എട്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
കോഴിക്കോട്: എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിൽ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ നൽകാൻ സാധിച്ചെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
ചാത്തമംഗലത്തെയും സമീപത്തെ ഏഴ് പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൂളിമാട് പി.എച്ച്.ഇ.ഡി. ജംഗ്ഷൻ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് മുറിക്കുമ്പോൾ അത് പുനർനിർമ്മിക്കാനുള്ള തുക കൂടി പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജലനിധി പദ്ധതി, ത്രിതല പഞ്ചായത്തിൻ്റെ വിവിധ പദ്ധതികൾ മുഖാന്തരം അമൃത് സ്കീമിലൂടെ നഗര മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ എന്നിവ പരിശോധിച്ചാൽ സമൂഹത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്ന ജലവിതരണ പദ്ധതികൾ നടപ്പാക്കുന്ന സുപ്രധാന തീരുമാനങ്ങൾ എടുത്തുകഴിഞ്ഞതായി മന്ത്രി കൂട്ടിച്ചേർത്തു.
ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 852.80 കോടി രൂപയുടെ പ്രവൃത്തിയിലൂടെ 77,395 ഗാർഹിക കണക്ഷനുകൾ ചാത്തമംഗലം, കോടഞ്ചേരി, കട്ടിപ്പാറ, ഉണ്ണികുളം, പുതുപ്പാടി, മടവൂർ, കിഴക്കോത്ത്, താമരശ്ശേരി എന്നീ പഞ്ചായത്തുകളിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.
പി ടി എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിൻ്റോ ജോസഫ് എം.എൽ.എ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് അബ്‌ദുൽ ഗഫൂർ, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജെയിംസ്, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് എഞ്ചിനീയർ ആർ ഗണേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വാസന്തി വിജയൻ സ്വാഗതവും ചീഫ് എഞ്ചിനീയർ ടി ബി ബിന്ദു നന്ദിയും പറഞ്ഞു.
ജൽ ജീവൻ മിഷനിലൂടെ 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ

