ലഹരിക്കെതിരെ സൗഹൃദ മതിൽ

800 വിദ്യാർഥികൾ ചേർന്ന് ‘നോ ടു ഡ്രഗ്സ്’ ഇൻസ്റ്റല്ലേഷൻ തീർത്തു

കോഴിക്കോട്: ലഹരിക്കെതിരെ 2000 ഓളം വിദ്യാർഥികൾ ചേർന്ന് മാനാഞ്ചിറയ്ക്ക് ചുറ്റും സൗഹൃദ മതിൽ തീർത്തു. കൈകൾ കോർത്തു പിടിച്ച് നഗരത്തിലെ വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയുമെടുത്തു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം, സാമൂഹിക നീതി വകുപ്പ്, നഷാ മുക്ത് ഭാരത് അഭിയാൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്പിസി കേഡറ്റുകൾ സജീവ പങ്കാളിത്തം വഹിച്ചു.

മാനാഞ്ചിറ സ്‌ക്വയറിൽ 800 വിദ്യാർഥികൾ ചേർന്ന് ഒരുക്കിയ ‘നോ ടു ഡ്രഗ്സ്’ ഇൻസ്റ്റല്ലേഷന് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിലുള്ള വിദ്യാർഥികൾ നേതൃത്വം നൽകി.

ലഹരി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾ തുറന്ന ചർച്ച നടത്തണമെന്ന് പരിപാടിയിൽ സംസാരിച്ച ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. എങ്കിൽ മാത്രമേ ലഹരി എന്ന വിപത്ത് തിരിച്ചറിഞ്ഞു ചെറുക്കാൻ കഴിയുകയുള്ളൂ. തന്റെ ഒരു കൂട്ടുകാരനും കൂട്ടുകാരിയും ലഹരിയുടെ പിടിയിൽ ഇല്ല എന്ന് ഓരോ വിദ്യാർഥിയും ഉറപ്പാക്കണം. ‘ഇൻവെസ്റ്റ്‌ ഇൻ പ്രിവൻഷൻ’ എന്നാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ പ്രമേയം.

എസ്ബിഐ കോഴിക്കോട് റീജ്യനൽ മാനേജർ സഞ്ജീവ് ടി വി വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി ഡിഇ മനോജ്‌ കുമാർ സി, ഡോ. രശ്മി ത്രിപാഠി (കാനറ ബാങ്ക്), സന്തോഷ്‌ (കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ്സ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം അഞ്ജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം സി പി എന്നിവർ സന്നിഹിതരായി.

ടൗൺഹാളിൽ നിന്ന് വിദ്യാർഥികൾ നടത്തിയ ലഹരിവിരുദ്ധ റാലി മാനാഞ്ചിറ ചുറ്റി സ്‌ക്വയറിൽ സമാപിച്ചു. കൊളത്തറ കാലിക്കറ്റ്‌ ഓർഫനേജ് ഐടിഇ, നടക്കാവ് ഹോളിക്രോസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികൾ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.
പുകയിലവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *