ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച പ്രതിമ. കോയമ്പത്തൂർ ഇഷ യോഗ സെന്റർ കോമ്പൗണ്ടിലാണ് ഈ പ്രതിമയുള്ളത്. ഇഷ ഫൗണ്ടേഷൻ നിർമിച്ച 112 അടി ഉയരത്തിലുള്ള പ്രതിമയ്‌ക്ക് 500 ടൺ ഭാരമാണുള്ളത്. ‘ആദ്യ യോഗി ‘ എന്ന അർഥം വരുന്ന ആദിയോഗി എന്ന പേരിൽ അറിയപ്പെടുന്ന ശിവന്റെ ഈ അർധകായ പ്രതിമ കാണാൻ വിദേശികളടക്കം നിരവധി പേരാണ് ഓരോ ദിവസവും എത്തുന്നത്.
നീലഗിരി ബയോസ്‌ഫിയർ റിസർവി(ജൈവമണ്ഡലം)നോട് ചേർന്നുള്ള വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലുള്ള ഇഷ യോഗ സെന്റർ സന്ദർശിക്കാനെത്തിയപ്പോഴാണ് ഭീമാകാരമായ പ്രതിമ കാണാൻ അവസരം ലഭിച്ചത്. 150 ഏക്കറിലേറെ പരന്നുകിടക്കുന്നതാണ് ഇഷാ യോഗ സെന്റർ.
ആദ്യമായി യോഗയെക്കുറിച്ചുള്ള ബോധം മനുഷ്യനിൽ ജനിപ്പിച്ചത് ശിവനാണെന്നാണ് സങ്കൽപം.
മനുഷ്യശരീരത്തിൽ 112 ചക്രങ്ങളുണ്ട് എന്ന് ശിവൻ പഠിപ്പിച്ചുവെന്ന വിശ്വാസ പ്രകാരമാണ് ഈ പ്രതിമയ്ക്ക് 112 അടി ഉയരം കൊടുക്കാൻ കാരണം. ഇഷാ യോഗ സെന്ററിലെ സദ്ഗുരു ജഗ്ഗിവാസുദേവ് പണികഴിപ്പിച്ച ഈ ശിവ പ്രതിമ 2017 ഫെബ്രുവരി 24നാണ് ഉദ്‌ഘാടനം ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ വിതരണം ചെയ്‌ത 20,000 ഇരുമ്പ് പ്ലേറ്റുകൾ ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചത്. ആദിയോഗിയുടെ കഥയും യോഗയുടെ ശാസ്‌ത്രവും വിവരിക്കുന്ന ത്രീഡി ലേസർ ഷോ ഇവിടത്തെ പ്രത്യേകതയാണ്. 2019 മുതലാണ് ലേസർ ഷോ തുടങ്ങിയത്. അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്‌ഘാടനം ചെയ്‌തത്.
പ്രതിമയുടെ പിറകിലൂടെ കാൽനടയായി കുറച്ചുദൂരം നടന്നാൽ ഇഷ യോഗ സെന്ററിൽ എത്താം. യോഗ പഠനവും പരിശീലനവും ഇവിടെയാണ്. നടക്കാൻ കഴിയാത്തവർക്ക് ഇലക്ട്രിക്കൽ വാഹനത്തിലോ കാളവണ്ടിയിലോ പോകാം. പോകുന്ന വഴികളിൽ കൃഷിയിടവും ഇഷാ ഷോപ്പിങ് ഔട്ട്ലറ്റുകളും കാണാം. മൊബൈൽ ഫോണുമായി പോകാൻ അനുമതി ഇല്ല. അതിനാൽ ഫോട്ടോകൾ എടുക്കാൻ കഴിയില്ല.
മലനിരകളുടെ അപൂർവഭംഗിയുടെ പശ്‌ചാത്തലത്തിലാണ് ഇഷ യോഗ സെന്റർ. 1992ലാണ് സദ്‌ഗുരു ജഗ്ഗി വാസുദേവ് ഇഷ ഫൗണ്ടേഷൻ സ്ഥാപിച്ചത്. കോയമ്പത്തൂർ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണിത്. ഫൗണ്ടേഷന്റെ നിർമാണ പ്രവർത്തനങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി ആരോപണമുയർന്നിരുന്നു. പരിസ്ഥിതി പ്രവർത്തകരും തദ്ദേശീയരും ഫൗണ്ടേഷൻ വിപുലീകരണത്തിനെതിരെ പോരാടിയിട്ടുമുണ്ട്.


