ഹബീസിയുടെ ‘ഇരട്ടപെറ്റ കഥകൾ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ബീക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ഹബീസിയുടെ കഥാസമാഹാരം ‘ഇരട്ടപെറ്റ കഥകൾ ‘പ്രൊഫസർ കെ  ഇ എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. ആദ്യ പ്രതി ഡോ. മിനി പ്രസാദ് ഏറ്റുവാങ്ങി.
പ്രൊഫ. എൻ പി ഹാഫിസ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
സിദ്ധാർഥൻ പരുത്തിക്കാട്, കുമാരൻ മൂസത് മനേഴി, ഡോ. പി എ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് കൈരളി തിയേറ്റർ ഓഡിറ്റോറിയത്തിലായിരുന്നു പ്രകാശന ചടങ്ങ്.

വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിന്റെ  നേർക്കാഴ്ചയാണ് ഇരട്ട പെറ്റ കഥകൾ എന്ന്  കെ ഇ എൻ കുഞ്ഞഹമ്മദ്  അഭിപ്രായപ്പെട്ടു. ജാതി ചിന്ത അതിശക്തമായി തിരിച്ചുവരുന്ന സാഹചര്യത്തിലാണ് നമ്മളുള്ളത്. പൊതുസമൂഹത്തിൽ ജാതി ചിന്ത അത്രമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു . രാഷ്ട്രീയത്തെ വിമർശിച്ചാലും മതത്തെ വിമർശിച്ചാലും ജാതിയെ വിമർശിക്കാൻ പാടില്ല എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇരട്ടപെറ്റ കഥകളിലെ ഒട്ടുമിക്ക കഥകളും ഈ ജാതി ചിന്തയെ അതി രൂക്ഷമായി പരിഹസിക്കുകയാണ്. പരമ്പരാഗത കഥാസങ്കല്പങ്ങളെ പൊളിച്ചെഴുതി കൊണ്ടുള്ള ഇരട്ടപെറ്റ കഥകൾ മലയാള സാഹിത്യത്തിൽ അടുത്തകാലത്ത് നടന്ന ഏറ്റവും പുതിയ പരീക്ഷണമായി വേണം കാണാൻ. സിനിമയുടെ സ്ക്രിപ്റ്റായും  വാട്സാപ്പ് മെസ്സേജുകളായുമെല്ലാം  കഥ രൂപംമാറുന്നു. ഒരു വായനയല്ല, പല വായന ആവശ്യപ്പെടുന്നവയാണ് ഇരട്ടപെറ്റ കഥകളെന്ന് അദ്ദേഹം  പറഞ്ഞു.

എഴുത്തിന്റെ വഴിയിൽ നൂതന പരീക്ഷണങ്ങൾ നടത്തുന്ന ഹബീസിയെ മലയാള സാഹിത്യം വേണ്ട രീതിയിൽ തിരിച്ചറിയാതെ പോയെന്ന്  എൻ പി ഹാഫിസ് മുഹമ്മദ്‌ ചൂണ്ടിക്കാട്ടി. അദ്ദേഹം വർഷങ്ങൾക്ക് മുൻപെഴുതിയ ‘അസമയം’ ഇംഗ്ലീഷിൽ ഏറെ ശ്രദ്ധനേടിയെങ്കിലും മലയാളത്തിൽ ചർച്ചയായതേയില്ല. എന്നാൽ വർഷങ്ങൾക്കു ശേഷം സമാന പ്രമേയം മറ്റുചിലർ ഉപയോഗപ്പെടുത്തിയപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
ഇരട്ടപെറ്റ കഥകൾ സമൂഹത്തിനു നേരെ തിരിച്ചുവെച്ച ഒരു കണ്ണാടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലത്തോടുള്ള കലഹമാണ് ഇരട്ട പെറ്റ കഥകളെന്ന് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ  സിദ്ധാർത്ഥൻ പരുത്തിക്കാട് വ്യക്തമാക്കി. ഇത്തരം സാഹിത്യസൃഷ്ടികൾ കാലത്തിന്റെ ആവശ്യമാണ്. ഇരട്ട പെറ്റ കഥകളിലൂടെ ഹബീസി അത് ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.

തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ അഭവപ്പെടുന്ന പൊറുതികേടാണ്  സാഹിത്യസൃഷ്ടികളുടെ ഇന്ധനമാക്കി  മാറ്റുന്നതെന്ന് ഹബീസി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. എഴുത്ത് അവനവനോട് തന്നെയുള്ള സമരമാണ്. സത്യം വിളിച്ചുപറയാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള പലവഴികളിലൊന്നാണ്  എഴുത്ത്.സൃഷ്ടി നടത്തുന്നവർ സ്വയം വിചാരണ നടത്താൻ തയാറാവണം.

കുമാരൻ മൂസത് മനേഴി സ്വാഗതവും ഡോ. പി എ അസീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *