കോഴിക്കോട്: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ ഒരു ഇരകൂടിയാണെന്ന ഭീതിപ്പെടുത്തുന്ന സത്യം പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ടെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ്. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ “കളമശ്ശേരി കഥകൾ: മലയാളി പൊതുബോധം മറനീക്കുമ്പോൾ ” എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ കയ്യടക്കിക്കൊണ്ടിരിക്കുന്ന ഹെജിമോണിക്ക് നാഷണലിസത്തിന്റെ ഇരയാണ് മാർട്ടിൻ. പൊതുബോധം അപനിർമിക്കപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും മുഖ്യധാരയുടെ സംഗ്രഹമാണ് പൊതുബോധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി കെ സാദിക് മോഡറേറ്ററായ സെഷനിൽ കെ ടി കുഞ്ഞിക്കണ്ണൻ, കെ കെ. ബാബുരാജ് എന്നിവരും പങ്കെടുത്തു.
ഇസ്ലാമിനെ ലോക ശത്രുവാക്കിയത് സാമ്രാജ്യത്വ ശക്തികളാണെന്നും കേരളത്തിൽ പോലും പൊതുബോധത്തെ സയണിസ്റ്റ് യുക്തികളും ദേശീയതാവാദികളും ഹൈജാക്ക് ചെയ്തു കഴിഞ്ഞുവെന്നും കെ ടി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു.

