കോഴിക്കോട്: സമൂഹത്തിലെ മുഴുവൻ പൗരർക്കും അന്തസ്സുറ്റ ജീവിതം ഉറപ്പാക്കാൻ കൂട്ടായി സാധിക്കണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. യുഎൽ കെയർ നായനാർ സദനത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ‘സമാദരം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പരിസരങ്ങളിലെ പാർശ്വവത്കൃത വിഭാഗങ്ങളെ എന്നും ചേർത്ത് നിർത്തിയ നാടാണ് കോഴിക്കോട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഭിന്നശേഷി രംഗത്ത് മികച്ച മുന്നേറ്റമാണ് ജനകീയ കൂട്ടായ്മയിൽ നമുക്ക് സാധ്യമാകുന്നത്. അതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും കലക്ടർ അറിയിച്ചു.
ഭിന്നശേഷി ജനങ്ങളുടെ തൊഴിൽപരത വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും പ്രയത്‌നിക്കുന്ന യുഎൽ കെയർ നായനാർ സദനം ഭാരവാഹികളെയും സംരംഭകരും പ്രശംസ അർഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സ് അത്‌ലറ്റിക് മീറ്റിൽ ജില്ലാ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ യുഎൽ കെയർ നായനാർ സദനത്തിലെ ട്രെയിനികൾക്ക് കലക്ടർ അവാർഡ് സമ്മാനിച്ചു.
ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹനൻ, വിവിധ സംരംഭങ്ങളെ പ്രതിനിധീകരിച്ച് ഡോ. വിജീഷ് വേണുഗോപാൽ (കെഎംസിറ്റി മെഡിക്കൽ കോളേജ്) , ഡോ. മിലി മോണി (മലബാർ ഹോസ്‌പിറ്റൽ), സ്വപ്ന മനോജ് (മനോജ് ഇഎൻടി ഹോസ്പിറ്റൽ), എംപി രമേശ് (കൊച്ചിൻ ബേക്സ്), ജാഫർ മണലൊടി (കോഴിക്കോടൻ ബേക്സ്), രഞ്ജിത്ത് കെ ആർ (റീഗൽ ബേക്കറി), ആൻ ക്രിസ്റ്റീൻ (മിഡാക് ഗ്രൂപ്പ്), പി എം റഷീദ് (മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റൽ), സജി സി (സരോജ് ലാബ്) എന്നിവർ ആശംസകൾ നേർന്നു. യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജയരാജ് എം കെ സ്വാഗതവും യുഎൽസിസിഎസ് ഫൗണ്ടേഷൻ മാനേജർ എ അഭിലാഷ് ശങ്കർ നന്ദിയും പറഞ്ഞു.
മുഴുവൻ പേർക്കും അന്തസ്സുറ്റ ജീവിതം ഉറപ്പാക്കാനാകണം: കലക്ടർ

