കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹ്യസേവന പദ്ധതിയായ യുഎൽസിസിഎസ് ഫൗണ്ടേഷൻ കോഴിക്കോട് ജില്ലയിൽ നടത്തിവരുന്ന വിദ്യാഭ്യാസസംരംഭമായ ‘വാഗ്ഭടാനന്ദ എജ്യു പ്രൊജക്ടി’ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജില്ലയിലുള്ള എട്ടു പ്രാദേശികകേന്ദ്രങ്ങളിൽ 30 കുട്ടികൾക്കുവീതമാണ് പ്രവേശനം. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന (ഇപ്പോൾ 7-ലെ പരീക്ഷ എഴുതിയ) കുട്ടികൾക്ക് അപേക്ഷിക്കാം. മത്സരപ്പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
തൊണ്ണൂറ് മിനിറ്റുള്ള പരീക്ഷയിൽ ഏഴാം ക്ലാസിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം ചോദ്യങ്ങളും മാനസികശേഷി പരിശോധിക്കാനുള്ള ചോദ്യങ്ങളും ഉണ്ടാകും. ഒബ്‌ജക്ടീവ് മാതൃകയിൽ 60 ചോദ്യങ്ങൾ. ശരിക്കു നാലു മാർക്കും തെറ്റിന് ഓരോ നെഗറ്റീവ് മാർക്കുമാണ്. ഓരോ കേന്ദ്രത്തിലും മുന്നിലെത്തുന്ന 30 കുട്ടികളെയാണ് അവിടേക്കു തെരഞ്ഞെടുക്കുക. 2025 2025 ഏപ്രിൽ 6 ഞായറാഴ്‌ച 10:30 മുതൽ 12 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രങ്ങൾ https://www.ulvep.in എന്ന വെബ്സൈറ്റിലുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്ക് പാഠ്യമേഖലയിലും പാഠ്യാനുബന്ധമേഖലകളിലും നൂതനമായ അനുഭവങ്ങൾ ആർജിക്കാൻ അവസരമൊരുക്കുകയും വിവിധ മത്സരപരീക്ഷകൾക്കു തയ്യാറാക്കുകയുമാണ് പ പ്രൊജക്ടിന്റെ പ്രധാനലക്ഷ്യങ്ങൾ. സംസ്ഥാനത്തും പുറത്തുമുള്ള പ്രഗത്ഭരായ അധ്യാപകരുടെയും ശാസ്ത്രജ്ഞരുടെയും സൗജന്യ ക്ലാസുകൾ, ക്യാമ്പുകൾ, പഠനയാത്രകൾ, പഠനഗവേഷണസ്ഥാപനസന്ദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുണ്ട്.
പരിപാടികൾക്ക് ഐഎസ്ആർഒ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, റീജണൽ സയൻസ് സെൻ്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കലിക്കറ്റ് യൂണിവേഴ്‌സിറ്റി മുതലായ പ്രശസ്‌തസ്ഥാപനങ്ങളുടെ അക്കാദമികസഹായമുണ്ട്. സന്നദ്ധകൂട്ടായ്‌മകളാണ് ഒരോ കേന്ദ്രത്തിലും നേതൃത്വം നൽകുന്നത്.
പരീക്ഷയിൽ പങ്കെടുക്കാൻ കുട്ടികൾ വെബ്സൈറ്റിൽ 2025 മാർച്ച് 31-നു വൈകിട്ട് 5-നു മുൻപ് രജിസ്റ്റർ ചെയ്യണം. അതിൽനിന്നു കിട്ടുന്ന അഡ്‌മിഷൻ ടിക്കറ്റിൻ്റെ പ്രിൻ്റൗട്ട് പരീക്ഷയ്ക്കു കൊണ്ടുവരണം. മടപ്പള്ളി ജിവിഎച്ച്എസ്എസ്, മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂൾ, വട്ടോളി സംസ്കൃതസ്കൂൾ, കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ, പേരാമ്പ്ര എച്ച്എസ്എസ്,കൊയിലാണ്ടി ജിവി എച്ച്എസ്എസ്, ഉണ്ണികുളം ഗിയുപിഎസ്, കാരപ്പറമ്പ് ജിവി എച്ച്എസ്എസ് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: ടി കെ സോമൻ – 9495891701.

