വയനാടിനെ എങ്ങനെ കൈപിടിച്ചുയർത്താം

ജീവിതം തളംകെട്ടി നില്‌ക്കുന്നുവെന്ന്‌ നിങ്ങൾക്കൊരു തോന്നലുണ്ടോ? എങ്കിൽ മടിക്കേണ്ട. വയനാട്ടിലേക്കൊരു യാത്ര തരപ്പെടുത്തുക. അത്രയ്‌ക്ക്‌ മനോഹരമാണ്‌ വയനാട്‌. മുത്തങ്ങ വൈൽഡ്‌ ലൈഫ്‌ സാങ്‌ചുറിയിൽ ഒരുദിവസം തങ്ങുക. സ്രാമ്പിയെന്ന റസ്‌റ്റ്‌ ഹൗസ്‌ തന്നെ താമസിക്കുവാൻ തെരഞ്ഞെടുക്കുക. കാടിനും സംഗീതമുണ്ടെന്നു നിങ്ങൾ സമ്മതിക്കും. ഒരല്‌പം സാഹസികത ഇഷ്‌ടപ്പെടുന്നവനാണെങ്കിൽ പക്ഷിപാതാളത്തിലേക്കൊരു ട്രക്കിങ്‌ സൗകര്യപ്പെടുത്തുക. ഇതിനുപുറമെയാണ്‌ ബാണാസുരസാഗർ അണക്കെട്ടും പൂക്കോട്‌ തടാകവും കുറുവ ദ്വീപുമൊക്കെ. നിർവചനങ്ങൾക്കപ്പുറത്തുള്ള അനുഭൂതികളിലേക്കാണ്‌ ഇവയൊക്കെ നിങ്ങളെ എത്തിക്കുക.

താമരശ്ശേരി ചുരത്തിൽനിന്ന്‌ വേണമെങ്കിലൊരു സായാഹ്ന ആസ്വാദനവുമാകാം. വയനാടിന്റെ സംസ്‌കൃതനാമം ‘മയക്ഷേത്ര’ എന്ന പേരുപോലെത്തന്നെ സുന്ദരമാണ്‌ ഇവിടത്തെ കാഴ്‌ചകൾ. ചുരുക്കിപ്പറഞ്ഞാൽ മടങ്ങിവരുമ്പോൾ ജീവിതം ഒന്ന്‌ റീചാർജ്‌ ചെയ്‌തപോലെ നിങ്ങൾക്കു തോന്നും ജീവിതം അനുസ്യൂതം ഒഴുകുന്നതായി. മാറിമാറി വരുന്ന സർക്കാറുകൾ വയനാടിന്റെ പുരോഗതിക്കുവേണ്ടി തങ്ങളാലാകുന്നത്‌ ചെയ്‌തിട്ടുണ്ടെന്ന്‌ സമ്മതിക്കാതെ വയ്യ. 1837‐ൽ ബ്രിട്ടീഷ്‌ സർക്കാറും വയനാടിനെ പുരോഗതിയിലേക്ക്‌ കൈപിടിച്ചുയർത്തുവാൻ എന്തെങ്കിലുമൊക്ക ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ഒരെഴുത്തിലൂടെ വയനാടിന്റെ പുരോഗതിക്കായി സബ്‌ കലക്‌ടർ മലബാർ കലക്‌ടർക്കുമുന്നിൽ വെച്ച നിർദേശങ്ങളിലേക്ക്‌ നാം കടക്കുകയാണ്‌. അതിങ്ങനെ:

1837‐ൽ വയനാട്ടിലെ സബ്‌ കലക്‌ടർ മലബാർ കലക്‌ടർക്ക്‌ അയച്ച ഒരെഴുത്ത്‌ ഇതിന്റെ സാക്ഷ്യപത്രം തന്നെ. ‘സർ, വയനാടിന്റെ അഭിവൃദ്ധിക്കുവേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ താങ്കളുടെ പരിഗണനയ്‌ക്കായി ഞാൻ എഴുതി അറിയിക്കട്ടെ. വയനാടൻ ചുരത്തിന്‌ മീതെയായി 1160 സ്‌ക്വയർ മൈൽസിന്റെ വിസ്‌തൃതിയിൽ കിടക്കുന്നതും ജനസംഖ്യ 35,959 മാത്രം വരുന്നതുമായ ഒരു പ്രദേശമാണ്‌ വയനാട്‌. നല്ലവണ്ണം മഴ കിട്ടുന്നതും ഫലഭൂയിഷ്‌ഠമായ മണ്ണോടുകൂടിയതുമായ ഒരു പ്രദേശമാണ്‌ വയനാട്‌. വയനാടൻ ജനതയുടെ മേൽ നാം കാര്യമായ നികുതിയൊന്നും ചുമത്താറില്ല. കഴിഞ്ഞ പുത്തതു വർഷമായി കമ്പനിയുടെ കീഴിലാണ്‌ വയനാടെങ്കിലും വലിയ അഭിവൃദ്ധിയൊന്നും ഈ പ്രദേശത്തിനുണ്ടായിട്ടില്ല. ടിപ്പു സുൽത്താന്റെ ഭരണത്തിനുകീഴിൽ വളരെയേറെ കഷ്‌ടപ്പാടുകൾ ഇവിടത്തെ ജനത അനുഭവിക്കേണ്ടി വന്നു. മതപരിവർത്തനത്തിന്‌ വിധേയമായവരാണ്‌ ജനങ്ങളിൽ ചെറിയൊരു ഭാഗം. ബാക്കിയുള്ളവരാകട്ടെ, വയനാട്ടിൽനിന്നന്‌ പലായനം ചെയ്യുകയും ചെയ്‌തു. അതുകൊണ്ടുതന്നെ ഇവിടെ ജനസാന്ദ്രത തീരെ കുറവാണ്‌. ടിപ്പുവിന്റെ ഭരണം മൂലം വയനാട്ടിലെ ജനസാന്ദ്രത കുറഞ്ഞുവെന്നതാണ്‌ ആകെ ഉണ്ടായ ഒരു ഗുണം. തലശ്ശേരിയിൽനിന്നോ മൈസൂരുനിന്നോ ജനതയെ വയനാട്ടിൽ കൊണ്ടുവന്ന്‌ താമസിപ്പിക്കേണ്ടിയിരിക്കുന്നു നാം. വയനാട്ടിലെ കാലാവസ്ഥ തന്നെയാണ്‌ മൈസൂരും ഉള്ളത്‌ എന്നതിനാൽ ഇവിടെ കൃഷിയില്ലാത്തിടത്തോളം കാലം മൈസൂരുനിന്നും ജനങ്ങൾ ഇവിടേക്ക്‌ കുടിയേറിപ്പാർക്കില്ല.  വയനാട്ടിൽ കൃഷി  വ്യാപകമായാൽ മാത്രമേ മൈസൂരു നിന്നും കുടിയേറ്റക്കാർ ഇവിടെ എത്തുകയുള്ളു. പക്ഷേ, ഇന്നിപ്പോൾ വയനാട്ടിൽ കൃഷി കുറവും കാടുകൾ അധികവുമാണ്‌. അതിനാൽ മൈസൂരു നിന്നും കുടിയേറ്റക്കാരുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കേണ്ട. എന്നാൽ മലബാറിലെ ജനങ്ങളാകട്ടെ, അവരുടെ പ്രത്യേക ആചാരങ്ങൾകൊണ്ടും ശാരീരികഘടന നിമിത്തവും വയനാട്ടിലേക്കെന്നല്ല, ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഗത്തേക്കുപോലും കുടിയേറാനിഷ്‌ടമില്ലാത്തവരാണ്‌. വന്നാൽത്തന്നെ അവർ വേഗം മരിക്കുകയോ ആരോഗ്യം നഷ്‌ടപ്പെടുന്നവരോ ആയിത്തീരുന്നു. ചുരത്തിന്‌ താഴെയുള്ള അരിയുടെ വിലയുടെ നേർപകുതിയേ ഇവിടെയുള്ളു. എന്നിട്ടുപോലും താഴെയുള്ളവർ ഇവിടെയെത്താൻ മടിക്കുന്നു. ചുരത്തിനു താഴെനിന്നും മാപ്പിളമാർ മാത്രമാണ്‌ ഇങ്ങോട്ടെത്തുന്നത്‌. എന്നിട്ടുപോലും തറവാടികളായ മാപ്പിളമാർ ഇവിടേക്കു വരാറില്ല. വയനാടിന്റെ അഭിവൃദ്ധിക്കായി എന്തു ചെയ്യണമെന്നാണല്ലോ താങ്കളുടെ ചോദ്യം.

താഴെ പറയുന്ന കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയ്‌ക്കായി ഞാൻ നിർദേശിക്കട്ടെ. 1) വയനാട്ടിലെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുക. 2) വയനാട്ടിലേക്ക്‌ പുറമെനിന്നുള്ള അധ്വാനശീലരായ കുടുംബാംഗങ്ങളെ കൊണ്ടുവന്ന്‌ താമസിപ്പിക്കുക. ഇതിനായി എല്ലാവിധ ആനുകൂല്യങ്ങളും ഇവർക്ക്‌ കൊടുക്കുക. 3) നികുതി കുറയ്‌ക്കുക. 4) വന്യമൃഗങ്ങളെ നശിപ്പിക്കുക. വയനാട്ടിൽ ഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കേണ്ടതായിട്ടുണ്ട്‌. കണ്ണൂർ, തലശ്ശേരി എന്നീ ഭാഗങ്ങളിൽ നിന്ന്‌ ബാംഗ്ലൂർ, മൈസൂർ ഭാഗത്തേക്കു പോകുന്നതും വയനാടിന്റെ വടക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതുമായ ബാവലി മുതൽ പെരിയ ചുരം വഴിയുള്ള റോഡ്‌ നന്നാക്കേണ്ടതായിട്ടുണ്ട്‌. സൈനിക നീക്കത്തിനും ഈ റോഡിന്റെ ആവശ്യകത അത്യന്താപേക്ഷിതമാണ്‌. 1500 മുതൽ 2000 രൂപ വരെ മുടക്കി ഇത്‌ നന്നാക്കേണ്ടതും എല്ലാവർഷവും റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 500 രൂപ നീക്കിവെക്കേണ്ടതുമാണ്‌. കോഴിക്കോട്ടുനിന്ന്‌ താമരശ്ശേരി ചുരം വഴിയുള്ള റോഡ്‌ ഗതാഗതവും നാം നന്നാക്കേണ്ടതായിട്ടുണ്ട്‌. വളരെയധികം ആൾക്കാർ യാത്ര ചെയ്യുന്ന റോഡാണിത്‌. വളരെ ശോചനീയമാണ്‌ റോഡിന്റെ അവസ്ഥ. 2000 രൂപ മുടക്കി റോഡ്‌ നന്നാക്കുകയും വർഷംതോറുമുള്ള അറ്റകുറ്റപ്പണികൾക്കുമായി 500 രൂപ നീക്കിവെക്കേണ്ടതുമാണ്‌. വയനാടിന്റെ തെക്കൻ ഭാഗങ്ങളെ വാണിജ്യപരമായി കോഴിക്കോടുമായി ബന്ധപ്പെടുത്തുന്നതാണ്‌ ഈ റോഡ്‌. വയനാടിന്റെ മധ്യഭാഗങ്ങളിൽനിന്നുള്ള ധാന്യങ്ങൾ തീരപ്രദേശത്തെത്തിക്കുന്നതിന്‌ പ്രാധാന്യമായ ഒരു റോഡാണ്‌ കുറ്റ്യാടി ചുരം വഴിയുള്ള റോഡ്‌. ഇതിനായിട്ടും നല്ലൊരു തുക നാം നീക്കിവെക്കേണ്ടതാണ്‌. നീലഗിരിയിൽനിന്നുള്ള യാത്രക്കാർ കടന്നുപോകുന്ന സുൽത്താൻ ബത്തേരി ഗൂഡല്ലൂർ റോഡും നന്നാക്കേണ്ടതായിട്ടുണ്ട്‌. സീഗൂറിലെത്തുന്നതാണ്‌ ഈ റോഡ്‌. സുൽത്താൻ ബത്തേരിയിൽനിന്ന്‌ പുതിയ റോഡ്‌ ഉണ്ടാക്കിയതോടുകൂടിയാണ്‌ ഈ റോഡിന്റെ കഷ്‌ടകാലമാരംഭിച്ചത്‌. അതിനാൽ ഗൂഡല്ലൂർ റോഡിനെ നാം മറന്നുകൂടാ. വയനാട്ടിലെ അരി സീഗൂറിലെത്തുന്നത്‌ 27 മൈൽ നീളമുള്ള നാമുണ്ടാക്കിയ പുതിയ റോഡ്‌ വഴിയാണ്‌. റോഡുകൾമാത്രം നിർമിച്ചതുകൊണ്ട്‌ കാര്യമില്ല. ട്രാവലേഴ്‌സ്‌ ബംഗ്ലാവുകളും നാം നിർമിക്കേണ്ടതായിരിക്കുന്നു. ലക്കിടി, പെരിയ, നിലക്കോട്ട, പനമരം, കല്‌പറ്റ, മാനന്തവാടി എന്നിവിടങ്ങളിലായി ട്രാവലേഴ്‌സ്‌ ബംഗ്ലാവുകളും മുസാഫിർഖാനകളും നിർമിക്കേണ്ടിയിരിക്കുന്നു. ട്രാവലേഴ്‌സ്‌ ബംഗ്ലാവുകൾക്ക്‌ 200 രൂപയും മുസാഫിർഖാനകൾക്ക്‌ 75 രൂപയും ചെലവ്‌ വരും.

വയനാട്ടിൽ ജനസാന്ദ്രത തീരെയില്ലാത്തതിനാൽ നാം കുടിയേറ്റക്കാരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കേണ്ടതായിട്ടുണ്ട്‌. ആദ്യമായി നാം ചെയ്യേണ്ടത്‌ വടക്കൻ മേഖലകളിൽനിന്ന്‌ ആരോഗ്യമുള്ള 20 കൃഷിക്കാരെ ഇവിടെ കുടുംബസമേതം പാർപ്പിക്കുക എന്നതാണ്‌. മാനന്തവാടിയിലായാൽ വളരെ നല്ലത്‌. അവരെ ഭൂനികുതിയിൽനിന്നൊഴിവാക്കുക.  ഇതിനുപുറമെ കൃഷിക്കാവശ്യമുള്ള സാധനസാമഗ്രകിളും നാമവർക്ക്‌ സൗജന്യമായി നൽകണം. ഒരു പരീക്ഷണാർഥമാണ്‌ നാമിത്‌ ചെയ്യുന്നത്‌. വിജയിക്കുന്നപക്ഷം മറ്റു കുടിയേറ്റക്കാരെയും വയനാടിന്റെ മറ്റു പ്രദേശങ്ങളിൽ വിന്യസിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നപക്ഷം കൂടുതൽ ഉത്സാഹശാലികളായ ജനതയെ വയനാട്ടിൽ വാർത്തെടുക്കുവാൻ കഴിയും. മണ്ണിന്റെ സ്വഭാവമനുസരിച്ചോ, ശരിക്കുള്ള സ്ഥലത്തിന്റെ വിസ്‌തൃതിക്കനുസരിച്ചോ അല്ല നാമിപ്പോൾ ടാക്‌സ്‌ പിരിച്ചെടുക്കുന്നത്‌. റവന്യൂ ഉദ്യോഗസ്ഥരുടെ കള്ളവും ചതിയും ഇതിനാൽ നിർബാധം തുടരുന്നു. ഇത്തരത്തിൽ കള്ളവും ചതിയുമായി നടക്കുന്ന റവന്യൂ ഉദ്യോഗസ്ഥന്മാർക്ക്‌ നാം തക്കതായ ശിക്ഷ കൊടുക്കേണ്ടതാണ്‌.

വന്യമൃഗങ്ങളെ നശിപ്പിക്കുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. വന്യമൃഗങ്ങളെ കൊല്ലുന്നവർക്ക്‌ നാം പാരിതോഷികം കൊടുക്കാറുണ്ടെങ്കിലും ആരുംതന്നെ വാങ്ങിക്കുവാൻ മിനക്കെടാറില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ കൈമടക്കിനെ ഭയപ്പെടുന്നതുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌.  പാരിതോഷികമായി കിട്ടുന്നതിനേക്കാൾ കൂടുതൽ കൈമടക്ക്‌ വേണ്ടിവരുന്നു. വില്ലേജ്‌, താലൂക്ക്‌ ഉദ്യോഗസ്ഥന്മാരുടെ ദുഷ്‌പ്രവൃത്തികൾക്ക്‌ നാം കടിഞ്ഞാണിടേണ്ടതായിട്ടുണ്ട്‌. രണ്ട്‌ കടുവകളെയും രണ്ട്‌ ആനകളെയും ഒരു പുള്ളിപ്പുലിയെയും കൊന്ന ശിക്കാരിക്ക്‌ ഞാൻ ഇടപെട്ടതിനെത്തുടർന്ന്‌ മാത്രമാണ്‌ പാരിതോഷികം ലഭിച്ചത്‌. ശിക്കാരികൾക്ക്‌ തോക്കുകളും തിരകളും നാം കൊടുക്കേണ്ടതായിട്ടുണ്ട്‌. കടുവകളെയും പുലികളെയും അമ്പുകൊണ്ടും കുന്തം കൊണ്ടും കൊല്ലുന്നതിൽനിന്ന്‌ അവരുടെ ചില അന്ധവിശ്വാസങ്ങൾ വിലങ്ങുതടികളാകുന്നു. അതിനാൽ ഇക്കൂട്ടർക്ക്‌ തോക്കുകളും തിരകളും കൊടുക്കുക’.

21‐ാം നൂറ്റാണ്ടിൽ വയനാട്‌ വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ടൂറിസം മേഖലയുടെ അനന്തസാധ്യതകൾ കണ്ടറിഞ്ഞുകൊണ്ടായിരിക്കണം മാറി മാറി വരുന്ന നമ്മുടെ സർക്കാറുകൾ ഇക്കാര്യത്തിൽ താൽപ്പര്യം കാണിക്കുന്നത്‌. അതേതായാലും നല്ലൊരു കാര്യം തന്നെ.

(ടി ബി സെലുരാജിന്റെ ഇന്നലെകളിലെ കോഴിക്കോട്‌ പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *