നിനവുകളിൽ…

കരൾ നിറയെ തേനൂറും ” ബായ് …”


കെ വി കുഞ്ഞിരാമൻ

അടരുവാൻ
വയ്യ … ഖൽബിനുള്ളിൽ ഒരു പിടച്ചിൽ. മൗനനൊമ്പരമല്ല, അതിനുമപ്പുറം . കണ്ണീരിനും കരച്ചിലിനും ഇടയ്ക്കുള്ള വല്ലാത്തൊരു വിങ്ങൽ … ഒട്ടിപ്പിടിച്ച അടുപ്പങ്ങളിൽനിന്ന് അകലേണ്ടിവരുമ്പോൾ സംഭവിക്കുന്നത്. മടങ്ങിയേ തീരൂ എന്ന ബോധ്യത്തിലും വേണ്ട എന്നു കേഴുന്ന വികാരവിവശത . അമേരിക്കയിൽ മകൾ ഡാലിയയോടും കുടുംബത്തോടുമൊപ്പം നാലു മാസം ആഹ്ലാദിച്ചുല്ലസിച്ച് കഴിഞ്ഞതല്ലേ. മൂന്നര വയസ്സുകാരിയായ കൊച്ചുമോൾ മെയ്ബലിന്റെ നിറഞ്ഞുതുളുമ്പുന്ന കുസൃതികൾ … അത് കണ്ട് മതിമറന്നാസ്വദിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്ത രാപകലുകൾ … അനിർവചനീയമായ അനുഭൂതികൾ സമ്മാനിച്ച മഞ്ഞലകളിൽ മുങ്ങിയ ഉല്ലാസയാത്രകൾ … ആട്ടവും പാട്ടും സിനിമയും സുന്ദര സുരഭിലമാക്കിയ ഒത്തുചേരലുകൾ… ആർദ്രമധുരമായ സൗഹൃദങ്ങളുടെ ഇഴചേർന്ന സാമീപ്യം . കണ്ണിനും കരളിനും കുളിർമ പകരുന്ന പരിസര ഭംഗി … ഇതെല്ലാം വിട്ടു പോകുമ്പോൾ മനസ്സ് കലങ്ങും , തീർച്ച. എന്നാൽ അതിലെല്ലാം ഉപരിയാണ് മേയ്ബൂട്ടിയുടെ ഉറ്റവരോട് , സ്വന്തക്കാരെന്നുതന്നെ പറയാവുന്ന ചേട്ടന്മാരോടും ചേച്ചിമാരോടും വിടചൊല്ലൽ. ഇവർ ഇവിടെ ഈ അന്യദേശത്ത് അവൾക്കുവേണ്ടി വളർത്തിയ സ്നേഹച്ചില്ലകളുടെ തണൽ… സദാ വാൽസല്യസാന്ദ്രമായ ഈയൊരു സ്വർഗം മറ്റെങ്ങ് … നന്ദിയാരോട് ചൊല്ലേണ്ടൂ ഞാൻ… വിതുമ്പുന്ന ഉമ്മകൾ പറപ്പിച്ച് ഏറ്റുവാങ്ങുന്നു – “ബായ് …”
മേയ്ബൽ ജനിച്ചത് 2020 ജൂലായ് 12നാണ്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ. ഞങ്ങൾക്ക് – വീട്ടുകാർക്കാർക്കും – ഇങ്ങോട്ട് പറന്നെത്താനായില്ല. യു എസ് എ ആവട്ടെ പരിചാരികമാരെ കിട്ടാത്ത, സെർവന്റ് വിസ നൽകാത്ത രാജ്യമാണ്. അതുകൊണ്ടാണ് മെംഫിസ് കോളിയർവില്ലെയിലെ മലയാളിക്കൂട്ടായ്മയിൽ മുതിർന്ന മിക്കവരും മേയ്ബൂട്ടിക്ക് ചിറ്റമ്മമാരോ തലതൊട്ടപ്പന്മാരോ ആയിത്തീർന്നത്. മെംഫിസിലെ ആശുപത്രിയിൽ കൂട്ടിരിപ്പിന് മരുമകൻ ദിലീപ് മാത്രമായിരുന്നു. പുറത്തും വീട്ടിലും സകല സഹായവും ചെയ്തത് സുഹൃത്തുക്കളും . അച്ഛനമ്മമാരൊന്നും കൂടെയില്ലാഞ്ഞിട്ടും പ്രസവശുശ്രൂഷയ്ക്ക് ഒരു കുറവും വരാതിരിക്കാൻ ഇവർ കാണിച്ച ജാഗ്രത. കോവിഡ് ഭീതി വിതച്ച സാഹചര്യത്തിലും നൽകിയ പിന്തുണ… എന്തിനേറെ, കേരളത്തിലെ നാട്ടുനടപ്പനുസരിച്ച് പെറ്റ പെണ്ണിന് കൊടുക്കേണ്ട ഭക്ഷണംവരെ ഏതാനും സ്നേഹിതർ ഊഴമിട്ട് എത്തിച്ചിരുന്നു. ഞങ്ങൾക്ക് പേരക്കുഞ്ഞിനെ നേരിൽ കാണാനായതോ – രണ്ടര വർഷം കഴിഞ്ഞിട്ടും.
ഒന്നര വയസ്സുമുതൽ മേയ്ബലിന് ഗോദാർദ് സ്കൂളാണ് പകൽ വീട് – ഡേ കെയർ സെന്റർ. അച്ഛനും അമ്മയും ഐ ടി ഉദ്യോഗസ്ഥരായതിനാൽ ആഴ്ചയിൽ അഞ്ചു ദിവസവും ജോലിത്തിരക്കുതന്നെ. ഞങ്ങൾ എത്തിയതുമുതൽ അവൾ ഏറെ സന്തോഷത്തിലാണ്. ഇപ്പോൾ നഴ്സറി സ്കൂളിൽ പോകാൻ ചില ദിവസങ്ങളിൽ മടിക്കും. കളിക്കൂട്ടുകാരായി അച്ഛച്ചനും അമ്മമ്മയും ഉണ്ടല്ലോ. ഭക്ഷണം കഴിക്കാതിരുന്നാൽ ഒറ്റ ഭീഷണി മതി. ” വി വിൽ ഗോ ടു ഇന്ത്യ , ടുമോറോ “. അതോടെ വാശി മാറും . സോറി പറയും. ഇനി ഒരാഴ്ച കഴിയുമ്പോൾ അവളുടെ ” ഹാപ്പി നൈറ്റ് ” കേൾക്കാതെ ഉറങ്ങേണ്ടിവരുമല്ലോ. അതോർക്കുമ്പോൾ ഉള്ളിലൊരു വല്ലാത്ത നീറ്റൽ …
ശൈശവകാലത്തെ ആ പരിഗണനയും പരിലാളനയും സുഹൃദ് വലയത്തിലെ വീടുകളിൽ ഇന്നും മേയ്ബലിന് ലഭിച്ചുപോരുന്നുണ്ട് എന്നത് വലിയ ആശ്വാസമാണ്. എല്ലായിടത്തും എല്ലാവരുടെയും പൊന്നോമനയാണ് അവൾ. ഇവിടെ കുട്ടികൾ സമപ്രായക്കാരായ സഹപാഠികളുടെ വീട്ടിൽ ഒഴിവുദിവസങ്ങളിൽ “സ്ലീപ് ഓവറി “ന് പോവുന്ന പതിവുണ്ട്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പണ്ട് വിരുന്നുപാർക്കൽ ഉണ്ടായിരുന്നല്ലോ. അതുതന്നെ. പുതപ്പ് ഉൾപ്പെടെയുള്ള വസ്ത്രങ്ങളും മറ്റുമായാണ് കുട്ടികൾ പോവുക. രക്ഷിതാക്കൾ അവരെ ബന്ധപ്പെട്ട വീട്ടിൽ എത്തിക്കും. തിരിച്ച് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. രണ്ടും മൂന്നും ദിവസം പാട്ടും കളിയുമായി അടിച്ചുപൊളിച്ച് കഴിയാം. സ്വാദിഷ്ട വിഭവങ്ങൾ നൽകും; തിരിച്ചു പോകുമ്പോൾ ചെറിയ ഉപഹാരവും .
