അരങ്ങുണര്‍ത്തി നൃത്തവേദികള്‍; മിഴിവോടെ മത്സരാര്‍ഥികൾ

കോഴിക്കോട്: സാഹിത്യനഗരിയുടെ ഹൃദയത്തില്‍ ലാസ്യമോഹന ഭാവങ്ങള്‍ വിടര്‍ത്തി വര്‍ണപ്പകിട്ടിന്റെ അരങ്ങുണര്‍ന്നു. ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ വിവിധ കലാമത്സരങ്ങളിലായി മിഴിവാര്‍ന്ന പ്രകടനങ്ങളോടെ മത്സരാര്‍ഥികള്‍ വിവിധ വേദികളില്‍ മാറ്റുരച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം തുടങ്ങി ഇനങ്ങളിലെല്ലാം മത്സരാര്‍ത്ഥികള്‍ വേഷവിധാനങ്ങളിലും അവതരണത്തിലും ഒന്നിനൊന്ന് മികച്ചു നിന്നു. മൂന്ന് ദിവസത്തെ കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് എത്തി.

‘ചരിത്രപരമായ ഈ പരിപാടിയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മറ്റെവിടെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരം ലഭിക്കുക. എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ കട്ടക്ക് ഞങ്ങളുടെ കൂടെയുണ്ട്’ -കലോത്സവത്തില്‍ മത്സരിക്കാനെത്തിയ കോഴിക്കോട്ടുകാരി കൂടിയായ സിയ സഹദ് പറഞ്ഞു.

സംഘാടനം കൊണ്ടും ആസ്വാദന മികവ് കൊണ്ടും കലോത്സവം വളരെ മികവ് പുലര്‍ത്തുന്നതായും പ്രൊഫഷണലുകളോട് കിടപിടിക്കുന്ന രീതിയിലുള്ള പ്രകടനമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെക്കുന്നതെന്നും കലോത്സവം കാണാനെത്തിയ ഒളവണ്ണ സ്വദേശി രൂപേഷ് പറഞ്ഞു.

സൗജന്യ വളണ്ടിയര്‍ സേവനവുമായി മലപ്പുറം ട്രോമകെയര്‍

മൂന്നു ദിവസങ്ങളിലായി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമോറിയല്‍ ജൂബിലി ഹാളില്‍ നടക്കുന്ന വര്‍ണപ്പകിട്ട് ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ സൗജന്യ വളണ്ടിയര്‍ സേവനവുമായി മലപ്പുറത്തെ ട്രോമകെയര്‍. വനിതകള്‍ ഉള്‍പ്പെടെ ദിവസേന 50ലധികം പേരാണ് സേവനത്തിനെത്തുന്നത്. സ്റ്റേജ്, ഭക്ഷണം, റിസപ്ഷന്‍, പാര്‍ക്കിങ്, രജിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ സേവനം ലഭ്യമാണ്. നിലവില്‍ 34 യൂണിറ്റുകളുടെ കീഴിലായി പരിശീലനം നേടിയ ട്രോമാ കെയര്‍ വോളണ്ടിയര്‍മാരുണ്ട്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും. വാഹനാപകടം, പ്രളയം തുടങ്ങി എല്ലാ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും ട്രോമ കെയറിന്റെ സേവനമുണ്ട്. പ്രകൃതിദുരന്ത നിവാരണസേന പ്രവര്‍ത്തനവും ഇവര്‍ക്ക് കീഴിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *