കോഴിക്കോട്: ഇംഗ്ലീഷ് ഭാഷയിലേയ്ക്കുള്ള വിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പെന്‍ അമേരിക്ക നല്കുന്ന സാഹിത്യ ഗ്രാന്റിന് മലയാളി വിവര്‍ത്തക ഡോ. വൃന്ദ വര്‍മ്മ അര്‍ഹയായി. കോഴിക്കോട് എന്‍.ഐ.ടിയിലെ അസി. പ്രൊഫസറായ വൃന്ദ പ്രശസ്ത നാടക നടന് ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി രചിക്കപ്പെട്ട അലിംഗം എന്ന നോവലാണ് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യുന്നത്. കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ മലയാളം അധ്യാപകനായ ഡോ. എസ് ഗിരീഷ്കുമാറാണ് അലിംഗം എഴുതിയത്.
4000 അമേരിക്കന്‍ ഡോളറാണ് ഡോ. വൃന്ദ വര്‍മ്മയ്ക്ക് ലഭിക്കുക. 2004ല്‍ ആരംഭിച്ച ഗ്രാന്റിന് ആദ്യമായാണ് ഒരു മലയാളം കൃതി തെരഞ്ഞെടുക്കപ്പെടുന്നത്. ഐതിഹ്യമാല, പഞ്ചതന്ത്രം കഥകള്‍, ഖലീഫ ഉമർ എന്നീ കൃതികൾ ഡോ. വൃന്ദ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 29ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വൃന്ദ വര്‍മ്മ പുരസ്കാരം ഏറ്റുവാങ്ങും.
1922ലാണ് എഴുത്തുകാരെ ഒരുമിപ്പിക്കുന്നതിനായി പെന്‍ അമേരിക്ക നിലവില്‍ വരുന്നത്. പുസ്തക നിരോധനം ഉള്‍പ്പെടെ ലോകത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്ന പെന്‍ അമേരിക്ക നല്കുന്ന അവാര്‍ഡ് വിവര്‍ത്തന സാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടുന്നതാണ്.
ഡോ. വൃന്ദ വർമ്മയ്ക്ക് പെൻ അമേരിക്ക ഗ്രാൻ്റ്

