കോഴിക്കോട്: കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാനുള്ള സമയ പരിധി മൂന്നു മാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ, സെക്രട്ടറി ഇ എസ് ബിജു എന്നിവര്‍ ആവശ്യപ്പെട്ടു. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള കാലാവധി ജൂണ്‍ 30ന് അവസാനിക്കും. കേരളത്തിലെ 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും കെ-സ്മാര്‍ട്ട് സംവിധാനത്തിലാണ് ലൈസന്‍സ് പുതുക്കേണ്ടത്. എന്നാല്‍ സോഫ്റ്റ് വെയര്‍ തകരാറ് കാരണം പലയിടങ്ങളിലും പുതുക്കല്‍ പ്രക്രിയ സമയബന്ധിതമായി നടക്കുന്നില്ല.
വ്യാപാരികള്‍ വാടകക്കെടുത്തിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയയില്‍ പെടുന്ന കെട്ടിടങ്ങളില്‍ പലതും രേഖകളില്‍ റസിഡൻഷ്യല്‍ ബില്‍ഡിംഗുകളാണ്. ഇവ തരം മാറ്റി ക്രമീകരിക്കേണ്ടത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാല്‍ ഇത്തരം ജോലികള്‍ സമയബന്ധിതമായി നടക്കുന്നില്ല. അതുകൊണ്ടു തന്നെ കെ-സ്മാര്‍ട്ട് വഴി ലൈസന്‍സ് പുതുക്കാനുമാവുന്നില്ല.
അതാത് വര്‍ഷത്തെ വാടക എഗ്രിമെന്റും പുതുക്കിയ കെട്ടിട കരാറുമില്ലാതെ ലൈസന്‍സ് പുതുക്കാനാവില്ല എന്ന വ്യവസ്ഥ വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. കെട്ടിട ഉടമ ബില്‍ഡിംഗ് ടാക്‌സ് അടക്കാതിരുന്നാലും പാവപ്പെട്ട വ്യാപാരിക്ക് ലൈസന്‍സ് പുതുക്കി കിട്ടില്ല. ഇത്തരം സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി വ്യപാരി വ്യവസായി സമിതി തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നല്‍കി.

