വേണം, കോഴിക്കോടിന് മെട്രോ റെയിൽ

ആദ്യഘട്ടത്തിൽ വെസ്റ്റ്ഹിൽ-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളേജ് എന്നീ രണ്ട് കോറിഡോറുകൾ

കോഴിക്കോട്: നഗരത്തിന് മെട്രോ റെയിൽ ഗതാഗത സംവിധാനം വേണമെന്ന്
നഗരത്തിന്റെ സമഗ്ര മൊബിലിറ്റി പ്ലാൻ സംബന്ധിച്ച് ശനിയാഴ്ച ചേർന്ന സ്റ്റേക്ക് ഹോൾഡർമാരുടെ രണ്ടാമത് യോഗം അഭിപ്രായപ്പെട്ടു.

പലമടങ്ങ് വർധിച്ചുവരുന്ന
തിരക്ക്, അതിവേഗ നഗരവൽക്കരണം,
വാഹനങ്ങളുടെ പെരുപ്പം
എന്നിവ കണക്കിലെടുത്ത്
നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാവാത്തതാണ്. എന്നാൽ ലൈറ്റ് മെട്രോ ആണോ അനുയോജ്യം എന്ന കാര്യം പിന്നീട് തീരുമാനിക്കും.

വിവിധ ഘട്ടങ്ങളിലായി വിഭാവനം ചെയ്യുന്ന
മെട്രോയുടെ ആദ്യഘട്ടത്തിൽ ആകെ 27.1 കിലോമീറ്റർ നീളമുള്ള രണ്ട് കോറിഡോർ ആണുള്ളത്;
വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും ബന്ധിപ്പിക്കുന്ന വെസ്റ്റ്ഹിൽ മുതൽ രാമനാട്ടുകര വരെ 19 കിലോമീറ്ററും കിഴക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെ ‘യും ബന്ധിപ്പിക്കുന്ന ബീച്ച് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള 8.1 കിലോമീറ്റർ ദൂരവും.

കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാനിന്റെ കരട് റിപ്പോർട്ടിൻമേലുള്ള
ചർച്ചയാണ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച നടന്നത്.

രാജ്യത്തെ ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന നഗരങ്ങളിൽ ഒന്നാണ്
മിനി മുംബൈ എന്നറിയപ്പെടുന്ന കോഴിക്കോടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോകനാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.

“കോഴിക്കോടിന് മാസ്സ് റാപ്പിഡ് ട്രാൻസ്പോർട്ട് സംവിധാനം അനുപേക്ഷണീയമാണ്. പരമ്പരാഗത മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സർവേ നടത്തി കൂടുതൽ ഡാറ്റ പരിശോധിച്ചശേഷമേ തീരുമാനിക്കാൻ പറ്റുള്ളൂ.
കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബിലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതി,” ബെഹ്‌റ വിശദീകരിച്ചു. എലിവേറ്റഡ് രീതിയിലാണ് മെട്രോ വരുന്നതെങ്കിൽ
സ്റ്റേഷനുകൾ നിർമ്മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റടുക്കേണ്ടി വരികയെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

മെട്രോ റെയിൽ ഗതാഗത സംവിധാനത്തിന്
സാമൂഹിക പ്രസക്തിയുണ്ടെന്നും
നമുക്ക് മാറിനിൽക്കാനാവില്ലെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു.
“ഇതോടനുബന്ധിച്ച് സർക്കുലർ ബസ് സർവീസുകൾ, നിലവിലെ സിറ്റി ബസ് സർവീസുകളുടെ പുനർവിന്യാസം,
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ
പാർക്കിംഗ്
ഇടങ്ങൾ ഒരുക്കൽ
എന്നിങ്ങനെ സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി വരുമ്പോൾ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം കുറ്റമറ്റ രീതിയിൽ നടപ്പാക്കേണ്ടതുണ്ട്,” മേയർ വിശദീകരിച്ചു.

ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ പരിശോധിച്ചശേഷമാണ്
രണ്ട് കോറിഡോറുകൾ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.
കരട് നിർദ്ദേശം
കോർപ്പറേഷനിൽ ചർച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും. ഇതിന് ഏഴ് മാസം സമയമെടുക്കും. തുടർന്ന് വിശദപദ്ധതിരേഖ തയാറാക്കും,” കലക്ടർ പറഞ്ഞു.
50 മുതൽ 60 വർഷം വരെയുള്ള കോഴിക്കോടിന്റെ വികസനം
മുൻകൂട്ടി കണ്ടാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി.

വെസ്റ്റ്ഹിൽ-നടക്കാവ് മീഞ്ചന്ത-ചെറുവണ്ണൂർ- രാമനാട്ടുകര എങ്ങനെയാണ് വെസ്റ്റ്ഹിൽ മുതൽ രാമനാട്ടുകര വരെയുള്ള കോറിഡോർ.
മെഡിക്കൽ കോളേജ്-
തൊണ്ടയാട്-ബീച്ച്
എന്നിങ്ങനെയാണ്
രണ്ടാമത്തെ കോറിഡോർ.

യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ, സബ് കലക്ടർ ഹർഷിൽ ആർ മീണ, ഡിസിപി അനൂജ് പലിവാൾ, കൊച്ചി മെട്രോ റെയിൽ ഡയറക്ടർ (പ്രൊജക്ട്സ്) എം പി രാംനവാസ്, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ഗോകുൽ ടി ജി തുടങ്ങിയവർ സംസാരിച്ചു.


ഗതാഗതക്കുരുക്കിന് പരിഹാരം മെട്രോ പോലുള്ള സംവിധാനം


അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത ക്കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചര്‍ച്ച. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, മേയര്‍ ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോഴിക്കോടിന്റെ ഭാവി മുന്നില്‍ക്കണ്ട് നടപ്പാക്കുന്ന പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുന്നതാണ് നല്ലതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കരട് മൊബിലിറ്റി പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം ആരംഭം കുറിക്കാന്‍ ആവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ആദ്യഘട്ടം പൂര്‍ത്തീകരിച്ച ശേഷം അടുത്തഘട്ടം ആരംഭിക്കണമെന്നും സംയോജിത ഗതാഗത സംവിധാനം ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ റെയിലിന്റെ ആദ്യഘട്ടത്തെ സ്വാഗതം ചെയ്യണമെന്നും മെട്രോ റെയില്‍ നഗരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ സമീപ സ്ഥലത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ജനങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാന്‍ കഴിയുന്ന വിധം ബസ്സിന്റെ റൂട്ടുകള്‍ ഉള്‍പ്പടെ ഇതിന് അനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും അവര്‍ പറഞ്ഞു. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അതില്‍ പോകാന്‍ സാധിക്കുകയും മെട്രോയില്‍ പോകാന്‍ സാധിക്കുന്നവര്‍ക്ക് അതില്‍ പോകാന്‍ സാധിക്കുന്നവിധവും മെട്രോ ഗതാഗതം പരസ്പരപൂരകമായ ഗതാഗത സംവിധാനമാകണമെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട്ടെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതിയെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. മറ്റു ഗതാഗത ശ്ര്യംഖലകളെ കൂട്ടിയോജിപ്പിക്കുന്നതാകും പദ്ധതിയെന്നും കലക്ടര്‍ പറഞ്ഞു.

അനുദിനം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കോഴിക്കോട് നഗരത്തിലേക്ക് ദിവസേന ഒരു ലക്ഷം വാഹനങ്ങളാണ് കടന്നു വരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു. റോഡില്‍ നിത്യവും നടക്കുന്ന അപകട നിരക്കുള്‍പ്പടെ പരിശോധിക്കുമ്പോള്‍ വാഹന പെരുപ്പം കുറക്കാന്‍ മെട്രോ പോലുള്ള ഗതാഗത സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. 167 ജീവനുകളാണ് കഴിഞ്ഞ വർഷം നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത്.

ചര്‍ച്ചയില്‍ പങ്കെടുത്ത് കൗണ്‍സിലര്‍മാരായ എസ് കെ അബൂബക്കര്‍, കെ സി മൊയ്തീന്‍കോയ, അഡ്വ. സിഎം ജംഷീര്‍, വി പി മനോജന്‍, എം കെ രാഘവന്‍ എം.പിയുടെ പി എ കെ ശ്രീകാന്ത്, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, ടൗണ്‍ പ്ലാനര്‍ ഗിരീഷ്‌കുമാര്‍, ഡിസിപി അനൂജ് പലിവാള്‍, എന്‍ ഐ ടി ആര്‍കിടെക്ച്ചര്‍ ഫിറോസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *