മത്തിപുരാണം


പൊള്ളുന്ന വിലയാണല്ലോ മത്സ്യത്തിനിപ്പോൾ. ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളൊക്കെ സാധാരണക്കാരന്‌ അപ്രാപ്യമായിത്തീർന്നിരിക്കുന്നു. എങ്ങനെയാണ്‌ കിലോയ്‌ക്ക്‌ 200ഉം 300ഉം കൊടുത്ത്‌ സാധാരണക്കാരൻ ഇവ വാങ്ങിക്കുക. ഇത്തരം വലിയ മത്സ്യങ്ങൾക്കുമുന്നിൽ ഭയഭക്തി ബഹുമാനത്തോടെ നിൽക്കുന്ന സാധാരണക്കാരന്‌ ഏക ആശ്രയം മത്തി എന്ന ചെറുമത്സ്യമാണ്.

മത്തി എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ്‌ അറിയപ്പെട്ടിട്ടുള്ളത്‌. വിലക്കുറവിനോടൊപ്പം സ്വാദും വേണ്ടുവോളമുണ്ട്‌ ഈ മീനിന്‌. ‘കുടുംബം പുലർത്തി’ എന്നൊരു പേരിലും മത്തി അറിയപ്പെടുന്നു. ആരാണീ ഈ പേരിട്ടതെന്ന്‌ അറിയില്ലെങ്കിലും ആളൊരു സഹൃദയനാണെന്ന്‌ സമ്മതിക്കാതെ തരമില്ല. എന്നാൽ അധികമായാൽ അമൃതും വിഷമാണല്ലോ. ഒരു കാലത്ത്‌ മലബാറിലും മത്തി വളരെയധികം ലഭ്യമായിരുന്നു. നിരുപദ്രവകാരിയായ മത്തിയെ ഒരാതംഗവാദിയെപ്പോലെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം, മത്തി തെങ്ങിന്‌ വളമാക്കാൻ വേണ്ടി വെയിലത്തിട്ടുണക്കുന്ന സമ്പ്രദായം കോഴിക്കോട്ടുണ്ടായിരുന്നു. കോഴിക്കോട്‌ നഗരത്തിൽ കുറച്ചൊന്നുമല്ല ഈ സമ്പ്രദായം കുഴപ്പങ്ങൾ ഉണ്ടാക്കിയത്‌. നമുക്ക്‌ ഈ മത്തിപ്രശ്‌നത്തിലേക്ക്‌ ഒന്നു കടന്നുചെല്ലാം. അത്‌ മീൻചാപ്പകളുടെ ചരിത്രം കൂടിയാണ്‌.

മലബാർ കലക്‌ടറും കൊച്ചി ദിവാനും തമ്മിൽ നടത്തിയ ചില എഴുത്തുകുത്തുകളിൽനിന്നാണ്‌ നമുക്ക്‌ ഈ വിഷയത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്‌. 29‐ 07‐ 1915ന്‌ കൊച്ചി ദിവാനായ ബോർ(BHORE) മലബാർ കലക്‌ടർക്കയച്ച കത്തിൽ ഇങ്ങനെ ചോദിച്ചതായി കാണുന്നു: ‘കൊച്ചിയിലും തിരുവിതാംകൂറിലും ധാരാളമായി ലഭിക്കുന്ന മത്തി എന്ന ചെറുമത്സ്യം വളരെയേറെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. നിങ്ങൾ മലബാറിൽ കൂടുതലായി ലഭിക്കുന്ന മത്തി എന്താണ്‌ ചെയ്യാറ്‌?  അവിടെ ഇത്‌ കടലോരത്ത്‌ ഉണക്കുന്ന പതിവുണ്ടോ? ഇങ്ങനെ ചെയ്യുന്നതിനെതിരെ വല്ല നിയമ നടപടികളും മലബാറിൽ സ്വീകരിക്കുന്നുണ്ടോ? എങ്ങനെയാണ്‌ നിങ്ങൾ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്‌? എത്രയും പെട്ടെന്ന്‌ ഇതിന്‌ മറുപടി തരേണ്ടതാണ്‌. കാരണം കൊച്ചിയിൽ മത്തിപ്രശ്‌നം ഒരു വല്ലാത്ത തലവേദന തന്നെയാണ്‌’. ഈ കത്ത്‌ വായിച്ചാൽ നിരുപദ്രവകാരിയായ മത്തി ഇത്രയും വലിയൊരു വില്ലനാണോ എന്ന്‌ നിങ്ങൾ അമ്പരക്കുന്നുണ്ടാകും. എന്നാൽ ഒരു കാര്യം നമ്മൾ മറന്നുപോകുന്നു. ഐസും ഐസ്‌ പ്ലാന്റും ഇല്ലാതിരുന്ന ഒരു കാലമായിരുന്നല്ലോ അത്‌. റോഡ്‌ സൗകര്യങ്ങളും വാഹന സൗകര്യങ്ങളും അക്കാലത്ത്‌ ഇക്കാലത്തെപ്പോലെ ഉണ്ടായിരുന്നില്ലല്ലോ. ഇന്നത്തെ കോൾഡ്‌ സ്‌റ്റോറേജുകളും അന്ന്‌ ഇല്ലായിരുന്നു. അപ്പോൾ ധാരാളമായി പിടിച്ചെടുക്കുന്ന മത്തി ആവശ്യത്തിനെക്കാൾ കൂടുതലാണെങ്കിൽ എന്തുചെയ്യും? അക്കാലത്ത്‌ മലബാറിൽ കൂടുതലായി ലഭിച്ചിരുന്ന മത്തി വളമായിട്ടുപയോഗിക്കുകയായിരുന്നു പതിവ്‌. ഉണക്കിയിട്ടും പച്ചയായിട്ടും തെങ്ങിൻചുവട്ടിൽ വളമായി ഇടുകയായിരുന്നു സമ്പ്രദായം. ഇതാണ്‌ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടായി അനുഭവപ്പെട്ടിരുന്നത്‌. രൂക്ഷമായ ഗന്ധത്തിനുപുറമെയായിരുന്നു ഈച്ചകളുടെയും മറ്റും ശല്യം.

കൊച്ചി ദിവാനിൽനിന്ന്‌ ഇത്തരമൊരു കത്ത്‌ കിട്ടിയപ്പോൾ മലബാർ കലക്‌ടർ വിശദമായിത്തന്നെ ഒരു മറുപടി എഴുതിയതായി കാണുന്നു. ഈ മറുപടിയിൽനിന്ന്‌ അക്കാലത്ത്‌ മലബാറിൽ നിലനിന്നിരുന്ന മത്തിയുണക്കൽ പ്രശ്‌നത്തെക്കുറിച്ചുള്ള പൂർണമായ ഒരു ചിത്രം നമുക്ക്‌ ലഭിക്കുന്നുണ്ട്‌. അതിങ്ങനെ: ‘കോഴിക്കോട്‌ നഗരത്തിൽ കടൽപ്പാലം മുതൽ ബീച്ചിലെ സെമിത്തേരി വരെയുള്ള കടൽത്തീരമാണ്‌ മത്തി ഉണക്കുവാൻ നാട്ടുകാർ ഉപയോഗിക്കുന്നത്‌. കോഴിക്കോട്ട്‌ ഏറ്റവും കൂടുതൽ മത്തി ലഭിച്ചത്‌ 1913ലാണ്‌. അധികമായി ലഭിക്കുന്ന മത്തി ഉണക്കിയും പച്ചയായും ഇവർ തെങ്ങിൻചുവട്ടിലിടുന്നു. 1913ലാണ്‌ കോഴിക്കോട്‌ നഗരത്തിൽ കോളറ എന്ന പകർച്ചവ്യാധി സംഹാരതാണ്ഡവമാടിയിരുന്നത്‌ എന്നത്‌ ഓർക്കുമല്ലോ. ഈച്ചകളുടെയും മണിയനീച്ചകളുടെയും ആക്രമണം ഇതിനു മുമ്പൊരിക്കലും നഗരവാസികൾ അനുഭവിച്ചിട്ടില്ലാത്ത രീതിയിൽ രൂക്ഷമായിത്തന്നെ അനുഭവപ്പെട്ടിരുന്നു. കോളറയുടെ അണുക്കൾ ഈ ഈച്ചകളാണ്‌ കൊണ്ടുനടന്നിരുന്നതെന്ന്‌ ഞങ്ങൾ ബലമായി സംശയിക്കുന്നു. പൊന്നാനിയിൽ മത്തി പച്ചയായിത്തന്നെയാണ്‌ തെങ്ങിൻചുവട്ടിൽ വളമായി ഇടുന്നത്‌. ഇവിടെയും കോളറയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. ഇതിനുപുറമെയാണ്‌ രൂക്ഷമായ ദുർഗന്ധത്തിന്റെ ശല്യവും.
കോഴിക്കോട്‌ നഗരത്തിൽ മൂക്കു പൊത്തിയല്ലാതെ നടക്കാൻ പറ്റാത്ത ഒരവസ്ഥയാണ്‌ ഇക്കാലങ്ങളിൽ നിലവിലുള്ളത്‌. എന്നാൽ 1913നു ശേഷം ഉയർന്നുവന്നിട്ടുള്ള ചില മീനെണ്ണ ഫാക്‌ടറികൾ  ഈ ശല്യത്തെ കുറെയൊക്കെ നിയന്ത്രിക്കുന്നുണ്ട്‌. അതിനാൽ എന്റെ അഭിപ്രായത്തിൽ മീനെണ്ണ ഫാക്‌ടറികളെ പ്രോത്സാഹിപ്പിക്കുകയാണ്‌ ഈയൊരു പ്രശ്‌നത്തിന്‌ ഞാൻ കാണുന്ന ഒരു പോംവഴി. പക്ഷേ, ഒരു കാര്യം ഓർക്കുമല്ലൊ. മീനെണ്ണ ഫാക്‌ടറികൾ എപ്പോഴും ചെറുതായിരിക്കണം. കാരണം, മത്തി എല്ലാ വർഷവും സുലഭമായി ലഭിക്കണമെന്നില്ല. നമുക്ക്‌ മത്തി ഉണക്കലിനെ നിയമം മൂലം പാടേ നിരോധിക്കുവാൻ കഴിയില്ല. കാരണം, ഇതൊരു വ്യാപകമായ ബിസിനസാണ്‌. മലബാറിൽ തലശ്ശേരിയിലാണ്‌ ഈ മത്തിയുണക്കൽ നിയമം മൂലം ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുള്ളത്‌. 1907ൽ തലശ്ശേരിയിലെ ഡിവിഷണൽ ഓഫീസർ ചില ചട്ടങ്ങൾ കൊണ്ടുവരികയും സർക്കാർ അത്‌ 1908ൽ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ ചട്ടപ്രകാരം മത്തിയുണക്കാൻ തിരഞ്ഞെടുത്ത ചില സ്ഥലങ്ങൾമാത്രം അനുവദിച്ചുകൊടുക്കുന്നു. ഈ സ്ഥലങ്ങളെ നാട്ടുകാർ മീഞ്ചാപ്പകൾ എന്നാണ്‌ വിളിച്ചുവരുന്നത്‌. സർക്കാറിൽനിന്നും ലൈസൻസ്‌ എടുത്തവരെ മാത്രമേ ഇത്തരം സ്ഥലങ്ങളിൽ മത്തിയുണക്കാൻ സമ്മതിക്കാറുള്ളു. ജനവാസം കുറഞ്ഞ സ്ഥലങ്ങളാണ്‌ തലശ്ശേരിയിൽ ഇതിനായി തിരഞ്ഞെടുത്തു കാണുന്നത്‌. 1913ലെ കോളറ ആക്രമണത്തെത്തുടർന്ന്‌ കോഴിക്കോട്‌ മുനിസിപ്പൽ കൗൺസിലിനോടും തലശ്ശേരിയിലെ ഈ ചട്ടങ്ങൾക്കനുസരണമായി നിയമമുണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌’.

എന്തുകൊണ്ടാണ്‌ ഈ രേഖകളിൽ എല്ലാം തന്നെ മത്തിയെക്കുറിച്ചുമാത്രം പരാമർശിക്കുന്നുവെന്ന്‌ മനസ്സിലാവുന്നില്ല. ഒരുപക്ഷേ, യന്ത്രവൽകൃത ബോട്ടുകളും മേൽത്തരം വലകളും ഇല്ലാതിരുന്ന അക്കാലത്ത്‌ നാടൻ തോണികൾക്ക്‌ ലഭ്യമായിരുന്നത്‌ മത്തി മാത്രമായിരിക്കും. ഏതായാലും ഇക്കാലത്തെ തലമുറയോട്‌ ഒരുകാലത്ത് തെങ്ങിന്‌ വളമായി മത്തി ഇട്ടിരുന്നു എന്നുപറഞ്ഞാൽ അവർ നോൺസെൻസ്‌ എന്നേ പറയൂ. കോഴിക്കോട്‌ വെള്ള ചിൽ മുൻപുണ്ടായിരുന്ന മീഞ്ചാപ്പകളുടെ ശേഷിപ്പുകൾ ഇപ്പോഴും നിങ്ങൾക്ക്‌ കാണാം.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *