120 കോടിയുടെ രണ്ടാംഘട്ട കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഒന്നര വർഷം കൊണ്ട് 120 കോടി രൂപയുടെ രണ്ടാംഘട്ട കുടിവെള്ള പദ്ധതി പൂർത്തിയാവുന്നതോടെ കൊയിലാണ്ടി മണ്ഡലത്തിലെ ഒരു വീട്ടിൽ പോലും കുടിവെള്ളം എത്തിച്ചേരാതിരിക്കില്ലെന്നും സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയ മണ്ഡലമായി കൊയിലാണ്ടി മാറുമെന്നും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കൊയിലാണ്ടി നഗര ശുദ്ധജല വിതരണ പദ്ധതി രണ്ടാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് വീടുകളിൽ നേരിട്ട് ടാപ്പുകൾ വഴി ശുദ്ധീകരിച്ച ജലം ലഭ്യമാക്കുന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചത്. ഇതിനായി സംസ്ഥാനത്താകെ 47000 കോടി രൂപയുടെ പ്രവൃത്തിയാണ് നടന്നു വരുന്നത്. ഇതിൽ 99 ശതമാനം പ്രവൃത്തികളും ടെണ്ടർ ചെയ്തു കഴിഞ്ഞതായും പ്രവൃത്തികൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
കുടിവെള്ള കണക്ഷൻ നൽകുന്നതിൽ 30 ശതമാനം പുരോഗതി കേരളം കൈവരിച്ചു. രണ്ട് വർഷം കൊണ്ടാണ് ഈ നേട്ടമെന്നും 18 ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ ഈ കാലയളവിൽ നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
405 കോടിയോളം രൂപയുടെ ജല ജീവൻ പദ്ധതികൾക്ക് കൊയിലാണ്ടി മണ്ഡലത്തിൽ മാത്രം തുടക്കം കുറിച്ചു. കിഫ്ബി, അമൃത് പദ്ധതിയടക്കുള്ള വിവിധ പദ്ധതി ഫണ്ടുകളിലൂടെ നിരവധി വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ സാധ്യമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു.
രണ്ടാംഘട്ടമായ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 120 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമായത്. 4500 ഗാർഹിക കണക്ഷനുകൾ നൽകുന്ന പ്രവൃത്തിയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ജല അതോറിറ്റി ചീഫ് എഞ്ചിനീയർ ആർ ഗണേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കൊയിലാണ്ടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ ഇന്ദിര, ഇ കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, മുൻ എംഎൽഎ കെ ദാസൻ, മുൻസിപ്പൽ ചീഫ് എഞ്ചിനീയർ ശിവപ്രസാദ്, വിവിധ രാഷ്ട്രീയപാർട്ടി-സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സ്വാഗതവും എക്സിക്യൂട്ടിവ് എഞ്ചിനീയർ ദിലീപ് ഗോപൻ നന്ദിയും പറഞ്ഞു.
78000 പേർക്ക് ശുദ്ധജലം ലഭ്യമാകും
കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കൊയിലാണ്ടി നഗര ശുദ്ധജല വിതരണ പദ്ധതി രണ്ടാംഘട്ട പ്രവൃത്തി പൂർത്തിയാവുന്നതോടെ നഗരസഭാ പരിധിയിലെ 78000 പേർക്ക് ശുദ്ധജലം ലഭ്യമാവും. രണ്ടാംഘട്ടമായി വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 120 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമായത്.
വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള വിതരണ ശൃംഖലയും ചെറു സ്റ്റോർ ടാങ്കുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ട പ്രൊജക്ട്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത്. ആകെ 360 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിക്കും.
നഗരസഭകളില് നടപ്പാക്കുന്ന അമൃത് പദ്ധതിയ്ക്ക് കീഴിലും ഫണ്ട് ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. 20 കോടി രൂപയാണ് അനുവദിച്ചത്.
15000 ഗാർഹിക കണക്ഷന് നല്കാന് ഈ തുക ഉപയോഗപ്പെടുത്തും.പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി മുറിക്കുന്ന പൊതുമരാമത്ത് -മുനിസിപ്പാലിറ്റി റോഡുകളുടെ പുനഃസ്ഥാപന പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി കിഫ്ബി മുഖേന 85 കോടി രൂപ ചെലവിട്ട് നഗരസഭയിൽ മൂന്ന് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. നടേരി വലിയ മലയിലും പന്തലായനി കോട്ടക്കുന്നിലും കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം ജല അതോറിറ്റി ഓഫീസിന് മുകളിലായുമാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചത്. വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകൾ 17 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളതും ജല അതോറിറ്റി ഓഫീസിലേത് 23 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയിൽ നിന്നും ശുദ്ധജലം ടാങ്കുകളിൽ എത്തിക്കാനുള്ള പ്രധാന പൈപ്പ്ലൈൻ സ്ഥാപിക്കലും ഇതിനോടകം പൂർത്തിയായി.
രണ്ടാംഘട്ട പ്രവൃത്തി 2025 മെയ് മാസം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.
സമ്പൂർണ കുടിവെള്ള മണ്ഡലമായി കൊയിലാണ്ടി മാറും: മന്ത്രി

