കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് അൽഫാനാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്
കോഴിക്കോട്: മൈക്രോസോഫ്റ്റ് മോസ്റ്റ് പ്രൊഫഷണൽ അവാർഡ് മൂന്നാം തവണയും സ്വന്തമാക്കി മലയാളി. കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയും ടാറ്റ കൺസൽട്ടന്റുമായ മുഹമ്മദ് അൽഫാനാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മൈക്രോസോഫ്റ്റിന്റെ ഡാറ്റ വിഷ്വലൈസേഷൻ ടൂളായ പവർ ബിഐ വിഭാഗത്തിലാണ് ഇത്തവണ ഇദ്ദേഹത്തിന് അവാർഡ്. ഈ വർഷം ഇന്ത്യയിൽ നിന്ന് അൽഫാൻ ഉൾപ്പെടെ രണ്ട് പേർക്ക് മാത്രമാണ് ഈ വിഭാഗത്തിൽ അംഗീകാരം. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് നാമനിർദേശങ്ങളിൽ നിന്നാണ് ഇന്ത്യയിൽ നിന്ന് രണ്ട് പേരെ മൈക്രോ സോഫ്റ്റ് തെരഞ്ഞെടുത്തത്. മറ്റുള്ളവര്‍ക്ക് തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും അറിവും ഏറെ താല്പര്യത്തോടെ പങ്കിടാന്‍ തയ്യാറാവുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് മൈക്രോസോറ്റ് നല്കുന്ന അംഗീകാരമാണിത്. കഴിഞ്ഞ രണ്ട് വർഷവും മൈക്രോസോഫ്റ്റ് എക്സൽ വിഭാഗത്തിൽ അൽഫാൻ പുരസ്കാരം നേടിയിരുന്നു.
2007ൽ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി കരിയര്‍ തുടങ്ങിയ അല്ഫാന് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ്, ഐബിഎം, അസെഞ്ച്വര്‍, കാര്‍ഗില്‍ തുടങ്ങിയ വൻകിട ഐടി കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അധ്യാപനത്തോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച് സ്വന്തമായി റോസ് ആൻഡ് കോളംസ് ഒരു ബ്രാൻഡിന് രൂപം നൽകുകയായിരുന്നു. നിലവിൽ മൂന്നു ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. വിവിധ വിദേശ രാജ്യങ്ങളിൽ മൈക്രോ സോഫ്റ്റ് സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുകയും ചെയ്യുന്നു.
മൈക്രോസോഫ്റ്റ് മോസ്റ്റ് പ്രൊഫഷണൽ അവാർഡിൽ ഹാട്രിക്കുമായി മലയാളി

