വിവരാവകാശ നിയമത്തിൽ പിടിഎ യും ഉൾപ്പെടും
കോഴിക്കോട്: വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കാൻ ഓഫീസുകൾ സന്നദ്ധമാവണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി കെ രാമകൃഷ്ണൻ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസുകൾ കൃത്യമായി വെബ്സൈറ്റുകൾ അപ്ഡേറ്റ് ചെയ്യുന്നതോടൊപ്പം സ്വമേധയാ നൽകേണ്ട വിവരങ്ങളും ലഭ്യമാക്കണം. ജനങ്ങൾക്ക് വെബ്സൈറ്റുകൾ വഴി വിവരങ്ങൾ നേരിട്ട് ലഭ്യമാകുന്നതിലൂടെ വിവരാവകാശ അപേക്ഷകൾ കുറയുമെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഓഫീസുകളില്‍ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വരും ദിവസങ്ങളിൽ വിവരാവകാശ കമ്മീഷൻ്റെ പരിശോധന പ്രതീക്ഷിക്കാമെന്നും കമ്മീഷണര്‍ പറഞ്ഞു.
സ്കൂൾ പിടിഎ വിവരാകാശ നിയമത്തിൽ ഉൾപ്പെടില്ല എന്നത് തെറ്റിദ്ധാരണജനകമാണെന്ന് വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. മുക്കം വി എം എച്ച് എം എച്ച് എസ് ആനയാംകുന്ന് സ്കൂളിലെ പിടിഎ യുടെ സാമ്പത്തിക കണക്കുമായി ബന്ധപ്പെട്ട് വിവരാവകാശം ലഭ്യമാകാത്തതിനാൽ ഫൈസൽ എന്ന വ്യക്തി നൽകിയ പരാതിയിലായിരുന്നു കമ്മീഷന്റെ നിരീക്ഷണം. പിടിഎ വിവരാകാശ നിയമത്തിൽ ഉൾപ്പെടില്ല എന്ന ധാരണയിലായിരുന്നു സ്കൂൾ അധികൃതർ വിവരാവകാശം നിഷേധിച്ചത്.
പിടിഎ സെക്രട്ടറി സ്കൂൾ അധികാരി ആയതിനാലും ജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിനാലും കണക്കുകളും വിവരങ്ങളും സുതാര്യമായിരിക്കണം. ആവശ്യപ്പെടുന്ന വിവരങ്ങൾ പിടിഎ നൽകണം. പിടിഎ വിവരാവകാശ നിയമത്തിൽ ഉൾപ്പെടുന്നതാണെന്നും കമ്മീഷണര്‍ പറഞ്ഞു.
ഫറോക്ക് നഗരസഭയുമായി ബന്ധപ്പെട്ട പരാതികളും കമ്മിഷൻ പരിഗണിച്ചു. വിവരാവകാശ അപേക്ഷകളിൽ ഗൗരവകരമായി ഇടപെടലുകൾ നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മുൻ വിവരാവകാശ ഓഫീസറും സെക്രട്ടറി ഇൻ ചാർജുമായ ഉദ്യോഗസ്ഥൻ നിരവധി വിവരാവകാശ അപേക്ഷകളിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെയും കോഴിക്കോട് കോർപറേഷൻ എഞ്ചിനീയറിങ് വിംഗ് വിവരാവകാശ ഓഫീസർക്കെതിരെയും ഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കാത്ത അപ്പീൽ അധികാരികൾക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്ന് കമ്മെഷണര്‍ പറഞ്ഞു സിറ്റിങ്ങിൽ ഹാജരാവാത്ത ഉദ്യോഗസ്ഥർക്ക് സമൻസ് അയക്കുമെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.
വ്യാഴാഴ്ച നടന്ന സിറ്റിങ്ങിൽ 15 അപ്പീൽ ഹർജികൾ തീർപ്പാക്കി.
സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്താൻ ഓഫീസുകൾ സന്നദ്ധമാവണം: വിവരാവകാശ കമ്മീഷണർ

