സംരക്ഷിക്കണം കോട്ടൂളി തണ്ണീർത്തടം

എ പ്രദീപ്കുമാർ (മുൻ എംഎൽഎ)

നൂറ്റാണ്ടുകൾ കൊണ്ട് പ്രകൃതി രൂപപ്പെടുത്തി നൽകിയ കോഴിക്കോടിന്റെ ഏറ്റവും സമ്പന്നമായ പൈതൃക സമ്പത്താണ് കോട്ടൂളി തണ്ണീർത്തടം. അത് കയ്യേറി മണ്ണിട്ടു നികത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണാധികാരികൾ തയ്യാറാകണം.

വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന നശീകരണ പ്രവർത്തനങ്ങളാണ് നിക്ഷിപ്ത താല്പര്യക്കാർ നഗരത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജൈവ വൈവിധ്യമുള്ള 27 തണ്ണീർ തടങ്ങളിൽ ഒന്നാണ് കോട്ടൂളി തണ്ണീർത്തടം.

ഏതാണ്ട് 242 ഏക്കറിലധികം വിസ്തൃതി വരുന്ന ഈ മേഖലയിൽ കണ്ടൽക്കാടുകളും വിശാലമായ തടാകങ്ങളുമാണ് പ്രത്യക്ഷത്തിൽ കാണുക.എന്നാൽ 29 ഇനം കണ്ടലുകൾ, മറ്റ് അപൂർവ സസ്യ വൈവിധ്യങ്ങൾ, നീർനായ ഉൾപ്പെടെ 19 ഇനം ജലജന്യ ജീവികൾ, 13 ഇനം മത്സ്യങ്ങൾ തുടങ്ങി ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം എന്ന് നേരത്തെയുള്ള ഒരു ശാസ്ത്രീയ പഠന റിപ്പോർട്ട്‌ പറയുന്നുണ്ട്. പാരിസ്ഥിതിക കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ അത്ര അവബോധം സമൂഹത്തിനോ ഭരണാധികാരികൾക്കോ ഇല്ലാതിരുന്ന കാലത്ത് ആണ് വാട്ടർ തീം പാർക്കും വാണിജ്യ സമുച്ചയങ്ങളും എല്ലാമുള്ള ‘സ്വപ്ന നഗരി ‘ പദ്ധതി ഇവിടെ ആലോചിച്ചത്. അന്ന് അങ്ങനെ ഒരു ആലോചന വന്നതിന് തെറ്റ് പറയാൻ ആകില്ല.

എന്നാൽ പിന്നീട് പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി സംതുലനത്തിന്റെയും പ്രാധാന്യം സർക്കാരുകളും ബഹുജനങ്ങളും ശരിയായി മനസ്സിലാക്കി. ഈ പശ്ചാത്തലത്തിലാണ് കോട്ടൂളി തണ്ണീർ തടത്തിന്റെ ശാശ്വത സംരക്ഷണം ലക്ഷ്യമിട്ട് 2007ൽ ‘ സരോവരം ബയോ പാർക്ക്‌ ‘എന്ന ആശയം വികസിപ്പിച്ചത്.

കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തിൽ ആർക്കിടെക്ട് ആർ കെ രമേശിന്റെ സഹായത്തോടെ തയ്യാറാക്കിയ പ്രൊജക്ട് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് സമർപ്പിക്കുകയും അദ്ദേഹം ‘സരോവരം ബയോ പാർക്ക്’ എന്ന ആശയം അംഗീകരിക്കുകയും അത് യാഥാർഥ്യമാക്കാൻ ആവശ്യമായ പണം അനുവദിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആണ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

കോഴിക്കോടിന് ഒരു പാർക്ക് ഉണ്ടാക്കുക എന്നതിന് അപ്പുറം കോട്ടൂളി തണ്ണീർത്തടത്തിന്റെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കുക എന്നത് തന്നെയാണ് സരോവാരം ബയോ പാർക്കിന്റെ മുഖ്യ ലക്ഷ്യം. സർക്കാർ ഉടമസ്ഥതയിലുള്ള 98 ഏക്കറിലാണ് ( 85 ഏക്കർ തടാകം, 13 ഏക്കർ കര ഭൂമി ) സരോവാരം ബയോ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഈ “ഡെസ്റ്റിനേഷൻ” യാഥാർഥ്യമാകുന്നതോടെ അത് കേന്ദ്രീകരിച്ച് ബാക്കി സ്വകാര്യ ഉടമസ്ഥതയിലുള്ള തണ്ണീർത്തടത്തിന്റെ സംരക്ഷണവും സാധ്യമാക്കുക എന്നതായിരുന്നു കാഴ്ചപ്പാട്.

പൊതു ഉടമസ്ഥതയിൽ ആയാലും, സ്വകാര്യ ഉടമസ്ഥതയിൽ ആയാലും കോഴിക്കോടൻ സാമൂഹ്യ ജീവിതത്തിന്റെ അതിജീവനത്തിന് അനിവാര്യമായ കോട്ടൂളി തണ്ണീർത്തടം സംരക്ഷിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ നല്ല വ്യക്തതയുള്ള നിലപാട് സർക്കാരിനുണ്ട്. ശക്തമായ നിയമവും നിലവിലുണ്ട്.മുൻപ് നിയമസഭാ സമിതി സ്ഥലം സന്ദർശിക്കുകയും നികത്താനായി ഇട്ട മണ്ണെടുത്തു മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

ഇപ്പോൾ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എം എൻ പ്രവീണും പ്രദേശവാസികളും പലവട്ടം തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് കണ്ടെത്തി തടയുകയും ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട് . നികത്തൽ വീരന്മാർക്കെതിരായ ശക്തമായ ഉദ്യോഗസ്ഥ തല നിയമ നടപടിക്ക് ഇനിയും അമാന്തമുണ്ടാകരുത്.

Leave a Reply

Your email address will not be published. Required fields are marked *