കോഴിക്കോട്: ‘ശുചിത്വ തീരം’ കടൽത്തീര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാമ്പുറം ബീച്ച് ശുചീകരിച്ചു. മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജോയിന്റ് ഡയറക്ടർ സൂപ്രണ്ട് പ്രകാശൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എം ഗൗതമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പൂജാ ലാൽ, കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ കെ പ്രമോദ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി സുനിൽ കുമാർ, പി എസ് ഡെയ്സൺ, എം കെ സുബൈർ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാർ, കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിലെ 150 ഓളം ശുചീകരണ തൊഴിലാളികളും, ക്യാമ്പസസ് ഓഫ് കോഴിക്കോടിൽ നിന്നുള്ള 50 ഓളം വിദ്യാർത്ഥികളും ശുചീകരണത്തിൽ പങ്കാളികളായി.


