ഷോർട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷൻ

കോഴിക്കോട്: യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകൾക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളർത്തുന്ന പ്രമേയങ്ങൾ ഉൾകൊള്ളുന്നതും യുവതലമുറയ്ക്കിടയിൽ വർദ്ധിച്ചു വരുന്ന മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്നതുമായ ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000- , 15000, 10000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം 10 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയക്കുന്ന ഷോർട്ട് ഫിലിം പെൻഡ്രൈവിലാക്കി സംവിധായകന്റെ പൂർണ മേൽവിലാസം സഹിതം 2023 ഡിസംബർ 20 ന് മുൻപ് വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ നൽകാവുന്നതാണ്. ഫോൺ : 0471-2308630

ഗ്രാമീണ ഗവേഷക സംഗമം 30 ന്
കോഴിക്കോട്: ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള സംസ്ഥാന ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ വർഷം തോറും സംഘടിപ്പിച്ചു വരുന്ന “ഗ്രാമീണ ഗവേഷക സംഗമം” നവംബർ 30 ന് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ഗവേഷകർക്കായുള്ള പ്രാദേശിക ഗ്രാമീണ ഗവേഷക സംഗമത്തിനാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ വേദിയാകുന്നത്.

ഗ്രാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ദ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

അപേക്ഷകരിൽ നിന്നും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിഗത, വിദ്യാർത്ഥി വിഭാഗങ്ങളിലായി ഗ്രാമീണ റൂഫിങ് ഷീറ്റ്, റിമോട്ലി കൺട്രോൾഡ് വീഡ് കട്ടർ, അരക്കനട്ട് ഹസ്ത് റിമൂവർ , തേങ്ങ പൊളിക്കുന്ന ഉപകരണം, പാസ്സീവ് വാട്ടർ പ്യൂരിഫൈർ, അടക്ക തോട് നീക്കുന്ന ഉപകരണം, സ്മാർട്ട് ഫെൻസ് എന്നീ ഏഴ് കണ്ടുപിടുത്തങ്ങളാണ് ഈ പ്രാദേശിക ഗ്രാമീണ ഗവേഷക സംഗമത്തിൽ പ്രദർശിക്കപ്പെടുന്നത്. ഇതിൽ നിന്നും വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന കണ്ടുപിടുത്തങ്ങൾ സംസ്ഥാനതലത്തിൽ നടക്കുന്ന ഗവേഷക സംഗമത്തിൽ പ്രദർശിപ്പിക്കും.

ജൈവ വൈവിധ്യ കോൺഗ്രസ്
കോഴിക്കോട്: പതിനാറാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസ് ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി നിർവ്വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മഞ്ജു കെ പി സ്വാഗതം പറഞ്ഞ്ഞു. ജൈവ വൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സി മുഖ്യാതിഥിയായി. കാരപ്പറമ്പ് ജി എച്ച് എസ് എസിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിജീഷ് സി, ജൈവ വൈവിധ്യ ബോർഡ് സാങ്കേതിക വിഭാഗം വിദഗ്ധരായ ഡോ. പി കെ അശോകൻ, ഡോ. അബ്ദുൾ ഹമീദ്, ഡോ. രാജേഷ് കെ പി, അബ്ദുൾ റിയാസ്, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തകൻ ജയചന്ദ്രൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രസ്തുത പരിപാടിയോടനുബന്ധിച്ച മത്സരങ്ങളിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തി. സംഘാടക സമിതി അംഗവും ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച് എസ് എസ് – ലെ ബോട്ടണി അധ്യാപികയുമായ ഡോ. ശ്രീജ കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *