‹

മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മുൻഗണന: മന്ത്രി

പുതിയാപ്പ മത്സ്യബന്ധന തുറമുഖത്ത് പൂർത്തീകരിച്ച വികസന പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ മുൻഗണന നൽകുന്നതായി ഫിഷറീസ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ പുതിയാപ്പ മത്സ്യബന്ധന തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി ഹാർബറിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ തീരദേശ വികസനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. മത്സ്യത്തൊഴിലാളികൾക്കായി ഭവനപദ്ധതികളും ഇൻഷുറൻസ് പരിരക്ഷയും നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ പെൻഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പെൻഷൻ ലഭിക്കുന്നതിനായി വിവരങ്ങൾ പുതുക്കി നൽകാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. അർഹരായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തി വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്നും മന്ത്രി നിർദേശിച്ചു.

അഡ്വ. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ കെ. പി. വൈ. ഗായ റിപ്പോർട്ട് അവതരിപ്പിച്ചു.

കോർപ്പറേഷൻ കൗൺസിലർ നിഷിത ശിവൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, മത്സ്യത്തൊഴിലാളി, ട്രേഡ് യൂണിയൻ സംഘടനാ പ്രതിനിധികളായ നിധീഷ് സത്യൻ പുതിയാപ്പ, ഹാറൂൺ പുതിയങ്ങാടി, കെ. സുന്ദരേശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷൈജു പുത്തലത്ത്, പി. കെ. നിത്യാനന്ദൻ, എം. കെ. പ്രജോഷ്, മുസ്തഫ നടുക്കണ്ടി എന്നിവർ സംസാരിച്ചു.

ഹാർബർ എൻജിനീയറിങ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിങ് എൻജിനീയർ ടി. ജയദീപ് സ്വാഗതവും കോഴിക്കോട് ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം. പി. വിനീത് നന്ദിയും പറഞ്ഞു.

21.7 കോടി രൂപ ചെലവഴിച്ചാണ് പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിലെ വികസനപ്രവൃത്തികൾ പൂർത്തീകരിച്ചത്. ലേലപ്പുരകൾ, കോൺക്രീറ്റ് പാർക്കിങ് ഏരിയ, ആഭ്യന്തര റോഡുകൾ, ഡ്രെയിനുകൾ, ലോക്കർ മുറികൾ, വിശ്രമമന്ദിരം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ നിർമാണവും ഡ്രഡ്ജിങ് പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000