കാഞ്ചീപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഈയടുത്ത് നടത്തിയ യാത്രയിലൂടെ……..
ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നാണ് കാഞ്ചീപുരം അറിയപ്പെടുന്നത്. കാഞ്ചീപുരത്ത് നിരവധി ക്ഷേത്രങ്ങൾ സഞ്ചാരികളെ വരവേൽക്കാനുണ്ട്. ഓരോ ക്ഷേത്രത്തിനും പറയാൻ ഒരായിരം കഥകളുണ്ട്. ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ ദൂരത്താണ് കാഞ്ചീപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങൾക്കൊപ്പം വഴികളിൽ നെയ്ത്തുകാരുടെ വീടുകളും പണിപ്പുരകളും കാണാനാകുന്ന ഒരേ ഒരു നാടാണ് കാഞ്ചീപുരം.
കാഞ്ചീപുരത്തെ ഏറ്റവും പ്രസിദ്ധമായ അമ്പലങ്ങളിൽ ഒന്നാണ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം. പല്ലവ രാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമിക്കപ്പെടുന്നത്. കാഞ്ചീപുരമായിരുന്നു പല്ലവരുടെ തലസ്ഥാനം. അഞ്ച് ഏക്കറിൽ പരന്നുകിടക്കുന്ന മഹാക്ഷേത്രത്തിന് നാലു വശത്തും വലിയ അലങ്കാര ഗോപുരങ്ങളുമുണ്ട്. വരദരാജ ക്ഷേത്രം, കാഞ്ചി കൈലാസനാഥർ ക്ഷേത്രം, വൈകുണ്ഡ പെരുമാൾ ക്ഷേത്രം എന്നിവയും ഇവിടെയുണ്ട്.
കാഞ്ചീപുരത്തെ ക്ഷേത്രങ്ങളിൽ മിക്കതും ആയിരം തൂണുകളാൽ സമ്പന്നമാണ്. ഏകാംബരേശ്വര ക്ഷേത്രത്തിനകത്തേക്കു കടന്നാൽ നമ്മെ കാത്തിരിക്കുന്നത് ആയിരം തൂണുകളുള്ള വലിയൊരു ഗോപുരമാണ്. അതിപുരാതനമായ ചിത്രപ്പണികളും ശിൽപ്പങ്ങളും കാണാം.
പട്ടിന്റെ നഗരം
ഇന്ത്യയിലെ നെയ്ത്തിന്റെ മേൽവിലാസമാണ് കാഞ്ചീപുരം. പട്ടുസാരികളിലെ കലാവിരുതും ചാരുതയും ആ നാടിന്റെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്നു. കരിങ്കല്ലിൽ കൊത്തിയ ക്ഷേത്ര ചുമരുകളും പട്ടുസാരികളിൽ കൊത്തിയ ചിത്രപ്പണികളും ഒരുപോലെ പ്രശസ്തമാണ്. 5,000 ത്തിൽ അധികം കുടുംബങ്ങൾ കാഞ്ചീപുരത്ത് പട്ടുസാരി നെയ്ത്ത് തൊഴിലായി സ്വീകരിച്ചവരാണെന്നാണ് കണക്കുകൾ.
മുതലകളുടെ പാർക്ക്
ചെന്നൈയിൽ നിന്ന് കാഞ്ചീപുരത്തേക്കുള്ള വഴിയിലാണ് മുതല പാർക്ക് (ക്രോക്കഡെയിൽ പാർക്ക്).
ചെറുതും വലുതുമായ നിരവധി മുതലകളുടെ സങ്കേതമാണ് ഇവിടം. വെള്ളത്തിലും കരയിലുമായി ഒട്ടേറെ മുതലകൾ. നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നു.
മഹാബലിപുരം
കരിങ്കൽ ശിൽപങ്ങളും പുരാതന ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവുമുള്ള നഗരമാണ് മഹാബലിപുരം. കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ അതിശയിപ്പിക്കുന്ന പട്ടണം കൂടിയാണിവിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യ കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.
മാമല്ലപുരം എന്നും അറിയപ്പെടുന്ന ഇവിടം പല്ലവ രാജാവായിരുന്ന മാമല്ലന്റെ പേരിലാണ് സ്മരിക്കപ്പെടുന്നത്. ആദികാല ദ്രാവിഡ തച്ചുശാസ്ത്രത്തിന്റെ സ്പർശവുമായി പല്ലവ കലയിൽ വിരിഞ്ഞ ദൃശ്യവിസ്മയങ്ങളാണ് ഇവിടെ കാണാനാകുക. ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമിക്കപ്പെട്ടതാണ് ഈ നഗരവും അതിന്റെ കൽ കാഴ്ചകളും എന്നാണ് കണക്കാക്കപ്പെടുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലും ഇടം പിടിച്ചിട്ടുണ്ട് മഹാബലിപുരം. ദേശീയ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങൾ കൂടിയാണ് ഇവ. ചെന്നൈ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്ത്ണ് മഹാബലിപുരം.
ശ്രീപെരുംപുത്തൂർ
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി വെടിയേറ്റു മരിച്ച ശ്രീപെരുംപുത്തൂർ കാണാനും അവസരം ലഭിച്ചു. സ്മാരകമായി ഇവിടം നിലനിർത്തിയിട്ടുണ്ട്. റോഡിനരികെ പച്ചപ്പിൽ പരന്നുകിടക്കുന്ന ഇവിടേക്കും നിരവധി സഞ്ചാരികൾ എത്തുന്നു. രാജീവ് ഗാന്ധിയുടെ സ്തൂപവും അതിനരികെ ഉയരത്തിൽ പറക്കുന്ന ദേശീയ പതാകയും ഏവരെയും ആകർഷിക്കും.




