മിഠായിത്തെരുവിലെ ശങ്കരൻ ബേക്കറി

1935 കാലഘട്ടത്തിലാണ്‌ മിഠായിത്തെരുവിൽ ശങ്കരൻ ബേക്കറി പ്രവർത്തനമാരംഭിക്കുന്നത്‌. ശങ്കരൻ എന്ന വ്യക്തി തുടക്കം കുറിക്കുകയും പിന്നീട്‌ കടപ്പമണ്ണിൽ ചന്തുക്കുട്ടിയെന്ന വ്യക്തിക്ക്‌ ശങ്കരൻ ബേക്കറി കൈമാറുകയും ചെയ്‌തു. ബേക്കറിയെ വളർത്തിക്കൊണ്ടുവന്നതിൽ ഏറ്റവും വലിയ പങ്ക്‌ അദ്ദേഹത്തിന്റേതാണെന്ന്‌ നിസ്സംശയം പറയാം. മിഠായിത്തെരുവിനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്‌മാരകശിലയാണെന്നതാണ്‌ വാസ്‌തവം.

ബ്രിട്ടീഷുകാർ ‘സ്വീറ്റ്‌ ചിക്കൻ’ എന്നു വിശേഷിപ്പിച്ച കോഴിക്കോടൻ ഹൽവയുടെ പെരുമ നാടൊട്ടുക്കുമെത്തിച്ചതിൽ ശങ്കരൻ ബേക്കറിക്കുള്ളത്ര പങ്ക്‌ വേറൊരു സ്ഥാപനത്തിനുമില്ല. സെക്കന്തരാബാദിലെ പട്ടാളക്കാരനായ വിജയേട്ടൻ തന്നെയാണ്‌ ഇതിനുദാഹരണം. ലീവിന്‌ നാട്ടിൽ വന്നുപോകുന്ന വിജയേട്ടൻ കൊണ്ടുവരുന്ന ഹൽവ കാത്ത്‌ നിൽക്കുമായിരുന്നു പട്ടാളക്കാർ കൊടുംതണുപ്പിൽ. ആ തണുപ്പിലും അവർക്കൊരു ഹരമായി നിന്നിരുന്നത്‌ കോഴിക്കോടൻ ഹൽവയായിരുന്നു. ക്വീൻ കേക്ക്‌, തിരി കേക്ക്‌, ഹാർഡൈസിംഗ്‌ പ്ലം, പീസ്‌ കേക്ക്‌…..ഇതൊക്കെയായിരുന്നു പഴയകാല ശങ്കരൻ ബേക്കറിയിലെ വിഭവങ്ങൾ. സ്വന്തമായിട്ടുള്ള പലഹാര നിർമാണമാണ്‌ ഇന്നും ശങ്കരൻ ബേക്കറിയെ വ്യത്യസ്‌തമാക്കുന്നത്‌. ചകിരി, ചിരട്ട തുടങ്ങിയ വിറകും മറ്റും ഉപയോഗിച്ചുള്ള പലഹാര നിർമാണം വ്യത്യസ്‌തതയും രുചിയും വർധിപ്പിക്കുന്നു. പഴമ നിലനിർത്തുന്ന പാരമ്പര്യമാണ്‌ ബേക്കറിക്കുള്ളത്‌. പഴമ നിലനിർത്തുന്നുണ്ടെങ്കിലും പരീക്ഷണങ്ങളും ചെയ്യാറുണ്ട്‌. കോഴിക്കോട്ട്‌ ആദ്യമായി പച്ചമുളക്‌ ഹൽവ വിപണിയിലിറക്കിയത്‌ ശങ്കരൻ ബേക്കറിയാണ്‌.

മിഠായിത്തെരുവിന്റെ മാത്രം സ്വത്താണ്‌ ശങ്കരൻ ബേക്കറി. പഴമയിൽ വിശ്വസിക്കുന്ന ആളുകളുടെ സാന്നിധ്യംകൊണ്ട്‌ ശങ്കരൻ ബേക്കറി ഇന്നും പ്രൗഢിയോടുകൂടി മിഠായിത്തെരുവിൽ നിലനിൽക്കുന്നു. റോഡിനിരുവശവുമായി രണ്ട്‌ ശങ്കരൻ ബേക്കറിയാണ്‌ ഇന്നിപ്പോഴുള്ളത്‌. ഹൈന്ദവ കുടുംബങ്ങൾക്ക്‌ ഒഴിവാക്കാൻ പറ്റാത്തതാണല്ലോ കുടുംബസ്വത്ത്‌ ഭാഗം വെക്കൽ എന്ന പ്രക്രിയ. ഒഴിവാക്കാനാവാത്ത ദുരന്തമെന്നാണ്‌ ഹൈന്ദവ നിയമ ആചാര്യൻ ഇതിനെക്കുറിച്ച്‌ പറയുന്നത്‌. ആയതിനാൽ റോഡിനൊരു ഭാഗത്തുള്ള ശങ്കരൻ ബേക്കറിക്കാർ തങ്ങൾക്ക്‌ സഹോദര സ്ഥാപനങ്ങളില്ല എന്ന പരസ്യത്തോടുകൂടി നിലനിൽക്കുമ്പോൾ എതിർഭാഗത്തുള്ളവർ പറയുന്നത്‌ അവർ വർഷങ്ങൾക്കുമുമ്പ്‌ തുടങ്ങിയെന്നുമാത്രമാണ്‌.  ഏതായാലും ശങ്കരൻ ബേക്കറി എന്ന പഴമയെ മാത്രം നമുക്ക്‌ സ്വീകരിക്കാം.

(ടി ബി സെലുരാജിന്റെ ‘മിഠായിത്തെരുവ്‌’ പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *