നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ് ഊരാളുങ്കൽ സൊസൈറ്റിക്ക്

കോഴിക്കോട്: സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിനു 2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ഊരാളുങ്കൽ സൊസൈറ്റിക്ക്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ദില്ലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയാണ് അവാർഡ് സമ്മാനിച്ചത്. സൊസൈറ്റിയുടെ ചീഫ് പ്രൊജക്ട് മാനേജർ ടി കെ കിഷോർ കുമാറും മാനേജർ എം വി സുമേഷും അവാർഡ് ഏറ്റുവാങ്ങി. സഹമന്ത്രിമാരായ ഹർഷ് മൽഹോത്ര, അജയ് തംത, സെക്രട്ടറി വി ഉമാശങ്കർ തുടങ്ങിയവർ സംബന്ധിച്ചു.

ഗുണമേന്മയിലും സുതാര്യതയിലും സാമൂഹികോത്തരവാദിത്വത്തിലും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയ്ക്ക് ദേശീയപുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയ ഊരാളുങ്കൽ സൊസൈറ്റിയുടെ നൂറുവർഷത്തെ ജൈത്രയാത്രയെ പ്രകീർത്തിച്ചാണ് പുരസ്കാരം. സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിരനിർമ്മാണസ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് സൊസൈറ്റിയെ പ്രാപ്തമാക്കിയത്.

സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽനൈപുണ്യം, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം. മികച്ച പ്രകടനം കാഴ്ചവച്ചതിന് 2024 ഏപ്രിലിൽ ദേശീയപാതാ അതോറിറ്റി(NHAI)യുടെ ‘ബെസ്റ്റ് പെർഫോർമർ പുരസ്കാര’വും സൊസൈറ്റിക്കു ലഭിച്ചിരുന്നു. എൻഎച്ച്എഐ ചെയർമാൻ സന്തോഷ് കുമാർ യാദവാണ് ആ പുരസ്കാരം ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്കു സമ്മാനിച്ചത്.

ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന തലപ്പാടി – ചെങ്കള 39 കിലോമീറ്റർ റീച്ചാണ് ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയായാകാൻ പോകുന്നത്. നിർമ്മാണം 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഈ പദ്ധതിയിൽ സംസ്ഥാനത്തെ ബാക്കി റീച്ചുകൾ രാജ്യത്തെ വമ്പൻ നിർമ്മാണക്കമ്പനികൾ ആണ് നിർമ്മിക്കുന്നത്. അവയെക്കാൾ വേഗത്തിലും ഗുണനിലവാരത്തിലും നിർമ്മാണം പൂർത്തിയാകുന്നത് സൊസൈറ്റി ചെയ്യുന്ന റീച്ചാണ്. ഗതാഗതത്തിനും നാട്ടുകാർക്കും ബുദ്ധിമുട്ട് ഏറ്റവും കുറയ്ക്കുന്ന രീതിയിലുള്ള ആസൂത്രണവും ദേശീയപാതാ അതോറിറ്റി പരിഗണിച്ചിട്ടുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെഎൻആർ ഗ്രൂപ്പുകൾ എന്നിവയുമായി രാജ്യാന്തര ടെൻഡറിൽ മത്സരിച്ചാണ് സംസ്ഥാനാതിർത്തിയിൽനിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാർ 1704.125 കോടി രൂപയ്ക്ക് ഊരാളുങ്കൽ സൊസൈറ്റി സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പ് 1836.49 കോടിയും മേഘ ഗ്രൂപ്പ് 1965.99 കോടിയും കെഎൻആർ ഗ്രൂപ്പ് 2199.00 കോടിയും രൂപയാണ് ക്വോട്ട് ചെയ്തത്. സൊസൈറ്റി ക്വോട്ട് ചെയ്ത തുകയും തൊട്ടുമുകളിലുള്ള ടെൻഡറും തമ്മിലുള്ള വ്യത്യാസം 132 കോടി രൂപയായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *