കോഴിക്കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (കംപോണന്റ്-2) അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്പ് പദ്ധതി 2023-24 നു അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ജാതി/മതം/വരുമാനം എന്നീ നിബന്ധനകൾ ബാധകമല്ല. അപേക്ഷകരായ വിദ്യാർത്ഥികൾക്ക് ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് 10 ശതമാനം തുക അധികമായി ലഭിക്കുന്നതാണ്. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യ ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷിയുള്ളവരും ഹോസ്റ്റലറുമായിട്ടുള്ളവരും ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്. മാർച്ച് 15നു മുമ്പായി വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപന മേധാവി മുമ്പാകെ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ – 0495-2370379

