയതും തമ്മിൽ കൃത്യമായി ബന്ധമുണ്ട്. ജന്തു ജാലങ്ങൾക്കും മരങ്ങൾക്കും ചെടികൾക്കും അവരുടെ ആവാസ വ്യവസ്ഥ നില നിർത്തിക്കൊടുക്കുക എന്നതല്ലാതെ മഹാമാരികൾ തടയാൻ നമ്മുടെ മുന്നിൽ മാർഗങ്ങൾ ഇല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് ഫോറം ഓഫ് ഇൻ്റേണൽ മെഡിസിന്റെ 25-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് തുടർവിദ്യാഭ്യാസ പരിപാടി നടന്നത്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇനിയും മെഡിക്കൽ കോളേജുകൾ ആരംഭിക്കേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ മെഡിക്കൽ കമ്മീഷൻ അനുശാസിക്കുന്ന എണ്ണത്തിൽ കൂടുതൽ ഡോക്ടർമാർ കേരളത്തിൽ എല്ലാ വർഷവും പുറത്തിറങ്ങുന്നു. എന്നാൽ അതിനു ആനുപാതികമായി പി ജി സീറ്റുകൾ ഇല്ല. നല്ല ഗുണനിലവാരമുള്ള ആശുപത്രികളാണ് സാധാരണക്കാരന് ആവശ്യം. മെഡിക്കൽ കമ്മീഷന്റെ പുതിയ നയപ്രകാരം മെഡിക്കൽ പി ജി സീറ്റുകൾക്ക് മെഡിക്കൽ കോളേജുകൾ നിർബന്ധമല്ല. നല്ല സൗകര്യമുള്ള ആശുപത്രികൾ മതി. കാസർഗോഡ്, വയനാട് പോലെയുള്ള ജില്ലകളിൽ ഗുണമേന്മയുള്ള ആശുപത്രികൾ സ്ഥാപിക്കുകയും അവിടെ മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ഡോ. പി വി ഭാർഗവൻ. ഡോ. സിജുകുമാർ , ഡോ. സജിത് കുമാർ, ഡോ. എസ് കെ സുരേഷ്കുമാർ, ഡോ. ഷമീർ, ഡോ. ഗീത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *