കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാന്‍ ജില്ലാ സാക്ഷരതാ മിഷന്‍ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി സുരേന്ദ്രന്‍ അധ്യക്ഷനായി.
പരീക്ഷയെഴുതിയ 1224 പഠിതാക്കളില്‍ 1002 പേരാണ് വിജയിച്ചത്. 81.86 ആണ് വിജയ ശതമാനം. ജില്ലയിലെ മുതിര്‍ന്ന പഠിതാവ് വി നാരായണന്‍, ഉന്നത വിജയം നേടിയ പി മുഹ്സിന, സി സൈബല്‍, എന്‍ നദീറ, കെ പി സബീന, എ പി നൗഹല്‍ എന്നിവരെയും തുല്യതാ പരീക്ഷ വിജയിച്ച കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം വി ഗോപി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അംഗം എം എ വിനീഷ എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ ആദരിച്ചു.
ജില്ലാ എന്‍എസ്എസ് കോ ഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, അസി. കോഓഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍, റിസോഴ്സ് പേഴ്സണ്‍മാരായ വി ഷംസുദ്ദീന്‍, പി പി സാബിറ തുടങ്ങിയവര്‍ സംസാരിച്ചു.

