കോഴിക്കോട്: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത്, നോർത്ത് നിയോജക മണ്ഡലങ്ങളുടെ മോണിറ്ററിംഗ് കമ്മറ്റിയുടെ യോഗം ചേർന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവിൽ യോഗം ഉദ്ഘാടനം ചെയ്തു.
2024 ജനുവരി 26 നുള്ളിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനായി അടിയന്തര പ്രാധാന്യത്തോടെ എല്ലാവരും പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പൂജാ ലാൽ അവതരിപ്പിച്ചു. തുടർന്ന് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിശദമായ ചർച്ച നടത്തി.
ഖരമാലിന്യം വാൽപ്പടി ശേഖരണം ഊർജിതപ്പെടുത്തുക, ഹരിതകർമ്മസേനയെ ശക്തിപ്പെടുത്തുക, പൊതുസ്ഥലത്തെ മാലിന്യകൂമ്പാരങ്ങൾ നീക്കം ചെയ്യുക, എംസിഎഫ്, മിനി എംസിഎഫ് എന്നിവ ഇല്ലാത്ത പ്രദേശങ്ങളിൽ ഇവ സ്ഥാപിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉൽപ്പാദനം, വിതരണം, ഉപയോഗം എന്നിവ തടയുക, എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക എന്നിവയിൽ കൂടി മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ യോഗം തീരുമാനിച്ചു.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, ശുചിത്വ മിഷൻ കോ – ഓർഡിനേറ്റേർ ഗൗതമൻ, മാലിന്യമുക്തം നവകേരളം കോ – ഓർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ കാര്യാലയത്തിലെയും കോർപ്പറേഷനിലെയും വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.

