യൂക്കാലിപ്റ്റസ് മരങ്ങളെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. പ്രത്യേകിച്ച് സുഗന്ധം പരത്തുന്ന യൂക്കാലിപ്റ്റസ് തൈലത്തെക്കുറിച്ച്. ഇതിന്റെ ഗന്ധം അനുഭവിക്കാത്തവർ വിരളമായിരിക്കും. കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്ന് യാത്ര ചെയ്യുന്നവർ ഇക്കാര്യം സമ്മതിക്കും. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ ഒരു സീറ്റ് തരപ്പെടുത്തി ദിവാസ്വപ്നം കണ്ടിരിക്കുമ്പോഴായിരിക്കും ആ ചെറുപ്പക്കാരന്റെ വരവ്; തോളിൽ തൂക്കിയിട്ടിരിക്കുന്ന ബാഗും കൈയിൽ തുറന്നുവെച്ചിരിക്കുന്ന ചെറുകുപ്പിയുമായി. വന്നയുടൻ തന്നെ ശരീരഭാഗങ്ങളിലെ വേദനകളെക്കുറിച്ചയാൾ വാചാലനാകും. അയാളുടെ സ്വന്തം വേദനകളൊഴിച്ച് മറ്റെല്ലാ വേദനകളും ചുരുങ്ങിയ സമയം കൊണ്ടയാൾ നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കും. എല്ലാത്തിനും ഒറ്റമൂലി യൂക്കാലിപ്റ്റസ് സുഗന്ധതൈലമാണെന്ന് അയാൾ സമർഥിക്കും. തീർന്നില്ല, ചിരിക്കുന്ന മുഖവുമായി അയാൾ നിങ്ങളെ സമീപിക്കും. എന്നിട്ട് നിങ്ങളുടെ കൈത്തണ്ടയിൽ ഒന്നു തലോടുന്നു. അതോടെ ബസ് മുഴുവനും സുഗന്ധം പരന്നൊഴുകുന്നു. യൂക്കാലിപ്റ്റസ് തൈലം വിൽക്കുന്ന ഈ ചെറുപ്പക്കാരന്റെ പെടാപ്പാടുപോലെ തന്നെയായിരുന്നു യൂക്കാലിപ്റ്റസ് കൃഷി ഇവിടെ ബ്രിട്ടീഷുകാർ പ്രചരിപ്പിച്ചത്. ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് ബ്രിട്ടീഷുകാർ യൂക്കാലിപ്റ്റസ് എന്ന ഈ ഔഷധ സസ്യത്തെ മലബാറുകാർക്ക് പരിചയപ്പെടുത്തിയത്.
ഓസ്ട്രേലിയയാണ് യൂക്കാലിപ്റ്റസി
ന്റെ ജന്മനാട്. മലബാറിൽ ഈ വൃക്ഷത്തെ പരിചയപ്പെടുത്തിയതാകട്ടെ, ബ്രിട്ടീഷുകാരും. ഇന്നത്തെപ്പോലെ സസ്യശാസ്ത്രം പുരോഗമിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നില്ല 19‐ാം നൂറ്റാണ്ട് എന്നോർക്കണം. മലബാറിൽ യൂക്കാലിപ്റ്റസ് വളരുമോ എന്നായിരുന്നു ശീമക്കാരന്റെ ആശങ്ക. 03‐ 12‐ 1888ലാണ് മദ്രാസിൽനിന്ന് അഗ്രിക്കൾച്ചറൽ ആൻഡ് സെറ്റിൽമെന്റ് കമ്മീഷണർ മദ്രാസ് പ്രസിഡൻസിയിലെ എല്ലാ കലക്ടർമാർക്കും യൂക്കാലിപ്റ്റസിന്റെ വിത്തുകൾ പരീക്ഷണത്തിനായി അയച്ചുകൊടുത്തത്. അയച്ചുകൊടുക്കുക മാത്രമല്ല, അവ നട്ട് അതിന്റെ വളർച്ചയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നു. വിത്ത് കിട്ടിയ ഉടനെ കലക്ടറായിരുന്ന വില്യം ബോതംസ് അത് പരീക്ഷണത്തിനായി മലബാറിലെ എല്ലാ സബ് കലക്ടർമാർക്കും അയച്ചുകൊടുത്തു. ഇന്നത്തെപ്പോലെയല്ല അക്കാലത്തെ പരീക്ഷണങ്ങൾ. നിരീക്ഷണങ്ങളിൽനിന്നുള്ള കണ്ടെത്തലുകളായിരുന്നു. ചുരുക്കത്തിൽ അനുഭവസമ്പത്തെന്നു വിളിക്കാം. കുറച്ച് വിത്ത് മലബാർ കലക്ടറും പരീക്ഷണത്തിനായി മാറ്റിവെച്ചു.
തലശേരി സബ് കലക്ടറാണ് ആദ്യമായി പരീക്ഷണ റിപ്പോർട്ട് കലക്ടർക്ക് അയച്ചുകൊടുത്തത്: ‘തലശേരിയിലെ കാനോത്ത് എന്ന സ്ഥലത്ത് മഴയ്ക്ക് തൊട്ടുമുമ്പായി വിത്തുകൾ പാകി. താങ്കൾ അയച്ചുതന്ന ആറിനം യൂക്കാലിപ്റ്റസ് വിത്തുകളിൽ ‘യൂക്കാലിപ്റ്റസ് സിട്രിയോ ഡോറോ’ എന്ന ഇനം മാത്രം കിളിർത്തുകാണുന്നു. ഇവയ്ക്ക് രണ്ടുനാല് ഇലകൾ വന്നിരുന്നു. എന്നാൽ മഴയുടെ കാഠിന്യം മൂലം ഇവ നശിച്ചുപോയിരിക്കുന്നു. ഫ്ളെക്ചറാണ് പരീക്ഷണങ്ങളുടെ ചുമതല വഹിച്ചിരുന്നത്. എന്റെ അഭിപ്രായത്തിൽ തലശേരിയിൽ യൂക്കാലിപ്റ്റസ് കൃഷി വിജയിക്കുമെന്നു തോന്നുന്നില്ല. ’
കലക്ടർക്കും ഇത് ഏറെക്കുറെ ബോധ്യമായിരുന്നു. കാരണം, അദ്ദേഹവും ഇതിനിടെ ഒരു പരീക്ഷണത്തിലേർപെടുകയുണ്ടായി. അദ്ദേഹം നട്ട വിത്തുകൾ ഉദ്ദേശിച്ചപോലെ കിളിർത്തില്ല. കിളിർത്തതിനാകട്ടെ വേണ്ടത്ര ആരോഗ്യവുമുണ്ടായിരുന്നില്ല. മാനാഞ്ചിറയിലെ ഹജൂർകച്ചേരി വളപ്പിലായിരുന്നു അദ്ദേഹം ഈ പരീക്ഷണത്തിനൊരുമ്പെട്ടത്. കിളിർത്ത തൈകളാകട്ടെ ഒടുവിൽ ആടുകൾക്ക് തീറ്റയാവുകയും ചെയ്തു. തീര പ്രദേശത്ത് യൂക്കാലിപ്റ്റസ് കൃഷി പറ്റുകയില്ലെന്ന് അതോടെ അദ്ദേഹത്തിന് മനസ്സിലായി. ഹെഡ് അസിസ്റ്റന്റ് കലക്ടർ വില്യം ബോതംസിനയച്ച മറ്റൊരു കത്തിന്റെ പ്രസക്ത ഭാഗങ്ങൾ: ‘നെല്ലിയാമ്പതിയിലെ രാമസ്വാമി എന്ന കാപ്പിത്തോട്ടമുടമയെ ഏൽപ്പിച്ച വിത്തുകൾ മുളച്ച് രണ്ടടിയോളം വളർന്നിരിക്കുന്നു. വിശദമായ റിപ്പോർട്ട് പിന്നീട് അയച്ചുതരുന്നതാണ്.’
എന്നാൽ മലപ്പുറത്തുനിന്ന് അസിസ്റ്റന്റ് കലക്ടർ മോറിസ് അയച്ച കത്ത് നിരുത്സാഹപ്പെടുത്തുന്നതായിരുന്നു: ‘മലപ്പുറത്ത് ഞാൻ നട്ട യൂക്കാലിപ്റ്റസ് വിത്തുകൾ മുളച്ചുപൊങ്ങിയെങ്കിലും പിന്നീടിത് കെട്ടുപോവുകയാണ് ചെയ്തത്. ഞാനിതാവർത്തിച്ച് കൃഷി ചെയ്തുനോക്കി. മലപ്പുറത്ത് യൂക്കാലിപ്റ്റസ് വേണ്ടത്ര രീതിയിൽ വളരുന്നില്ല എന്നാണെന്റെ കണ്ടെത്തൽ.’ നിലമ്പൂരുനിന്ന് ഡിഎഫ്ഒയായിരുന്ന ഹാർഡ് ഫീൽഡും തന്റെ പരീക്ഷണങ്ങൾ പരാജയപ്പെട്ടു എന്നെഴുതിക്കാണുന്നു.
വയനാട്ടിലെ ഫോറസ്റ്റ് ഓഫീസറായിരുന്ന മോർഗന്റെ പരീക്ഷണ റിപ്പോർട്ട് മലബാർ കലക്ടററെ സന്തോഷപ്പെടുത്തുന്നതായിരുന്നു: ‘താങ്കൾ എനിക്കയച്ച ആറിനം യൂക്കാലിപ്റ്റസ് വിത്തുകളും ഞാൻ സമുദ്രനിരപ്പിൽനിന്നും 4500 അടി ഉയരമുള്ള ബ്രഹ്മഗിരി മലകളിൽ നട്ടു. ‘യൂക്കാലിപ്റ്റസ് റുമിഫറ’ എന്നയിനം മാത്രം മുളച്ചില്ല. മറ്റ് അഞ്ചിനവും ഭംഗിയായി മുളച്ചുവരുന്നു. ഇവയ്ക്ക് ആറെട്ട് ഇലകൾ വിരിഞ്ഞിട്ടുണ്ട്. എല്ലാം തന്നെ ആരോഗ്യത്തോടെ വളരുന്നു. ഇവയുടെ ശത്രുവായി നാം കണക്കാക്കേണ്ടത് ചിതലിനെയാണ്. ഇവയ്ക്ക് യൂക്കാലിപ്റ്റസ് വിത്തുകളോട് എന്തോ പ്രത്യേക മമതയുണ്ടെന്നു തോന്നുന്നു. ‘യൂക്കാലിപ്റ്റസ് സിട്രിയോ ഡോറോ’ എന്നയിനമാണ് ഏറ്റവും നന്നായി വളരുന്നത്. ഇവിടത്തെ കാലാവസ്ഥ യൂക്കാലിപ്റ്റസ് കൃഷിയ്ക്ക് വളരെ അനുയോജ്യമാണെന്ന് അറിയിക്കട്ടെ. ഞാനിവ ചട്ടിയിലും കുഴിയെടുത്തും നട്ടുനോക്കിയിരുന്നു. ഇന്നലെ രാത്രി കന്നുകാലികൾ ഏതാനും ചട്ടികൾ പൊട്ടിച്ചുകളഞ്ഞിരിക്കുന്നു’. ഒടുവിൽ മലബാർ കലക്ടർക്ക് ഒന്ന് മനസ്സിലായി. വയനാടും പാലക്കാടും മാത്രമേ യൂക്കാലിപ്റ്റസ് കൃഷിക്ക് ഫലപ്രദമാവുകയുള്ളുവെന്ന സത്യം; ചിതലാണ് യൂക്കാലിപ്റ്റസ് വിത്തുകളുടെ ശത്രുവെന്നും. ചുരുക്കത്തിൽ യൂക്കാലിപ്റ്റസ് കൃഷി വയനാട്ടിൽ വേരുപിടിച്ചു. ചെറിയ തോതിൽ പാലക്കാട്ടും.
ഇന്നിപ്പോൾ വയനാട്ടിൽ പുതിയയിനം യൂക്കാലിപ്റ്റസാണ് നട്ടുവളർത്തുന്നത് എന്ന് ഡിഎഫ്ഒ സത്യൻ പറയുന്നു. ഇവയിൽനിന്ന് തൈലമെടുക്കാറില്ലത്രെ. പൾപ്പാവശ്യത്തിനുവേണ്ടി മാത്രം കൃഷി ചെയ്യുന്നു. നട്ട് പത്തുവർഷം കഴിഞ്ഞാൽ ഇവയിൽനിന്ന് വിളവെടുക്കാം. മൂന്നാർ, ദേവികുളം എന്നിവിടങ്ങളിൽ വൻതോതിൽ ഇപ്പോൾ യൂക്കാലിപ്റ്റസ് കൃഷി ചെയ്തുവരുന്നു. ഇവിടെനിന്നുള്ള മരങ്ങളിൽനിന്നാണ് ഇപ്പോൾ തൈലമെടുക്കുന്നത്. എല്ലാ കൃഷികൾക്കും പുറകിൽ പരീക്ഷണങ്ങളുടെ ഒരു കഥയുണ്ടെന്നതാണ് സത്യം.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽനിന്ന്)
മലബാറിലേക്ക് യൂക്കാലിപ്റ്റസ് വന്ന വഴി