സാധാരണ
നിലയിൽ ആറു വയസ്സുമുതൽ കൗമാരപ്രായത്തിലേക്ക് കടക്കുംവരെയാണ് സ്ലീപ് ഓവറിന് വിളിക്കൽ. എന്നാൽ മേയ്ബൂട്ടി ക്ഷണം നേരത്തേ സ്വീകരിച്ചുതുടങ്ങി യിട്ടുണ്ട്. ജനുവരിയിൽ രണ്ടു ദിവസം വയനാട് – തലശ്ശേരി സ്വദേശികളായ സൂരജ് ശശിയുടെയും സായ് ഗായത്രിയുടെയും വീട്ടിൽ വിരുന്നുകാരിയായി. അവരുടെ മകൻ അഞ്ചുവയസ്സുകാരൻ ആര്യനാണ് അവളുടെ ബെസ്റ്റ് ഫ്രെൻഡ്. ഇനി അവിടേക്കെന്നല്ല എങ്ങോട്ടായാലും പോകാൻ നല്ല ഉൽസാഹമാണ് .കാരണം ഈ കുടുംബങ്ങളിലൊന്നും അവൾ അന്യയല്ല.
അയൽപക്കബന്ധം നന്നേ കുറവാണ് അമേരിക്കയിൽ പൊതുവെ. തൊട്ടടുത്ത താമസക്കാർ തമ്മിൽ കണ്ടാലും കൈവീശി “ഹായ്” പറയലിൽ ഒതുങ്ങും. കുട്ടികൾ പരസ്പരം കൂടുതൽ ഇടപഴകുന്നതുപോലും സ്കൂളുകളിലേയുള്ളൂ. അതുകൊണ്ടുതന്നെ സ്ലീപ് ഓവർ
സമ്പ്രദായം ബാല്യത്തിൽ വളരെ ഗുണം ചെയ്യുന്നതാണ്. നല്ല സഹവർത്തിത്വത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കാൻ കിട്ടുന്ന സുവർണാവസരമായി ഇത് മാറുന്നു.
ഐ ടിയിലും അനുബന്ധ മേഖലകളിലും ജോലിചെയ്യുന്നവരാണ് ദിലീപിന്റെയും ഡാലിയയുടെയും സുഹൃത്തുക്കൾ അധികവും. എല്ലാവരും തിരക്കുപിടിച്ച ജീവിതം നയിക്കുന്നവർ. എന്നാലും അന്യോന്യം ചേർത്തുപിടിക്കാൻ , അകൽച്ച കുറയ്ക്കാൻ അവർ ശ്രദ്ധപുലർത്തുന്നു. ഓണവും പെരുന്നാളും ക്രിസ്മസും പുതുവർഷപ്പിറവിയുമെല്ലാം മാറി മാറി ഓരോ വീട്ടിൽ ഒത്തുകൂടി ആഘോഷിക്കുന്നു. മാതാപിതാക്കൾ സന്ദർശനത്തിനെത്തുമ്പോൾ എല്ലാ വീട്ടിലും വിളിച്ച് സൽക്കരിക്കുന്നു. ഒപ്പം അടുത്ത ബന്ധമുള്ള കുടുംബങ്ങളെയും അന്നേക്ക് ക്ഷണിക്കും.
മിക്ക ആഴ്ചയിലും ശനി – ഞായർ ദിവസങ്ങളിലായിരിക്കും ഡിന്നർ
. വിഭവസമൃദ്ധമാകും വിരുന്ന്. പാനോപചാരമടക്കം ഫുൾ കോഴ്സ് , സമ്പൂർണം. അച്ഛനമ്മമാർക്ക് മുന്തിയ പരിഗണനയാണ്. മറ്റുള്ളവരിൽ അതിഥി – ആതിഥേയ വ്യത്യാസമില്ല. ഭക്ഷണം വിളമ്പലും വൃത്തിയാക്കലും വരെ കൂട്ടായി ചെയ്യും. ബാക്കി വരുന്നവ പങ്കുവെച്ച് പേക്കറ്റിലാക്കി കൊണ്ടുപോകാനും കൊടുക്കും. ആഹാരം പാഴാകാതിരിക്കാൻ നല്ലൊരു മാതൃക.
വിമാനയാത്ര മുടങ്ങിയ അവസരത്തിൽ ഞങ്ങളുടെ അഭാവത്തിലായിരുന്നല്ലോ മകൾ ഡാലിയയുടെ രണ്ടാമത്തെ പ്രസവം. മാതാപിതാക്കൾ അടുത്തില്ലാത്തതിൻ്റെ പോരായ്മ നികത്തി ഡാലിയയെയും ദിലീപിനെയും തുണച്ച , പാർത്ഥിപിനെയും മേയ്ബലിനെയും താലോലിച്ച എത്രയും പ്രിയപ്പെട്ട ഈ പ്രവാസികുടുംബങ്ങളോടുള്ള കടപ്പാട് അളവറ്റതാണ്. ഒറ്റപ്പെട്ടു തളർന്നുപോവുമായിരുന്ന കടുത്ത പ്രയാസനാളുകളിൽ ആത്മധൈര്യം പകർന്നു കൂടെനിന്ന സുമനസ്സുകൾ… അവരിൽ ഷെമീർ – ഷഹീല , സൂരജ് – സായ്, പ്രമോദ് – ലക്ഷ്മി, റോയ് – അന്ന, സൂരജ് മാത്യു- സൂസൻ , സാദത്ത് – സജി, അരുൺ , നിഷ, ചിന്തൻ – ശ്വേത, പ്രവീൺ – പ്രബിത എന്നിവരെ ഒരിക്കലും മറക്കാനാവില്ല.
“സ്നേഹമാണഖിലസാരമൂഴിയിൽ ” എന്ന കവിവാക്യത്തിൻ്റെ പൊരുൾ ഒരിക്കൽകൂടി ബോധ്യപ്പെട്ടുതന്നെയാണ് യു എസ് യാത്രയുടെ മടക്കം. പക്ഷേ, വെറുപ്പ് വിതയ്ക്കപ്പെടുന്ന “മോന്തായം വളഞ്ഞ നവ ഇന്ത്യയിൽ ” ഈ മഹത്തായ സങ്കല്പത്തിന് ഇനി ആയുസ്സെത്ര… ആശങ്കകൾ പെരുകുന്നു. മാനവിക സാഹോദര്യത്തിൻ്റെ നെഞ്ച് പിളർക്കുന്ന കത്തിവേഷങ്ങൾ ഉറഞ്ഞുതുള്ളുകയാണ് പരക്കെ. അത് തടയാൻ
” മാ നിഷാദ ” എന്ന കല്പനയുമായി മനുഷ്യപ്പറ്റിൻ്റെ മാമുനി പുനർജനിക്കുമോ… അരുത് കാട്ടാളാ എന്നു ഗർജിക്കാൻ ജനശക്തിയുടെ നാവ് പൊങ്ങുമോ…
പ്രതീക്ഷകൾ നേരിയതെങ്കിലും കൈവിട്ടുകൂടാ. കടുത്ത നിരാശ അരുതെന്നാണ് ചരിത്രം ഓർമിപ്പിക്കുന്നത്. ഒരുമയുടെ പ്രഭാതഭേരി ഉയരാതിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *