കോഴിക്കോട്: നഗരത്തിൻ്റെ സാംസ്കാരികതയുടെ അടയാളപ്പെടുത്തലുകൾ ഉൾപ്പെടുത്തി ടൗൺ പ്ലാനർ വിനീഷ് വിദ്യാധരൻ ഒരുക്കുന്ന ചിത്ര പ്രദർശനം – ‘റെമിനിസൻസ് ‘ നാളെ (മാർച്ച് 13) മുതൽ 17 വരെ നടക്കും .
നാളെ രാവിലെ 11 ന് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചടങ്ങിൽ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. വി ടി മുരളി അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, മുൻ എംഎൽഎ എ
പ്രദീപ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.
മിഷ്കാൽ പള്ളി, സിഎസ്ഐ ചർച്ച് , തളി ക്ഷേത്രം, മാനാഞ്ചിറ സ്ക്വയർ, ലൈറ്റ് ഹൗസ് തുടങ്ങി പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെ 20 ഓളം
വാട്ടർ കളർ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ദിവസവും രാവിലെ 11 മുതൽ വൈകീട്ട് 7 വരെ ചിത്രങ്ങൾ കാണാം.
വിൽക്കപ്പെടുന്ന ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന തുക പന്തീരാങ്കാവ് ഭിന്നശേഷി വിദ്യാലയമായ പ്രശാന്ത് സ്കൂളിന് കൈമാറുമെന്ന് വിനീഷ് വിദ്യാധരൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇടവേളകളിൽ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രദർശനത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 4.30 ന് പ്രശസ്ത സംഗീതജ്ഞൻ വി ടി മുരളിയുടെ സംഗീതസന്ധ്യ ഉണ്ടാകും.
16 ന് വൈകീട്ട് 4.30 ന് പിന്നണി ഗായകൻ സുനിൽ കുമാറിൻ്റെ സംഗീത വിരുന്നും 17 ന് സമാപന ദിവസം വിനീഷ് വിദ്യാധരൻ – ശ്രീലക്ഷ്മി വിനീഷ് ഒരുക്കുന്ന സംഗീത പരിപാടിയും നടക്കും.


