ഡോ. പി കെ ശശിധരൻ
ഡോക്ടറെ വെട്ടിയ സംഭവം എല്ലാ ഡോക്ടർമാരിലും വെറുപ്പും സങ്കടവും ഒരേപോലെ ഉണ്ടാക്കി – പരിഹാരം കാണാൻ ആരോട് പറയണം എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് വളച്ചൊടിച്ചു ഇപ്പോഴത്തെ കേരള സർക്കാരിന് മാത്രം എതിരാക്കി മാറ്റാൻ താത്പര്യപ്പെടുന്നവർ ഉണ്ടെന്നത് കാര്യങ്ങൾ പറയാൻ ഒരു വെല്ലുവിളിയാണ്.
ഈ സംഭവം നടുക്കമുണ്ടാക്കി എന്ന് പറയാൻ ആളുണ്ടാവും. എന്ത് കൊണ്ട് അത് സംഭവിച്ചു എന്ന് ആരും അന്വേഷിക്കുന്നില്ല, അല്ലെങ്കിൽ താത്പര്യമില്ല എന്ന് പോലും തോന്നും. ജീവൻ തിരിച്ചു കിട്ടിയതു കൊണ്ട് നടുങ്ങാത്തവരും ഉണ്ടാവും നമ്മുടെ നാട്ടിൽ. മനുഷ്യത്വം മരവിച്ചു പോയി എന്ന് തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്.
മുങ്ങിച്ചാകാൻ തുടങ്ങുന്ന ഒരാളെ രക്ഷപ്പെടുത്താൻ നാം ശ്രമിക്കാറില്ലേ – നീന്തലറിയില്ലെങ്കിലും നാം ശ്രമിക്കും. ആ ശ്രമം പരാജയപ്പെട്ടാൽ രക്ഷിക്കാൻ ശ്രമിച്ച ആളെ ഏതെങ്കിലും മനുഷ്യൻ കൊല്ലുമോ? ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം തന്റെ മുൻപിൽ വരുന്ന ഓരോ രോഗിയും ഈ അവസ്ഥയിലാണ്. ഞങ്ങളുടെ കണക്കു കൂട്ടലുകൾ പിഴക്കാം, തീരുമാനങ്ങൾ തെറ്റിയെന്ന് വരാം. ഒരാൾ രോഗിയായായതു ഡോക്ടറുടെ കുറ്റം കൊണ്ടാണോ? രോഗം വന്നു കഴിഞ്ഞാൽ എല്ലാ രോഗികളെയും രക്ഷിക്കാൻ ആർക്കും കഴിയില്ല എന്ന യാഥാർഥ്യം ഇനിയെങ്കിലും ഉൾക്കൊള്ളണം, മനസിലാക്കണം.
തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടാൽ ബന്ധുക്കളുടെ മനോനില തെറ്റുന്നതും സ്വാഭാവികം. അങ്ങനെയുള്ളവർക്ക് വേണ്ട കൗൺസലിങ് തക്ക സമയത്തു തന്നെ നല്കാൻ ഒരു സംവിധാനവും നമുക്കില്ല എന്നത് വേറൊരു വിഷയം. എന്നാൽ അതിന്റെ പേരിൽ ചികിത്സിക്കുന്ന ഡോക്ടറെ കൊല്ലാൻ ശ്രമിക്കുന്നത് തീർത്തും ഭ്രാന്താണ്, അതിനു വേണ്ട കൗൺസലിങ് തക്ക സമയത്തു കൊടുക്കണമായിരുന്നു. അല്ലെങ്കിൽ അത് ചെയ്തയാൾ മനസ്സാക്ഷി മരവിച്ച ഒരു കൊടും കുറ്റവാളിയാണ്.
ഈ അവസ്ഥക്ക് ഉള്ള പ്രധാന കാരണങ്ങൾ എന്തോക്കെയാണെന്നു നോക്കാം
1 . രോഗികളുടെ ബാഹുല്യം തന്നെയാണ് ഒന്നാമത്തേത് – ജനസംഖ്യാ വർദ്ധനവിന് ആനുപാതികമല്ലാത്ത രീതിയിൽ ഇന്ത്യയിൽ രോഗികളുടെ എണ്ണം കൂടുന്നു എന്നത് ആരും അറിയുന്നില്ല. രോഗികളുടെ ബാഹുല്യത്തിന് പരിഹാരം കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും കൂടുതൽ മെഡിക്കൽ കോളേജുകളും ആണെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാടാണ് ഇന്ത്യ എന്നത് വേറൊരു വിഷയം
2. സാമൂഹികാരോഗ്യത്തിന്റെ അഭാവവും, അമിതാഹാരവും, തെറ്റായ ശീലങ്ങളും എല്ലാം ചേർന്ന് ജനങ്ങൾ കൂടുതൽ പേർ രോഗികളാവുമ്പോൾ, ശാസ്ത്രീയമായ പ്രൈമറി ഹെൽത്ത് കെയർ നന്നാക്കണം എന്ന ചിന്തയില്ലാത്തതും നമ്മുടെ നാട്ടിൽ മാത്രം.
3 . പൊതുജനാരോഗ്യത്തിന്റെ ചാലക ശക്‌തികളായ, രോഗനിർണയം നേരത്തെ നടത്താൻ കഴിവുള്ള പരിശീലനം സിദ്ധിച്ച GP ഡോക്ടർമാർ PHC കളിൽ ഇന്നില്ല- അല്ലെങ്കിൽ അവർ എല്ലാം അപ്രത്യക്ഷമായി – അതുകൊണ്ട് തന്നെ താലൂക്ക് ആസ്പത്രികളിലും മെഡിക്കൽ കോളേജിലും രോഗികൾ അടിഞ്ഞു കൂടുകയാണ്. ഈ അവസ്ഥക്ക് പരിഹാരം ഈ കാര്യങ്ങളിൽ തന്നെ ഒളിഞ്ഞു കിടക്കുന്നു
4 രോഗികളുടെ ബാഹുല്യത്തിന് ഒരു അടിസ്ഥാന കാരണം പൊതുജനാരോഗ്യം അപ്പാടെ അവഗണിക്കപ്പെട്ടതാണ് . ഈ യാഥാർഥ്യം ആരും മനസിലാക്കുന്നു പോലും ഇല്ല – അതാണ് രോഗാതുരത അല്ലെങ്കിൽ രോഗികളുടെ എണ്ണം വർധിക്കാൻ ഉള്ള പ്രധാന കാരണം – ശുദ്ധമായ കുടിവെള്ളം ടാപ്പിലൂടെ കിട്ടായ്മ, കുറ്റമറ്റ പരിസരശുചിത്വം ഇല്ലാത്തത്, വേസ്റ്റ് മാനേജ്‌മെന്റ് നന്നാവാത്തത്, ഒഴുക്ക് തടസപ്പെടാത്ത ഓടകൾ ഇല്ലാത്തത്, ടോയ്ലറ്റ് സൗകര്യം, കിടക്കാനിടം, സമീകൃതാഹാരം ഇവ ഇല്ലായ്മ, കളിക്കാനും വ്യായാമത്തിനും സ്ഥലമില്ലായ്മ, നല്ല പ്രാഥമിക വിദ്യാഭ്യാസം കിട്ടാത്തത്, ഒക്കെ ചേർന്നാണ് കൂടുതൽ പേരെ രോഗികളാക്കുന്നത്.
രോഗികളാവുമ്പോൾ അവരെ സഹായിക്കാൻ, വിഷമഘട്ടത്തിൽ അവരുടെ കൂട്ടുകാരൻ ആവാൻ , അവർക്കു മാർഗദർശി ആവാൻ ഒക്കെ നല്ല കുടുംബ ഡോക്ടർമാർ ആവശ്യമാണ് എന്ന് അറിയാത്ത പൊതുജനാരോഗ്യ വിദഗ്ധർ നമ്മുടെ ഇന്ത്യയിൽ മാത്രമേ ഉള്ളു. കുടുംബ ഡോക്ടർ എന്താണെന്നു പോലും അറിയാത്ത ഹത ഭാഗ്യരുടെ നാടാണ് ഇന്ത്യ എന്ന് എല്ലാവരും ഇനിയെങ്കിലും അറിയണം.
5 .ജനങ്ങൾ കൂടുതൽ കയറിയിറങ്ങുന്ന എല്ലായിടത്തും സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കണം – ആയുധവുമായി ഒരാളും ആസ്പത്രിയിൽ എത്താതിരിക്കണം.

