പി വത്സല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു അന്ത്യം.
തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയെ തേടിയെത്തിയിട്ടുണ്ട്. 2021ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.

നെല്ല്, എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽ ചീളുകൾ തുടങ്ങിയവയാണ് പ്രശസ്തമായ കൃതികൾ. നെല്ല് ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ് എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവിയും വത്സല അലങ്കരിച്ചിട്ടുണ്ട്.

കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്കും എഴുത്തച്ഛൻ പുരസ്‌കാരത്തിനുമൊപ്പം മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ പി വത്സലക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായിരുന്നു. 1993 ലാണ് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപിക സ്ഥാനത്ത് നിന്നും വത്സല വിരമിച്ചത്. ശേഷം സാഹിത്യ ലോകത്ത് കൂടുതൽ സജീവമായ വത്സല കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷ എന്ന നിലയിലും മികവ് തെളിയിച്ചു.

ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ വത്സല സമ്പന്നമാക്കി.

സംസ്കാരം വെള്ളിയാഴ്ച

പി വത്സലയുടെ മൃതദേഹം
വെള്ളിയാഴ്ച വൈകിട്ട് നാലിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും.
വെള്ളിയാഴ്ച രാവിലെ മുതൽ 12 മണി വരെ വെള്ളിമാട്കുന്നിലെ വീട്ടിലും 12 മുതൽ മൂന്ന് മണി വരെ കോഴിക്കോട് ടൗൺഹാളിലും
പൊതു ദർശനത്തിന് വെക്കും. വൈകിട്ട് 5 ന് ടൗൺഹാളിൽ അനുശോചന യോഗവും ചേരും

Leave a Reply

Your email address will not be published. Required fields are marked *