ഇപ്പോൾ കോഴിക്കോട്ടുകാരുടെ ദാഹം മാറ്റുന്ന മാനാഞ്ചിറ പണ്ട് തളി വരെ വ്യാപിച്ചുകിടന്ന സാമൂതിരിക്കോവിലകത്തിന്റെ ഭാഗമായ കുളമായിരുന്നു. സാമൂതിരി രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമന്റെ പേരാണ് കുളത്തിന് കൊടുത്തിട്ടുള്ളത്. ഇപ്പോൾ ഹജൂരും സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയും മറ്റുമുള്ള സ്ഥലത്തായിരുന്നു കൊട്ടാരം. ഈ പ്രദേശം ഇപ്പോഴും കോട്ടപ്പറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്നത്തെ മാനാഞ്ചിറ മൈതാനം സാമൂതിരിഭരണത്തിന്റെ സുവർണകാലത്ത് സാമൂതിരിയുടെ അംഗരക്ഷകന്മാരായ ചാവേർമാരുടെ അഭ്യാസപ്രകടനരംഗമായിരുന്നു. ഇന്നത്തെ മുതലക്കുളം, കൊട്ടാരത്തിലെ അടുക്കളക്കുളമായിരുന്നു. മുതലകളെ വളർത്തിയ കുളമായതുകൊണ്ട് ഈ പേര് വന്നു. അവിടെ മുതലകളെക്കൊണ്ടുള്ള സത്യപരീക്ഷയും നടന്നിരുന്നുവത്രേ. മാനാഞ്ചിറയ്ക്കുചുറ്റുമാണ് കോഴിക്കോട് നഗരം വളർന്നത്. ഇന്നും വറ്റാത്ത ചിറ നഗരത്തിന്റെ നിത്യമായ ജലസ്രോതസ്സാണ്.
(എം ജി എസ് നാരായണന്റെ ‘കോഴിക്കോടിന്റെ കഥ’ പുസ്തകത്തിൽനിന്ന്)

