കോഴിക്കോട്: ജില്ലയുടെ കായിക മേഖലയിലെ വികസനചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ജില്ലാ സ്‌പോര്‍ട്‌സ് സമ്മിറ്റ്. ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ കായിക രംഗത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ ചര്‍ച്ചകളാണ് സമ്മിറ്റില്‍ നടന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മിറ്റ് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ആഗോള പങ്കാളിത്തത്തോടെയുള്ള നിക്ഷേപത്തിനും വികസനത്തിനും വഴിയൊരുക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള 2024ന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റ് സംഘടിപ്പിച്ചത്. സ്‌പോര്‍ട്‌സ് നയം, സ്‌പോര്‍ട്‌സ് സമ്പത് വ്യവസ്ഥ എന്നിവയുടെ അവതരണവും ജില്ലയില്‍ നടപ്പാക്കേണ്ട കായിക പദ്ധതികള്‍ സംബന്ധിച്ച് പ്രാഥമിക രൂപരേഖ തയാറാക്കല്‍, ആസൂത്രണം, നിര്‍വഹണം എന്നിവ സംബന്ധിച്ചുള്ള കൂടിയാലോചനയും സമ്മിറ്റില്‍ നടന്നു.
ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ മേധാവികള്‍, വകുപ്പ് മേധാവികള്‍, ദേശീയ അന്തര്‍ദേശീയ കായിക താരങ്ങള്‍, പരിശീലകര്‍, കായിക അസോസിയേഷന്‍ പ്രതിനിധികള്‍, കായികസംരംഭകര്‍, വാണിജ്യ ചേംബര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പരിശീലകര്‍, കായിക എന്‍ആര്‍ഐ സംഘടനാ പ്രതിനിധികള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍, കായിക രംഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ തുടങ്ങിയവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ജില്ലാ സമ്മിറ്റില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അന്താരാഷ്ട്ര സമ്മിറ്റില്‍ അവതരിപ്പിക്കും. ഗോവയില്‍ നടന്ന 37ാമത് നാഷണല്‍ ഗെയിംസില്‍ വിജയികളായ കോഴിക്കോട് ജില്ലയിലെ 15 കായിക താരങ്ങളെ മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.
സമ്മിറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സമ്മിറ്റിനെ അഭിസംബോധന ചെയ്ത് ഓണ്‍ലൈനില്‍ സംസാരിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ത ലിന്റോ ജോസഫ് എംഎൽഎ, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ എ പ്രദീപ് കുമാർ, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, മുന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി പി ദാസന്‍, ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കോ – ഓർഡിനേറ്റര്‍ സെബിന്‍ പൗലോസ്, ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി പ്രപു പ്രേമനാഥ്, വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

