കോഴിക്കോട്: എഴുത്തും പ്രസംഗവും മനുഷ്യരെ ഒന്നിപ്പിക്കാനാകണം, ഭിന്നിപ്പിക്കാനാകരുതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
എസ് വൈ എസ് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയാണ് കോഴിക്കോട് നഗരം. മനുഷ്യനെ മനുഷ്യനായി കാണാനും മറ്റുള്ളവരുടെ പ്രയാസങ്ങൾ സ്വന്തം പ്രശ്നമായി കണ്ട് പരിഹരിക്കാനും തയാറാകുന്നവരാണ് കോഴിക്കോട്ടെ സമൂഹം. ആ നന്മയെ സാഹിത്യത്തിലേക്ക് കൊണ്ടുവരാൻ ഇവിടത്തെ എഴുത്തുകാർക്ക് സാധിച്ചിട്ടുണ്ട്. അതിനുള്ള അംഗീകാരം കൂടിയാണ് യുനെസ്കോയുടെ സാഹിത്യനഗരം പദവി. കോഴിക്കോടിന്റെ സാഹിത്യമേഖലയെ സമ്പന്നമാക്കിയവരിൽ പൊതുരംഗത്തും മതരംഗത്തുമുള്ള ഒട്ടേറെ പേരുണ്ട്. ഖാളി മുഹമ്മദിനെ പോലുള്ള വിശ്രുത പണ്ഡിതരുടെ രചനകൾ കൂടി ഉൾച്ചേർന്നതാണ് കോഴിക്കോടിന്റെ സാഹിത്യപൈതൃകം.
മനുഷ്യരെ വർഗീയമായി വിഭജിക്കുന്ന ഏതുതരം പ്രവർത്തനവും പ്രചാരണവും സാമൂഹികദ്രോഹമാണ്. താത്കാലിക നേട്ടങ്ങൾക്ക് വേണ്ടി ഇത്തരം തെറ്റായ പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. അത് നമ്മുടെ നാടിന്റെ സൽപേരിനു കളങ്കം വരുത്തും. എവിടെയെങ്കിലും അക്രമങ്ങൾ സംഭവിക്കുമ്പോൾ ഊഹങ്ങളും മുൻവിധികളും പ്രചരിപ്പിച്ചുകൊണ്ട് രംഗം കലുഷമാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കനമെന്നും കാന്തപുരം പറഞ്ഞു.
എസ് വൈ എസ് ജില്ല പ്രസിഡന്റ് ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു. എം. കെ രാഘവൻ എം പി മുഖ്യാതിഥിയായിരുന്നു. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, എൻ അലി അബ്ദുള്ള, കെ പി രാമനുണ്ണി, യു കെ കുമാരൻ പി കെ ഗോപി, ഫൈസൽ എളേറ്റിൽ, മുസ്തഫ പി എറയ്ക്കൽ, സ്വാദിഖ് വെളിമുക്ക്, എ കെ അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു,. മുനീർ സഖാഫി ഓർക്കാട്ടേരി സ്വാഗതവും ഡോ. അബൂബക്കർ നിസാമി നന്ദിയും പറഞ്ഞു
എഴുത്തും പ്രസംഗവും മനുഷ്യരെ ഒന്നിപ്പിക്കാനാകണം: കാന്തപുരം

