നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന  കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബർ 25ന് വൈകീട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറിൽ നടക്കും. പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ സജ്ജമാക്കും. സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപു തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും.നിവേദനങ്ങൾ മുഴുവൻ തീരുന്നത് വരെ കൗണ്ടറുകൾ പ്രവർത്തിക്കും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും. ലഭിക്കുന്ന  നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

സദസ്സിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സിന് മുന്നോടിയായി നടത്തുന്ന കലാപരിപാടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

നവകേരള സദസ്സിന്റെ മുന്നോടിയായി ഒരുങ്ങുന്ന പന്തലിന്റെ നിർമ്മാണ പുരോഗതി, സുരക്ഷാ ക്രമീകരണങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ, ക്രമീകരണങ്ങൾ തുടങ്ങിയവ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും അടങ്ങുന്ന സംഘം വിലയിരുത്തി. പരിപാടിയുടെ പ്രചരണാർത്ഥം ഇ നവംബർ 22 ന് രാവിലെ ഏഴിന് കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപം മുതൽ ഫ്രീഡം സ്ക്വയർ വരെ കൂട്ടയോട്ടം സംഘടിപ്പിക്കും.

കോർപ്പറേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, മുൻ എംഎൽഎ എ പ്രദീപ് കുമാർ, മുൻ മേയർ ടി പി ദാസൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ കമ്മിറ്റി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *