‘അവധിദിവസങ്ങളിൽ വീട്ടിലിരിക്കരുത്. കഴിയുന്നത്ര യാത്ര ചെയ്യുക. നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ വാർധക്യം നിങ്ങൾക്കൊരവസരം തരും. അപ്പോൾ മാത്രം വീട്ടിലൊതുങ്ങിക്കൂടുക’. സ്‌നേഹനിധിയായ അച്ഛൻ എപ്പോഴും ഞങ്ങൾ കുട്ടികളോട് പറയാറുണ്ടായിരുന്ന വാക്കുകളാണിവ. ആ ഉപദേശം ഞാനിപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. വാർധക്യത്തിന്റെ മണമുള്ള മുറികളിൽ ഒതുങ്ങിക്കൂടാൻ കാലം അവസരം തരും. അതുകൊണ്ടുതന്നെ അവധിദിവസങ്ങളിൽ യാത്ര പതിവാക്കുന്നു. കഴിഞ്ഞ അവധി ദിവസങ്ങളിലൊന്നിൽ വയനാട്ടിലെ പൂക്കോട് തടാകം കാണുവാൻ പോയി. ചരിത്രമന്വേഷിച്ചുതന്നെ. നഗരത്തിൽനിന്നും ഒന്നൊന്നര മണിക്കൂർ യാത്ര കൊണ്ട് ചെന്നെത്താവുന്ന മനോഹരമായ പ്രദേശമാണ് പൂക്കോട് തടാകം. തടാകത്തിലേക്കുള്ള വഴിയും അതിസുന്ദരം തന്നെ. വയനാടൻ മലനിരകളിലേക്ക് ഇഴഞ്ഞുകയറുന്ന ഒമ്പത് ഹെയർപിൻ വളവുകളും അവയിൽനിന്നും താഴെ സമതലത്തിലേക്കുള്ള ദൃശ്യവും അതിമനോഹരം. വെറുതെയല്ല അലൻ എന്ന ഇംഗ്ലീഷ് യുവതി ലോകത്തിലെ മനോഹരമായ കാഴ്‌ച വയനാടൻ ചുരത്തിൽനിന്നുള്ള അസ്‌തമനദൃശ്യമാണ് എന്നു പറഞ്ഞത്. പക്ഷേ, ഈ യാത്രകളിലെ ഭംഗിയൊക്കെ ആസ്വദിക്കണമെങ്കിൽ നിങ്ങൾ നിങ്ങളെ വീട്ടിലിരുത്തണം. മനസ്സിലായില്ല, അല്ലേ. എന്നാൽ മഹാനായ സോക്രട്ടീസ് തന്റെ പ്രിയ ശിഷ്യനായ അഭിനിയോസിസിനോട് പറഞ്ഞ ആ കഥ കൂടി ഒന്നു കേട്ടു നോക്കുക. എന്നിട്ടാകാം ഇനിയങ്ങോട്ടുള്ള യാത്ര.
സോക്രട്ടീസ് ഒരിക്കൽ തന്റെ ശിഷ്യൻ അഭിനിയോസിസിനോട് ലോകം മുഴുവൻ കണ്ടുവരാൻ പറഞ്ഞു. മടങ്ങിവന്ന അഭിനിയോസിസിനോട് എന്ത് കണ്ടുവെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് താൻ പ്രത്യേകിച്ചൊന്നും കണ്ടില്ലയെന്നാണ്. കുറെ ആൾക്കാരും നഗരങ്ങളുമല്ലാതെ മറ്റെന്തുണ്ട് കാണുവാൻ? അദ്ദേഹം ചോദിച്ചു. സോക്രട്ടീസ് തന്റെ ശിഷ്യന്റെ മുഖത്തുനോക്കി കുറച്ചുനേരം നിന്നതിനുശേഷം ഒരിക്കൽക്കൂടി പോയിവരുവാൻ പറഞ്ഞു. മടങ്ങിവന്ന ശിഷ്യനോട് എന്ത് കണ്ടുവെന്ന് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ആദ്യത്തേതുതന്നെ. സോക്രട്ടീസ് ശിഷ്യനോട് ഒരിക്കൽക്കൂടി പോയിവരാൻ പറഞ്ഞു. പക്ഷേ ഇത്തവണ ഇത്രയുംകൂടി പറഞ്ഞു: ‘അഭിനിയോസിസ്, നീ ഇത്തവണ പോകുമ്പോൾ അഭിനിയോസിസിനെ വീട്ടിലിരുത്തി പോവുക’. അങ്ങനെ മൂന്നാം പ്രാവശ്യം ലോകം ചുറ്റി മടങ്ങിവന്ന അഭിനിയോസിസ് എന്ന ശിഷ്യൻ ഗുരുവിനോട് ഇപ്രകാരം പറഞ്ഞു: ‘ഗുരോ, ഈ ലോകം വളരെ സുന്ദരമാണ്. വൈവിധ്യങ്ങൾകൊണ്ട് അതിമനോഹരം. അതിസുന്ദരമാണീ ലോകം’. യാത്രയിൽ വേണ്ടത് നിരീക്ഷണപാടവമാണ്. ഞാനെന്ന ചിന്ത ഒഴിവാക്കിയാൽ മാത്രമേ ലോകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ എന്നീ കഥ സൂചിപ്പിക്കുന്നു.
മേഘപാളികളെ കൈകൊണ്ട് തൊട്ടുകൊണ്ടുള്ള യാത്ര. വയനാടൻ കുന്നുകളുടെ എല്ലാ ഭംഗിയും ആസ്വദിച്ച് മലകയറി കഴിയുമ്പോൾ നിങ്ങൾ ലക്കിടി എന്ന ഉയരങ്ങളിലെ സമതലത്തിലെത്തുന്നു. ഹൈവേ റോഡിൽനിന്നും എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണ് വൈത്തിരിയിലെ പൂക്കോടുതടാകം. വഴിയരികിൽ വരിവരിയായി നിർത്തിയിട്ടിരിക്കുന്ന ടൂറിസ്‌റ്റ് വാഹനങ്ങൾ. ഡ്രൈവർമാർ പലരും ഉറക്കത്തിലാണ്. അവർ ജീവിതം ആസ്വദിക്കുന്നവരുടെ തേരാളികൾ മാത്രമാണല്ലോ. എല്ലാ ടൂറിസ്‌റ്റ് കേന്ദ്രങ്ങളും അവർക്ക് തലചായ്‌ക്കാനൊരിടം മാത്രം. ലോട്ടറി ടിക്കറ്റുമായി നടക്കുന്നവൻ ദൂരെനിന്നുതന്നെ നിങ്ങളെ നമ്പറിട്ടുകഴിഞ്ഞു. ഇവരെയൊക്കെ മറികടന്നുചെന്നാൽ ചുറ്റുമതിലിൽ ഒരിടത്തായി ടിക്കറ്റ് കൗണ്ടർ. സർക്കാരുദ്യോഗസ്ഥരുടെ പതിവുശൈലിയിൽ അവർ വെച്ചുനീട്ടുന്ന പ്രവേശന ടിക്കറ്റെടുത്ത് നിങ്ങൾക്ക് അകത്തുകടക്കാം. സുന്ദരമാണീ തടാകവും നടവഴികളും പരിസരവുമെല്ലാംതന്നെ. നല്ല തണുപ്പുള്ളതിനാൽ പലരും സ്വെറ്ററിട്ടിരിക്കുന്നു. അധികപേരും ബോട്ടിങ്ങിൽതന്നെ. എം ടിയുടെ ‘മഞ്ഞി’ലെ വിമല ടീച്ചറും ബുദ്ധുവും നിങ്ങളുടെ മനസ്സിലേക്കോടിയെത്തിയാൽ അദ്‌ഭുതപ്പെടാനില്ല. നൈനിറ്റാൾ അതിന്റെ ചെറിയ രൂപത്തിലെങ്കിലും നിങ്ങളുടെ മുന്നിലേക്കിറങ്ങി വന്നതായി നിങ്ങൾക്കും തോന്നാം. ഇവിടെനിന്നുകൊണ്ട് ഈ തടാകത്തിന്റെ ചരിത്രമൊന്ന് നമുക്ക് പരിശോധിക്കാം.
കോഴിക്കോടുണ്ടായിരുന്ന മത്സ്യകൃഷി വികസന വകുപ്പിന് ഒരു മത്സ്യവളർത്തുകേന്ദ്രം ഗവേഷണാവശ്യങ്ങൾക്കായി വേണമെന്നു തോന്നുന്നത് 1817‐ലാണ്. മത്സ്യം വളർത്തണമെങ്കിൽ വലിയ കുളമോ തടാകമോ വേണമല്ലോ. മലബാർ കലക്‌ടറും പരിവാരവും പറ്റിയ ഒരു സ്ഥലമന്വേഷിച്ച് പരക്കംപാച്ചിലായി. അന്വേഷണത്തിനൊടുവിൽ കലക്‌ടർ എത്തിച്ചേർന്നത് പൂക്കോടു തടാകത്തിലാണ്. ഒന്നാന്തരമൊരു തടാകം. എന്തുകൊണ്ടും മത്സ്യകൃഷിക്കനുയോജ്യം. ഇതിനുപുറമെയാണ് പ്രകൃതിസൗന്ദര്യം. എല്ലാംകൊണ്ടും കലക്‌ടർക്ക് ഈ സ്ഥലം ശ്ശി ബോധിച്ചു. അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് ഇതത്ര എളുപ്പമായി കിട്ടുന്നതല്ല എന്ന് ബോധ്യമായി. കാരണം ഒന്നിൽക്കൂടുതൽ ഉടമകളാണ് ഈ സ്ഥലത്തിനുണ്ടായിരുന്നത്. എല്ലാവരും ഇംഗ്ലീഷുകാർ, ഇംഗ്ലണ്ടിൽ താമസിക്കുന്നു. ഓക്‌സ് എന്ന ഉടമയാകട്ടെ, മരിച്ചുപോയിരിക്കുന്നു. ബന്ധുക്കളാവട്ടെ കോടതിയിൽ കേസും കൂട്ടവുമായി നടക്കുന്നു. തുടർന്ന് മലബാർ കലക്‌ടർ എഴുത്തുകുത്തുകളുടെ ഒരു പ്രളയംതന്നെ ആരംഭിച്ചു.
ഇതൊരു വിനോദസഞ്ചാര കേന്ദ്രമായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് പൂക്കോട് എസ്‌റ്റേറ്റ് എന്ന പേരിൽ ഇതൊരു എസ്‌റ്റേറ്റായിരുന്നു. ഈ പൂക്കോട് എസ്‌റ്റേറ്റിന്റെ ഒരുഭാഗമായിരുന്നു പൂക്കോട് തടാകം. 32 ഏക്കർ വിസ്‌തൃതിയിൽ കിടന്നിരുന്ന മനോഹരമായ ഒരു സ്ഥലമായിരുന്നു പൂക്കോട് എസ്‌റ്റേറ്റ്. പൂക്കോട് തടാകം മാത്രം 13 ഏക്കർ 26 സെന്റ് ഉണ്ടായിരുന്നു. 13 ഏക്കറിന്റെ വിസ്‌തൃതിയിലുള്ള തടാകമെന്നു പറയുമ്പോൾ നിങ്ങൾക്കേറെക്കുറെ ഇതിന്റെ വലിപ്പം ഊഹിക്കാമല്ലോ. കൃത്യമായും ഇതളന്ന് തിട്ടപ്പെടുത്തുവാൻ അന്നത്തെ ഡിവിഷണൽ ഓഫീസറായിരുന്ന വുഡ് ഹൗസ് കുറെ മിനക്കെട്ടിരുന്നു. എന്നാൽ കാട്ടുചെടികളും സ്‌ക്രൂപൈൻസും കാരണം മുഴുവനായും കൃത്യമായും അളക്കുവാൻ പറ്റിയില്ല. വുഡ് ഹൗസ് 1917 മെയ് മാസം 30‐ാം തീയതി മലബാർ കലക്‌ടർക്കെഴുതിയ കത്തിങ്ങനെ:
‘സെറ്റിൽമെന്റ് രജിസ്‌റ്റർ പ്രകാരം തടാകത്തിന്റെ മാത്രം വലിപ്പം 13 ഏക്കർ 26 സെന്റാണ്. എന്നാൽ കാട്ടുചെടികളുടെ ക്രമാതീതമായ വളർച്ച കാരണം കൃത്യമായി അളന്നു തിട്ടപ്പെടുത്താൻ കഴിയുന്നില്ല. കല്‌പറ്റ റവന്യൂ ഇൻസ്‌പെക്ടർ എന്നെ അറിയിക്കുന്നത് 35 കൂലിക്കാരെ ആറണ തോതിൽ കൂലി കൊടുത്ത് നിർത്തിയാൽ കൃത്യമായി അളവെടുക്കാൻ പറ്റുമെന്നാണ്. താങ്കളുടെ ആവശ്യപ്രകാരം ഞാൻ ബാത്ത് & കമ്പനിക്ക് ഇതിൽ വല്ല അവകാശമുണ്ടോ എന്നും ഉണ്ടെങ്കിൽ വിൽക്കാൻ താൽപ്പര്യമുണ്ടോയെന്നും എഴുതി ചോദിച്ചിരുന്നു. എന്നാൽ ഉടമകൾക്ക് വിൽക്കാൻ താൽപ്പര്യമില്ലെന്നാണ് എനിക്കു കിട്ടിയ മറുപടി. ഇങ്ങനെയാണെങ്കിൽ നമുക്ക് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കേണ്ടതായി വരും’.
ഇനി നമുക്ക് ബാത്ത് & കമ്പനിയിലെ ബ്രൗണിന്റെ കത്തുതന്നെ നോക്കാം. 1917 മെയ് മാസം 21നാണ് ഈ കത്ത് എഴുതിയതായി കാണുന്നത്. ‘പൂക്കോട് തടാകം പൂക്കോട് എസ്‌റ്റേറ്റിന്റെ ഒരു ഭാഗം തന്നെയാണ്. 1917‐ൽ ഇതിന്റെ ഉടമസ്ഥരായി കാണുന്നത് ബ്രൗൺ കുടുംബവും ഓക്‌സിന്റെ മരണപത്രത്തിന്റെ എകസിക്യൂട്ടറും ഡോസൺ എന്നയാളും പിന്നെ എ. ബ്രൗൺ എന്ന ഞാനുമാണ്. ഉടമസ്ഥർക്ക് വിൽക്കാൻ താൽപ്പര്യമില്ലെന്നറിയിക്കട്ടെ. തടാകത്തിന് അത്യാവശ്യം നല്ല താഴ്‌ചയുണ്ട്. അല്‌പം കാത്തിരിക്കുമെങ്കിൽ ബാത്തിന്റെയും ഡോസന്റെയും മേൽവിലാസം അയച്ചുതരാം. കാത്തിരിക്കുമല്ലോ’.
1917 ജൂൺ മാസം 12ന് മത്സ്യവളർത്തുകേന്ദ്രം അസിസ്‌റ്റന്റ് സുന്ദർരാജ് മലബാർ കലക്‌ടർക്ക് പ്രസ്‌തുത തടാകം പാട്ടത്തിന് തരുമോ എന്നാരായുന്നുണ്ട്. ജൂൺ മാസം 12ന് വുഡ് ഹൗസ് കിങ് ആൻഡ് പോട്ട്‌റിഡ്‌ജ് എന്ന വക്കീൽ ഫേം ഇങ്ങനെയൊരു എഴുത്തെഴുതിയതായി കാണുന്നു. ‘താങ്കൾ തടാകം ഏറ്റെടുക്കാൻ പോകുന്നതായി വിവരം കേട്ടു. ഓക്‌സ് മരിക്കുന്നതുവരെ അദ്ദേഹത്തിനുവേണ്ടി ഞങ്ങളായിരുന്നു പൂക്കോട് തടാകവും എസ്‌റ്റേറ്റും നോക്കി നടത്തിയിരുന്നത്. അദ്ദേഹം മരിച്ചതിൽപ്പിന്നെ ഞങ്ങൾക്ക് നിർദേശങ്ങളൊന്നും കിട്ടാറില്ല. ഓക്‌സിന്റെ ഒസ്യത്തിനെ സംബന്ധിച്ച് ഇപ്പോൾ ഇംഗ്ലണ്ടിലെ കോടതിയിൽ കേസ് നിലവിലുണ്ട്. ഫാബിയൻ എന്ന റിസീവറാണ് ഓക്‌സിന്റെ വസ്‌തുവഹകൾ നോക്കി നടത്തുന്നത്. ഫിബ്രവരി 27ന് ഫാബിയൻ ഞങ്ങൾക്കെഴുതിയ കത്തിൽനിന്ന് കേസ് ഏറെക്കുറെ തീർന്നിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഒരനുവാദപത്രം കൂടി കോടതിയിൽനിന്ന് കിട്ടുവാനുണ്ടത്രെ. ഇത് കിട്ടിയാൽ ഓക്‌സിന്റെ വസ്‌തുവഹകൾ ഒരു ട്രസ്‌റ്റിന്റെ കീഴിൽ വരും. ഡോസണ് 5 /18 ഓഹരിയാണുള്ളത്. ബാക്കിയുള്ളതിന്റെ അര ഓഹരി കോഴിക്കോട്ടുള്ള ബ്രൗണിന്റേതാണ്’. ഒട്ടേറെ എഴുത്തുകുത്തുകൾക്കുശേഷം പൂക്കോട് തടാകം സർക്കാർ അധീനതയിലായി. മത്സ്യവളർത്തുകേന്ദ്രം ആരംഭിക്കുകയും ചെയ്‌തു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഇന്ന് ഇതൊരു വിനോദസഞ്ചാര കേന്ദ്രവുമായി. ഞായറാഴ്‌ചകളിൽ നാലുചുമരുകൾക്കുള്ളിലൊതുങ്ങാതെ നിങ്ങൾക്കുമൊരു യാത്ര തരപ്പെടുത്താം.
(ടി ബി സെലുരാജിന്റെ ഇന്നലെകളിലെ കോഴിക്കോട് പുസ്‌തകത്തിൽനിന്ന്)
പൂക്കോട് തടാകം

