കോഴിക്കോട്: ബൗദ്ധികവെല്ലുവിളികൾ നേരിടുന്ന മുതിർന്ന വ്യക്തികളുടെ തൊഴിൽപരിശീലനകേന്ദ്രമായ യുഎൽ കെയർ നായനാർ സദനത്തിലെ ട്രെയിനികൾക്ക് ഒരുക്കുന്ന ‘സ്നേഹപൗർണമി’ സമ്മർ ക്യാമ്പിന് ഏപ്രിൽ 7 ന് തുടക്കം. കോഴിക്കോട് കോർപ്പറേഷൻ ടാക്സ് അപ്പീൽ കമ്മിറ്റി ചെയർമാൻ പി കെ നാസർ രാവിലെ 10-ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബൗദ്ധികവെല്ലുവിളികൾ നേരിടുന്നവരെ രക്ഷിതാക്കളുടെ തണലിൽനിന്നു മാറ്റി, ദൈനംദിനജീവിതരീതികളിൽ സ്വയംപ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ പ്രഥമലക്ഷ്യം.
രജിസ്റ്റർ ചെയ്ത ഓരോരുത്തരെയും കൃത്യമായി വിലയിരുത്തി 30 പേർവീതമുള്ള രണ്ടു ബാച്ചായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ചിന്റെ അഞ്ചുദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് എരഞ്ഞിപ്പാലം നായനാർ ബാലികാസദനത്തിൽ ഏപ്രിൽ 7 മുതൽ 11 വരെ നടക്കും. ഏപ്രിൽ 23 മുതൽ 25 വരെ 3 ദിവസമാണ് രണ്ടാം ക്യാമ്പ്. ക്യാമ്പുകളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരും വളന്റിയർമാരും പങ്കെടുക്കും.
ഭിന്നശേഷിവിദ്യാർഥികളുടെ ദൈനംദിന ജീവിതനൈപുണികൾ മെച്ചപ്പെടുത്തുന്നതോടൊപ്പം, അവരുടെ സാമൂഹികകഴിവുകളും ചിന്താശേഷിയും വികസിപ്പിച്ചെടുക്കാനും ശാരീരിക-വൈകാരികക്ഷമത വർദ്ധിപ്പിക്കാനും ക്യാമ്പിലൂടെ സാധിക്കും. ഇതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ നാടകം, സംഗീതം, ഗെയിമുകൾ, വിവിധ പഠനപ്രവർത്തനങ്ങൾ, ഷോപ്പിങ്, യാത്രകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ട്രെയിനിയെയും കൃത്യമായി വിലയിരുത്താനും അതിനനുസൃതമായി നിലവിലെ പരിശീലനക്രമത്തിൽ മാറ്റം വരുത്താനും ക്യാമ്പ് സഹായിക്കും.

