ഹൈദരാബാദ്: ഐ ലീഗിൽ തുടർച്ചയായ സമനിലകൾക്കും തോൽവിക്കുമൊടുവിൽ വിജയവഴിയിൽ തിരിച്ചെത്തി ഗോകുലം കേരള എഫ് സി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗോകുലത്തിന് വേണ്ടി നീലിയാണ് ആദ്യ ഗോൾ നേടിയത്. ക്യാപ്റ്റൻ അലക്സ് 39, 52 മിനിറ്റുകളിൽ വലകുലുക്കിയപ്പോൾ ആദ്യപകുതിയിൽ എക്സ്ട്രാ ടൈമിലാണ് മലയാളി താരം ശ്രീകുട്ടൻ ലക്‌ഷ്യം കണ്ടത്. ശ്രീനിധിക്ക്‌വേണ്ടി 74ാം മിനിറ്റിൽ വില്യം ആൽവേസ് പെനാൽറ്റിയിലൂടെ ആശ്വാസഗോൾ നേടി.
മുൻ മത്സരങ്ങളിൽ നിന്ന് വിപരീതമായി ടീം വർക്കിലൂടെ മുന്നേറുന്ന ഗോകുലത്തിനെയാണ് ഇന്ന് കാണാൻ സാധിച്ചത്. ഗോകുലം മുന്നേറ്റങ്ങൾക് തടയിടാൻ ശ്രീനിധി ഡിഫൻഡർമാർ നന്നായി പണിപ്പെട്ടു. പരുക്ക് മൂലം ടീമിലെ സ്ഥിര സാന്നിധ്യമായ എടു ബേഡിയ കളിക്കാതിരുന്നിട്ടും കളി നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഗോകുലത്തിനായി. ഒന്നാം പാദ ഫിക്സ്ചറുകൾ അവസാനിക്കവേ വിജത്തോടുകൂടെ പോയിന്റ്സ് ടേബിളിൽ ഗോകുലം സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി രണ്ടാം പാദ ഫിക്സ്ചറുകൾ ജനുവരി ആദ്യ വാരമാണ് ലഭ്യമാവുക.

