വിജയം കണ്ട് മഞ്ഞൾ ഗ്രാമം പദ്ധതി

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾ കൃഷി വ്യാപിപ്പിക്കാൻ ആരംഭിച്ച മഞ്ഞൾ ഗ്രാമം പദ്ധതി വിജയകരം. 

തുടക്കത്തിൽ ഒരു ഗ്രാമപഞ്ചായത്തിൽ ഒരു ഏക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ വിളവെടുപ്പ് നടന്നു. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

ബാലുശ്ശേരി മണ്ഡലം  വികസന സെമിനാറിലെ ചർച്ചകളുടെ  അടിസ്ഥാനത്തിൽ മണ്ഡലത്തിൽ ഒരു പ്രധാന വിള തെരഞ്ഞെടുക്കാനും എല്ലാ വാർഡുകളിലും ആ വിള കൃഷി ചെയ്യുന്നതിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനും നിർദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചത്.

മണ്ഡലത്തിലെ കാർഷിക പ്രവർത്തനങ്ങൾ എകീകരിക്കുന്നതിനായി വാർഡ് തലത്തിൽ  കാർഷിക സമിതികൾ  രൂപീകരിച്ചാണ് പ്രവർത്തനം. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.

കെ എം സച്ചിൻ ദേവ് എംഎൽഎ വിളവെടുപ്പ് നടത്തി. ഒമ്പത് കൃഷിക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ ഒരു ഹെക്ടർ സ്ഥലത്താണ് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ മഞ്ഞൾ കൃഷി ചെയ്തത്. കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് വർഷവും മണ്ഡലത്തിൽ വിജയകരമായി പദ്ധതി നടപ്പിലാക്കാൻ സാധിച്ചു. കർഷകക്കൂട്ടങ്ങളും ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ഒരുമിച്ച് നിന്നാൽ ലാഭകരമായി മഞ്ഞൾ കൃഷി ചെയ്യാം എന്ന് തെളിയിക്കുകയാണ് പദ്ധതി.

ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ പരമാവധി സ്ഥലം കണ്ടെത്തി മഞ്ഞൾ കൃഷി നടത്തുന്നതിനും വിളവെടുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. നിലവിൽ നടുവണ്ണൂർ, കായണ്ണ, ബാലുശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് വ്യാപകമായി മഞ്ഞൾ കൃഷി നടത്തിവരുന്നത്.

മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങളുടെ കൺസോഷ്യം, കുടുംബശ്രീ ഗ്രൂപ്പുകൾ തുടങ്ങിയവയെ കൂട്ടിയോജിപ്പിച്ചുകൊണ്ട് തുടർ പ്രവർത്തനങ്ങൾ സാധ്യമാക്കുമെന്ന് സച്ചിൻദേവ് എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *