അരിക്ഷാമത്തിന്റെ ചരിത്രം

അരിവില കുതിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്‌. അരിയില്ലാതെ മലയാളിക്ക്‌ ജീവിക്കാൻ കഴിയില്ല. മുട്ടയും ഇറച്ചിയും അരിക്കുപകരമാകാം എന്ന്‌ അനന്തപുരിയിലെ തമാശകൾ. പക്ഷേ, ഫലിതങ്ങൾ അരിവില കുറക്കുന്നില്ല. മലബാറിന്റെ ചരിത്രത്തിലുണ്ടായ അരിക്ഷാമത്തെക്കുറിച്ച്‌ നമുക്ക്‌ അൽപ്പം മനസ്സിലാക്കാം.

1918ൽ കോഴിക്കോട്ടെ ജനങ്ങളെയും ഇംഗ്ലീഷ്‌ ഭരണാധികാരികളെയും കുറച്ചൊന്നുമല്ല അരിക്ഷാമം ബുദ്ധിമുട്ടിച്ചത്‌. ഈ അരിക്ഷാമം ഇംഗ്ലീഷുകാർ നേരിട്ടത്‌ വില കുറഞ്ഞ ഫലിതങ്ങളിൽകൂടിയല്ല, ധീരമായ നടപടികളിൽകൂടിയാണ്‌. അതിലേക്കാണ്‌ ഇവിടെ കണ്ണോടിക്കുന്നത്‌.

പണ്ടൊക്കെ വേലയ്‌ക്ക്‌ കൂലി ഭക്ഷണമായിരുന്നല്ലോ. അതല്ലെങ്കിൽ നെല്ലോ അരിയോ കൂലിയായി കൊടുത്തുപോന്നു. അതുകൊണ്ടുതന്നെ 1918ലെ  അരിക്ഷാമം ജനങ്ങളെ പൊറുതിമുട്ടിച്ചു. കോഴിക്കോട്ടെ പട്ടിണിമരണങ്ങളെക്കുറിച്ചും അരിക്ഷാമത്തെക്കുറിച്ചും തഹസിൽദാർ വിശദമായ റിപ്പോർട്ടുതന്നെ കലക്‌ടർക്ക്‌ നൽകുന്നുണ്ടായിരുന്നു. തഹസിൽദാർ കൊടുത്ത റിപ്പോർട്ടിൽ ദിനംപ്രതി ആയിരം ചാക്ക്‌ അരി വേണമെന്നും പ്രാന്തപ്രദേശത്ത്‌ ദിനംപ്രതി രണ്ടായിരം ചാക്ക്‌ അരി വേണമെന്നും പ്രത്യേകം അറിയിച്ചിരുന്നു. കലക്‌ടറാവട്ടെ ഈ വിവരങ്ങൾ അപ്പപ്പോൾ ഗവൺമെന്റിന്റെ ഭക്ഷ്യ ഏജന്റിനെ ധരിപ്പിക്കുകയും ചെയ്‌തുപോന്നു. ഭക്ഷ്യ ഏജന്റ്‌ ഒരു റിപ്പോർട്ട് മടക്കിയത്‌ രസാവഹമായ ഒരു കാരണത്താലാണ്‌. അദ്ദേഹം 1918 ജൂൺ 13ന്‌ ഒരു റിപ്പോർട്ട്‌ മടക്കിയത്‌ ഇങ്ങനെ: ‘നഗരവാസികളുടെ ബുദ്ധിമുട്ടുകൾ കാണിച്ച്‌ താങ്കൾ അയച്ച റിപ്പോർട്ട്‌ കിട്ടി. എന്നാൽ ഈ റിപ്പോർട്ടിൽ കോഴിക്കോട്ടെ നാട്ടാനകളുടെ കാര്യം പറഞ്ഞിട്ടില്ല. അവർക്കും അരിഭക്ഷണം വേണ്ടതുതന്നെ. അതിനാൽ ഉടനടി കോഴിക്കോട്ടുള്ള നാട്ടാനകളുടെ എണ്ണം കൂടി കാണിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കണം. ഞാൻ മനസ്സിലാക്കുന്നത്‌ കോഴിക്കോട്ട് അറുനൂറോളം നാട്ടാനകളുണ്ടെന്നാണ്‌.’ ജനങ്ങളെ മാത്രമല്ല, മറ്റു ജീവജാലങ്ങളെയും സ്‌നേഹിച്ചിരുന്ന ഒരു ഭരണവർഗം നമുക്കുണ്ടായിരുന്നു എന്ന്‌ ഈ റിപ്പോർട്ട്‌ തെളിയിക്കുന്നു.

കോഴിക്കോട്ടുനിന്നും മറ്റു ജില്ലകളിലേക്ക്‌ അരി കടത്തുന്നുണ്ടെന്ന്‌ വിവരം കിട്ടിയതിനെത്തുടർന്ന്‌ നിയമം മൂലം അത്‌ തടയുകയാണ്‌ കലക്‌ടർ ആദ്യം ചെയ്‌തത്‌. മാത്രമല്ല, 600 പറയിൽക്കൂടുതൽ നെല്ലളക്കുന്നവർ സർക്കാറിന്‌ നെല്ല്‌ വിൽക്കണമെന്നും നിയമം കൊണ്ടുവന്നു. അക്കാലത്ത്‌ സാധാരണയായി ജൂൺ, ജൂലായ്‌ മാസങ്ങളിൽ ബോംബെയിലേക്കുള്ള കപ്പൽ സർവീസ്‌ നിർത്തിവെക്കുമായിരുന്നു. മഴ കഴിഞ്ഞാൽ കപ്പൽ സർവീസ്‌ പുനരാരംഭിക്കുമെന്നും അരി കള്ളക്കടത്തായി കൊണ്ടുപോകാൻ ഇടയുണ്ടെന്നും സർക്കാർ മുൻകൂട്ടി മനസ്സിലാക്കി. ആയതിനാൽ കപ്പൽ മുഖാന്തരം കോഴിക്കോട്ടുനിന്നും അരി മറ്റു സ്ഥലത്തേക്ക്‌ കൊണ്ടുപോകുന്നത്‌ കലക്‌ടർ ഒരു കൽപ്പനയിലൂടെ വിലക്കി. നഗരാതിർത്തികളിൽ ചെക്ക്‌ പോസ്‌റ്റുകൾ ആരംഭിക്കലായിരുന്നു അടുത്ത നടപടി. കോഴിക്കോട്ടെ പന്നിയങ്കരയിലാണ്‌ ആദ്യത്തെ ചെക്ക്‌ പോസ്‌റ്റ്‌ തുടങ്ങിയത്‌.  ചൗക്കിഎന്നാണ്‌ ബ്രിട്ടീഷുകാർ ഇതിനെ വിളിച്ചുവന്നത്‌. ഓരോ ചൗക്കിയിലും രണ്ട്‌ ചൗക്കിദാർമാരെ നിയമിച്ചു. എട്ടണയായിരുന്നു ശമ്പളം.

അരിക്ഷാമം ഉണ്ടാകുന്നത്‌ അരി പൂഴ്‌ത്തിവെക്കുന്നതുമൂലമാണെന്ന്‌ രഹസ്യ പൊലീസ്‌ റിപ്പോർട്ട്‌ കൊടുത്തു. മൊത്തക്കച്ചവടക്കാരേക്കാൾ കൂടുതലായി ഇത്‌ ചെയ്യുന്നത്‌ ചെറുകിട കച്ചവടക്കാരാണ്‌. തുടർന്ന്‌ കലക്‌ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അരി കമ്മിറ്റി, എമർജൻസി കമ്മിറ്റി എന്നീ ജനകീയ കമ്മിറ്റികൾ രൂപവത്‌കരിച്ചു. പൂഴ്‌ത്തിവെപ്പുകാരെക്കുറിച്ച്‌ വിവരം ധരിപ്പിക്കുക എന്നതായിരുന്നു അരി കമ്മിറ്റികളുടെ ദൗത്യം. കോഴിക്കോട്‌ മജിസ്‌ട്രേട്ടുമാരോട്‌ പൂഴ്‌ത്തിവെപ്പുകാർക്ക്‌ കഠിനശിക്ഷ കൊടുക്കാനും ശിക്ഷയെക്കുറിച്ച്‌ കച്ചവടക്കാർക്ക്‌ മുന്നറിയിപ്പ്‌ നൽകാനും നിർദേശം ഉണ്ടായിരുന്നു. ‘ചാട്ടവാറടി’ അന്നത്തെ നല്ലൊരു ശിക്ഷാരീതിയായിരുന്നു. അടി കൊള്ളുന്നവർ വേദന സഹിക്കുന്നു എന്നതിനെക്കാൾ ‘ഫോർ പീപ്പിൾ’ അറിയും എന്നതായിരുന്നു കച്ചവടക്കാരെ വിഷമിപ്പിച്ചിരുന്നത്‌.  കാരണം അക്കാലത്ത്‌ ഷർട്ട്‌ ഇടുന്ന ഏർപാട്‌ ഇല്ലായിരുന്നല്ലോ.

മലബാർ കലക്‌ടർ തന്റെ കീഴുദ്യോഗസ്ഥരെ ഒറീസയിലേക്കും ബംഗാളിലേക്കും സിംലയിലേക്കും അരിസമ്പാദനത്തിനായി പറഞ്ഞയച്ചിരുന്നു. ഇങ്ങനെ ശേഖരിച്ച അരി കോഴിക്കോട്ടെ കച്ചവടക്കാരോട്‌ എത്രയും പെട്ടെന്ന്‌ നഗരത്തിൽ എത്തിക്കാൻ കൽപ്പനയായി. അക്കാലത്ത്‌ റെയിൽവേ ഗതാഗതം അത്രക്കൊന്നും പുരോഗമിച്ചിട്ടില്ലാതിരുന്നതിനാൽ വാഗൺ കിട്ടുക എളുപ്പമായിരുന്നില്ല. അന്ന്‌ രണ്ടു നിറത്തിലുള്ള പാസ്‌ റെയിൽവേ കച്ചവടക്കാർക്ക്‌ കൊടുത്തുവന്നിരുന്നു. ചുവപ്പും നീലയും. ഇതിൽ നീല പാസുള്ളവർക്കാണ്‌ വാഗൺ ലഭ്യമാകുന്നതിൽ മുൻഗണന ഉണ്ടായിരുന്നത്‌. മലബാർ കലക്‌ടർ ഇടപെട്ടതിനെത്തുടർന്ന്‌ കോഴിക്കോട്ടെ കച്ചവടക്കാർക്ക്‌ നീല പാസ്‌ തന്നെ കിട്ടി. തുടർന്ന്‌ മറ്റൊരു പ്രശ്‌നമുണ്ടായി. നീല പാസ്‌ കിട്ടിയ കച്ചവടക്കാർ അരിക്കുപകരം മറ്റു സാധനങ്ങൾ കൊണ്ടുവരാൻ തുടങ്ങി. ഇത്‌ തടയാൻ നീല പാസ്‌ കൊടുക്കുന്നതിന്‌ കച്ചവടക്കാരുടെ സ്വഭാവ സർട്ടിഫിക്കറ്റ്‌ അനിവാര്യമെന്ന്‌ റെയിൽവേ നിയമം കൊണ്ടുവന്നു. മലബാർ കലക്‌ടർ കോഴിക്കോട്ടെ ഒരു അരിക്കച്ചവടക്കാരന്‌ കൊടുത്ത സ്വഭാവ സർട്ടിഫിക്കറ്റ്‌ ഇങ്ങനെ: ‘ഇദ്ദേഹത്തിന്‌ നീല സർട്ടിഫിക്കറ്റ്‌ കൊടുക്കാം.കോഴിക്കോട്ടെ ഒന്നാംതരം അരിക്കച്ചവടക്കാരനാണ്‌ ഇദ്ദേഹം. മിടുക്കനും സൽസ്വഭാവിയുമാണ്. പാസ്‌ ദുരുപയോഗപ്പെടുത്തില്ല’. ആരാണീ കച്ചവടക്കാരൻ എന്നറിയേണ്ടേ. സാക്ഷാൽ എകെടികെഎം ശങ്കരൻ നമ്പൂതിരിപ്പാട്‌ തന്നെ. ദേശമംഗലം മനയിലെ ശങ്കരൻ നമ്പൂതിരിപ്പാട്‌.  നമ്പൂതിരി സമുദായത്തോട്‌ ഭൂമിയെ കെട്ടിപ്പിടിച്ചിരിക്കാതെ വ്യവസായത്തിലേക്കും കച്ചവടത്തിലേക്കും തിരിയാൻ പ്രേരിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ്‌. തിരുവണ്ണൂർ കോട്ടൺ മില്ലിന്റെ അമരത്തിരുന്ന നമ്പൂതിരി. ഇദ്ദേഹത്തിന്റെ മക്കളും പേരക്കിടാങ്ങളുമായി തലമുറകളായി കോഴിക്കോട്ടെ അരിക്കച്ചവടരംഗത്ത്‌ സാന്നിധ്യം പുലർത്തുന്നു, ഇപ്പോഴും.

അങ്ങനെ കാര്യക്ഷമവും ധീരവുമായ ഏതാനും നടപടികളാൽ കോഴിക്കോട്ടെ അരിക്ഷാമംചുരുങ്ങിയ സമയം കൊണ്ട്‌ മലബാർ കലക്‌ടർ അവസാനിപ്പിച്ച ചരിത്രം വർത്തമാന കാലത്ത്‌ ഏവരും അറിഞ്ഞിരിക്കേണ്ടതാണ്‌.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *