കോഴിക്കടകളിൽ കലക്ടറുടെ മിന്നൽ പരിശോധന; 25000 രൂപ പിഴ ചുമത്തി

കോഴിക്കോട്: ജില്ലയിലെ കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. കച്ചവട സ്ഥാപനങ്ങളിലെ പൊതുശുചിത്വം, പരിസര ശുചിത്വം, മലിനജല സംസ്കരണ സംവിധാനം, അജൈവമാലിന്യ സംസ്കരണം എന്നിവയാണ് പരിശോധിച്ചത്.

കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തി അപാകതകൾ കണ്ടെത്തിയ ചിക്കൻ കടകളിലാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

നേരത്തെ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന നടക്കാവിലെ സ്ഥാപനം ഇപ്പോഴും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കിവിടുന്നതായും കോഴിമാലിന്യം അശ്രദ്ധയോടെയും അജാഗ്രതയോടെയും കൈകാര്യം ചെയ്യുന്നതായും കണ്ടെത്തി. കടയിലും പരിസരത്തും ശുചിത്വം പാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തുവാൻ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് കലക്ടർ നിർദേശം നൽകി. 24 മണിക്കൂറിനകം ശുചിത്വം പാലിക്കുന്ന രീതിയിൽ കടയെ പരിവർത്തനം ചെയ്തില്ലെങ്കിൽ കട പൂട്ടി സീൽ ചെയ്യുമെന്ന് കലക്ടർ ഉടമയെ അറിയിച്ചു. കൂടാതെ മൂന്ന് കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും പിടിച്ചെടുത്തു.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള ചിക്കൻ കടകൾ, മത്സ്യ കടകൾ എന്നിവ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അംഗങ്ങളും കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും പരിശോധിച്ചു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സ്ക്വാഡ് പ്രവർത്തനത്തിന് അസിസ്റ്റൻറ് ഡയറക്ടർ പൂജാലാല്‍, ജൂനിയർ സൂപ്രണ്ടുമാരായ എ അനിൽകുമാർ, പി സി മുജീബ്, കോർപ്പറേഷൻ ഹെൽത്ത്‌ സൂപ്പർവൈസർ ബെന്നി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശശിധരൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷമീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *