മിയാ കവിതാ പ്രക്ഷോഭ നായകൻ അസമീസ് കവി ഡോ. ഹാഫിസ് അഹ്മദ് എംഎൽഎഫിൽ

കോഴിക്കോട്: മിയാ കവിതാപ്രക്ഷോഭത്തിന്‌ തുടക്കം കുറിച്ച പ്രമുഖ അസമീസ് കവി ഡോ. ഹാഫിസ് അഹ്മദ് മലബാർ ലിറ്ററേറേച്ചർ ഫെസ്റ്റിവലിൽ( എംഎൽഎഫ്) വെള്ളിയാഴ്ച സംബന്ധിക്കും. ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന “Miya Poetry: Voices from Assam’s Margins” എന്ന സെഷനിലാണ് ഡോ. ഹാഫിസ് അഹ്മദ് പങ്കെടുക്കുന്നത്. കവി, ലേഖകൻ, വിവർത്തകൻ എന്നീ നിലയിലെല്ലാം അസമീസ് സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഹാഫിസിന്റേതായി 16 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അസമിലെ മിയാ മുസ്ലിംകൾക്കെതിരെയുള്ള വംശീയ വിവേചനത്തിനെതിരെ 2016ൽ രചിച്ച ‘Write down I am Miya’ ( എഴുതിവക്ക്, ഞാൻ മിയാ) എന്ന കവിതയുടെ പേരിൽ എട്ടോളം കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ജാമ്യവ്യവസ്ഥയിൽ കഴിയുന്ന ഹാഫിസ് പാർശ്വവൽക്കരിക്കപ്പെട്ട മിയാ സമുദായത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയാണ്.

1962 ൽ അസമിലെ ബാർപേട്ട ജില്ലയിലെ കപുഹ ഗ്രാമത്തിൽ മിയാ മുസ്ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹം ഔപചാരിക വിദ്യാഭ്യാസകാലത്തുതന്നെ മിയാ മുസ്ലിംകൾക്ക് നേരെയുള്ള വിവേചനത്തിനെതിരെ എഴുതിത്തുടങ്ങിയിരുന്നു. പശ്ചിമബംഗാളിൽ നിന്നും കുടിയേറി താമസിച്ച മുസ്ലിം കുടുംബങ്ങളുടെ പിന്മുറക്കാരാണ് അസമിൽ മിയാ മുസ്ലിംകളെന്നു വിളിക്കപ്പെടുന്നത്. അസമീസ് ഭാഷ സംസാരിക്കാത്ത ഇവർക്കുനേരെ ഭാഷാപരവും മതപരമായും കടുത്ത വിവേചനമാണ് പശ്ചിമ അസമിൽ നിലനിൽക്കുന്നത്. ഇതിനെതിരെ ശബ്ദിച്ചുകൊണ്ടാണ് ഹാഫിസ് 2004ൽ ചാർചപോരി സാഹിത്യ പരിഷത് രൂപീകരിക്കുന്നത്. തുടർന്ന് എഴുത്തിൽ സജീവമായ അദ്ദേഹം മൂന്നുവീതം കവിത,കഥ സമാഹാരങ്ങളും നിരവധി ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രശസ്ത പലസ്തീൻ കവി മഹ്മൂദ് ദർവീഷിന്റെ ഐഡന്റിറ്റി കാർഡ് എന്ന കവിതയുടെ മാതൃകയിൽ 2016ൽ ഹാഫിസ് രചിച്ച ‘എഴുതിവക്ക്, ഞാൻ മിയാ’ എന്ന കവിതയാണ് അസമിൽ മിയാകവിത പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. 2019 ൽ എൻ.ആർ.സി പ്രക്ഷോഭ സമയത്ത് ഈ കവിത ഏറെ പ്രചാരം നേടുകയും ഇതിനു ചുവടുപിടിച്ച് നിരവധി യുവകവികൾ കവിതകളെഴുതുകയും ചെയ്തിരുന്നു. തുടർന്നാണ്, അസമിലെ ജനങ്ങളെ വംശീയവാദികളായി ചിത്രീകരിച്ചു എന്ന കാരണത്തിൽ ഹാഫിസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസ് ഫയൽചെയ്യപ്പെടുന്നത്.
നിലവിൽ അസമിലെ കൃഷ്ണഗുരു സ്പിരിച്വൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഹാഫിസ്.

Leave a Reply

Your email address will not be published. Required fields are marked *