കോഴിക്കോട്: ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികൾ സന്ദർശിച്ച ശേഷം കലക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ ‘ലക്ഷ്യ’ നിലവാരത്തിലുള്ള ലേബർ റൂമുകളും ഓപ്പറേഷൻ തീയറ്ററുകളും ഉറപ്പാക്കും. പ്രസവ ചികിത്സ കൂടുതൽ കാര്യക്ഷമമാക്കും. ഗൈനക്കോളജിസ്റ്റുകൾ ഉള്ളയിടങ്ങളിൽ അവരുടെ സേവനം പൂർണമായി ലഭ്യമാക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉദ്‌ഘാടനം ചെയ്ത കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ചിലൂടെ കോഴിക്കോട്, വയനാട് ജില്ലകളിൽ വർഷം മുഴുവൻ തുടർച്ചയായ കമ്മ്യൂണിറ്റി സർവെയ്ലൻസ് നടത്താൻ കഴിയും.
വിവിധ വകുപ്പുകൾക്ക് ലഭിക്കുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പുമായി പങ്കുവെച്ച് സാമ്പിൾ പരിശോധന ഉൾപ്പെടയുള്ള നടപടികൾ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു..

