കോഴിക്കോട്: മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ(എം എൽ എഫ്) മൂന്നാം ദിനം സാഹിത്യ ചർച്ചകൾ കൊണ്ട് സമ്പന്നമായി. മൂന്ന് വേദികളിലായി 28 സെഷനുകളിൽ എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും സംസാരിക്കുകയും സംവദിക്കുകയും ചെയ്തു.
മലയാള സാഹിത്യത്തിന്റെ തുടക്കകാലം സവർണവും ഹൈന്ദവവും മതപരവുമായിരുന്നുവെന്ന് കവി പി രാമൻ പറഞ്ഞു. ‘വികേന്ദ്രീകൃതമാവുന്ന മലയാള കവിത’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സാഹിത്യത്തിന്റെ ആരംഭകാലം സവർണമായത് കൊണ്ടുതന്നെ’ മുസ്‌ലിം ജീവിതം മലയാള കവിതകളിൽ പ്രത്യക്ഷപ്പെടാൻ 1960 കൾ വരെ കാത്തിരിക്കേണ്ടിവന്നുവെന്നും പി രാമൻ പറഞ്ഞു.
“പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ രാമചരിതത്തിന്റെ തുടർച്ച എഴുത്തച്ഛനിലല്ല, മാപ്പിളമാർ ക്കിടയിലായിരുന്നു. അറബി-മലയാളത്തിന് സമ്പന്നമായ ഒരു ഗാന ചരിത്രമുണ്ട് .മുഖ്യധാര സാഹിത്യ ചർച്ചകളിൽ അതിനെ അപരവൽക്കരിക്കുന്നത് അപരാധമാണ്. ഓണക്കവിതകൾ വരുന്ന പാഠപുസ്തകങ്ങളിൽ എന്ത് കൊണ്ട് റംസാൻ കവിതകൾ പ്രസിദ്ധീകരിയ്ക്കുന്നില്ല,” പി രാമൻ പറഞ്ഞു.
“യമന്‍: സമാധാനത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും സഞ്ചാരങ്ങൾ” സെഷനിൽ സന്തോഷ് ജോർജ് കുളങ്ങരയോടൊപ്പം മുനവ്വറലി ശിഹാബ് തങ്ങൾ അഭിമുഖ സംഭാഷണം നടത്തി.
പത്തനംതിട്ട ജില്ല ഉണ്ടാവുമ്പോഴില്ലാത്ത കോലാഹലങ്ങള്‍ എന്തുകൊണ്ടാണ് മലപ്പുറമുണ്ടാവുമ്പോഴെന്ന് ടി ടി ശ്രീകുമാര്‍. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തില്‍ ‘ഇരുപത്തൊന്നാനന്തര മലബാര്‍’ എന്ന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപരവല്‍ക്കരണത്തിന്റെ ഒരു മലബാറുണ്ടാവുന്നത് അവിടത്തെ സവിശേഷമായ ജനസംഖ്യ വിതരണങ്ങള്‍ കാരണമാണെന്നും മലബാറിനെ പഠിക്കാന്‍ പുതിയ വ്യാവഹാരിക ചട്ടക്കൂടുകളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിനെ കുറിച്ചുള്ള ആലോചനകളിലെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ട വേദിയില്‍ എം ടി അന്‍സാരി, പി കെ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. സൈദാലി പിപി മോഡറേഷന്‍ നിര്‍വഹിച്ചു.
ചരിത്രകാരൻ ഡോ. അഭിലാഷ് മലയിൽ ‘പ്രീ കൊളോണിയൽ മലബാർ ഇക്കണോമി’ എന്ന സെഷനിൽ സംസാരിച്ചു.
കേരളീയം സാംസ്കാരിക പരിപാടിയുടെ ഭാഗമായി കേരളസർക്കാർ അവതരിപ്പിച്ച ലിവിങ് മ്യൂസിയം ഇപ്പോഴും നിലനിന്നുകൊണ്ടിരിക്കുന്ന വൈകൃതമനോഭാവത്തിന്റെ സൃഷ്ടിയാണെന്ന് ഗോത്രഗവേഷകനായ പ്രേംകുമാർ പറഞ്ഞു. ‘ഗോത്രീയത സർഗാത്മകതയുടെസമകാലം’ എന്ന സെഷനിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.
ഗോത്രസാഹിത്യവും മുഖ്യധാര സാഹിത്യങ്ങളുടെ തിരസ്കരണ സ്വഭാവങ്ങളും മലയാള സാഹിത്യത്തിലെ പരിണാമങ്ങളും ചർച്ചചെയ്യപ്പെട്ട വേദിയിൽ പ്രമുഖ ഗോത്ര സാഹിത്യക്കരായ പി ശിവലിംഗൻ, ധന്യ വേങ്ങച്ചേരി, അജിത് ശേഖരൻ എന്നിവർ സംബന്ധിച്ചു. മലയാള സാഹിത്യം വിശാലമായി വികസിച്ച് ഗോത്ര സാഹിത്യത്തെയും കീഴാള സാഹിത്യത്തെയും ഉൾകൊള്ളുന്ന കേരള സാഹിത്യം എന്ന നിലയിലേക്ക് പരിവർത്തിക്കപ്പെട്ടിട്ടുണ്ടെന്ന് ശിവലിംഗൻ അഭിപ്രായപ്പെട്ടു. കാവുകളും സാംസ്കാരിക ചിഹ്നങ്ങളുമെല്ലാം ഹൈന്ദവവത്കരിക്കപ്പെടുന്ന കാലത്ത് ഗോത്ര സാഹിത്യങ്ങൾ പറഞ്ഞുവെക്കുന്നത് കൃത്യമായ രാഷ്ട്രീയമാണെന്ന് ധന്യ വേങ്ങച്ചേരി പറഞ്ഞു.
‘മലയാള നോവൽ പുതിയ ഭൂപടങ്ങൾ’ സെഷനിൽ കെ പി രാമനുണ്ണി, അജയ് പി മങ്ങാട്ട്,ഫ്രാൻസിസ് നൊറോണ പങ്കെടുത്തു. വിനോയ് തോമസ്, ഉണ്ണി ആർ ‘എതേതു കഥകൾ എതെല്ലാം ഭാഷകൾ’ സെഷനിൽ സംസാരിച്ചു. രണ്ടായിരത്തിനു ശേഷം മലയാളം നോവലുകളുടെ ഭാവുകത്വത്തിൽ വളരെ വ്യത്യാസമുണ്ടായിയെന്ന് കെ പി രാമനുണ്ണി പറഞ്ഞു.
‘മലയാള സിനിമ’ സെഷനിൽ അഷ്‌റഫ് ഹംസ, വിധു വിൻസെന്റ്, മുഹ്സിൻ പരാരി സംബന്ധിച്ചു.
‘ മുഖമൊരുക്കുന്നവരും നിറമെഴുതുന്നവരും’ സെഷനിൽ ശബ്ന സുമയ്യ, മൻസൂർ ചെറൂപ്പ, വിഷ്ണു റാം പങ്കെടുത്തു.
ഞായറാഴ്ച എം എൽ എഫിൽ മൂന്ന് വേദികളിലായി 24 സെഷനുകൾ നടക്കും.
ചർച്ചകളാൽ സമ്പന്നമായി എം എൽ എഫ്

